രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനമൊഴിഞ്ഞു
ജയ്പൂർ: പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരില്ലെന്ന ഔദ്യോഗിക സ്ഥിതീകരണവുമായി രാജസ്ഥാൻ റോയൽസ്. തങ്ങളുടെ ഫെയ്‌സ്ബുക്ക് ഹാന്റിലിലൂടെയാണ് ക്ലബിന്റെ ഔദ്യോഗിക പ്രഖ്യാപനം. കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ദ്രാവിഡിന് വലിയ രീതിയിൽ പഴി കേൾക്കേണ്ടി വന്നിരുന്നു.
' മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ ഫ്രാഞ്ചൈസിയുമായുള്ള കരാർ 2026-ഓടെ അവസാനിക്കും. വർഷങ്ങളായി റോയൽസിൻ്റെ യാത്രയിൽ അദ്ദേഹം ഒരു പ്രധാന വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ഒരു തലമുറയിലെ കളിക്കാരെ സ്വാധീനിക്കുകയും, ടീമിനുള്ളിൽ ശക്തമായ മൂല്യങ്ങൾ സ്ഥാപിക്കുകയും, ഫ്രാഞ്ചൈസിയുടെ സംസ്കാരത്തിൽ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാഹുൽ ഫ്രാഞ്ചൈസിക്ക് നൽകിയ മികച്ച സേവനങ്ങൾക്ക് രാജസ്ഥാൻ റോയൽസും, കളിക്കാരും, ലോകമെമ്പാടുമുള്ള ആരാധകരും ഹൃദയപൂർവം നന്ദി അറിയിക്കുന്നു ' ക്ലബ് കുറിപ്പിലൂടെ അറിയിച്ചു.
2024 സെപ്റ്റംബറിലാണ് ദ്രാവിഡ് രാജസ്ഥാൻ പരിശീലകനായി ചുമതലയേൽക്കുന്നത്. കഴിഞ്ഞ വർഷം നാല് മത്സരങ്ങൾ മാത്രം ജയിച്ച രാജസ്ഥാൻ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.