ലഖ്‌നൗവിനെതിരായ അവസാന ഓവർ തോൽവി; ഒത്തുകളി ആരോപണത്തിൽ മറുപടിയുമായി രാജസ്ഥാൻ

നിലവിൽ പോയന്റ് ടേബിളിൽ എട്ടാംസ്ഥാനത്താണ് രാജസ്ഥാൻ

Update: 2025-04-22 15:09 GMT
Editor : Sharafudheen TK | By : Sports Desk

ജയ്പൂർ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലെ ഒത്തുകളി ആരോപണത്തിൽ മറുപടിയുമായി രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റ്. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനിയാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. അവസാന ഓവറിൽ ഒൻപത് റൺസ് വേണ്ടിയിരുന്ന ആർആർ ലഖ്‌നൗവിനെതിരെ രണ്ട് റൺസിന്റെ തോൽവി വഴങ്ങുകയായിരുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നുള്ള ബിജെപി എംഎൽഎ കൂടിയാണ് ജയ്ദീപ് ബിഹാനി.

അതേസമയം, ജയ്ദീപ് ബിഹാനിക്കെതിരെ ശക്തമായ പ്രതികരണവുമായി രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റ് രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാനരഹിതവും യാതൊരു തെളിവുമില്ലാത്തതുമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി, കായിക മന്ത്രി, കായിക സെക്രട്ടറി എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകിയെന്നും ആർആർ പ്രതിനിധികൾ അറിയിച്ചു. രാജസ്ഥാൻ കായിക മേഖലയുടേയും ബിസിസിഐയുടേയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ആരോപണമെന്നും ഇവർ ഉന്നയിച്ചു.

രാജസ്ഥാൻ റോയൽസ് താരങ്ങളും ടീം ഉടമ രാജ് കുന്ദ്രയും മുമ്പും ഒത്തുകളിക്ക് പിടിക്കപ്പെട്ടിട്ടുണ്ടെന്ന് ജയ്ദീപ് ബിഹാനി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.  നിലവിൽ പോയന്റ് ടേബിളിൽ രാജസ്ഥാൻ റോയൽസ് എട്ടാം സ്ഥാനത്താണ്. എട്ട് മാച്ചിൽ രണ്ട് ജയം മാത്രമാണ് നേടാനായത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News