ഭുവി ഉണ്ടായിരിക്കെ ആവേശ് ഖാന് അവസാന ഓവര്‍ കൊടുത്തതെന്തിന്? കാരണം വെളിപ്പെടുത്തി ക്യാപ്റ്റന്‍

ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ പത്ത് റൺസായിരുന്നു വിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത്, ആദ്യ രണ്ട് പന്ത് ബൗണ്ടറി കടത്തി ഡെവൻ തോമസ് വിൻഡീസിന് ആവേശ ജയമൊരുക്കി

Update: 2022-08-02 11:24 GMT
Advertising

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടി20 യിൽ അഞ്ച് വിക്കറ്റിന്‍റെ ആവേശ ജയമാണ് വെസ്റ്റിൻഡീസ് ഇന്നലെ നേടിയത്. മത്സരത്തിൽ നാല് പന്ത് ബാക്കിയിരിക്കെ വെസ്റ്റിൻഡീസ് ലക്ഷ്യം കണ്ടു. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ പത്ത് റൺസായിരുന്നു വിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഡെവൻ തോമസും ഒഡിയൻ സ്മിത്തുമായിരുന്നു ക്രീസിലുണ്ടായിരുന്നത്.

ആവേശിന്‍റെ ആദ്യ പന്ത് നോബോളായി. ഇതിൽ ഒരു റൺ വിൻഡീസ് ബാറ്റർമാർ ഓടിയെടുത്തു. ഫ്രീഹിറ്റായി എത്തിയ അടുത്ത പന്ത് ഡെവൻ തോമസ് സിക്‌സർ പറത്തി. അടുത്ത പന്ത് ബൗണ്ടറി കടത്തി ഡെവൻ  വിൻഡീസിന് ആവേശ ജയമൊരുക്കി.

പരിജയ സമ്പന്നനായ ഭുവനേശ്വർ കുമാർ ഉണ്ടായിരിക്കെ തന്നെ ആവേശ് ഖാന് അവസാനഓവർ നൽകാൻ ഇന്ത്യൻ ക്യാപ്റ്റൻ തീരുമാനിച്ചതാണ് ആരാധകരെ ഞെട്ടിച്ചു കളഞ്ഞത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി ആരാധകർ രംഗത്തെത്തുകയും ചെയ്തു. മത്സരശേഷം ഭുവിക്ക് അവസാന ഓവർ നൽകാതിരുന്നതിന്‍റെ കാരണം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വ്യക്തമാക്കി. 

"ഭുവനേശ്വർ കുമാർ പരിജയസമ്പന്നനാണ്.. അദ്ദേഹം ടീമിനായി എന്ത് ചെയ്യുമെന്ന് നമുക്കറിയാം.. കുറേ വർഷങ്ങളായി അദ്ദേഹം അത് ചെയ്യുന്നുമുണ്ട്. ആവേശ് ഖാനും, അർഷ്ദീപ് സിംഗും ഡെത്ത് ഓവറുകളില്‍ എങ്ങനെ പന്തെറിയുമെന്ന് നമുക്ക് അറിയില്ല. അവർ ഐപിഎല്ലിൽ അത് ചെയ്തിട്ടുണ്ട്. ഇത് ഒരു കളി മാത്രമാണ്. അവർ പരിഭ്രാന്തരാകേണ്ടതില്ല. അവർക്ക് ഇനിയും ഏറെ അവസരങ്ങള്‍ നൽകേണ്ടതുണ്ട്."- രോഹിത് പറഞ്ഞു

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 138 റൺസിന് ഓള്‍ ഔട്ടാവുകയായിരുന്നു. 6 വിക്കറ്റുകൾ വീഴ്ത്തിയ ഇടംകൈയ്യൻ പേസർ ഒബദ് മക്കോയ് ആണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. 52 പന്തിൽ 68 റൺസെടുത്ത ബ്രാണ്ടൻ കിംഗും, 19 പന്തിൽ 31 റൺസെടുത്ത് പുറത്താകാതെ നിന്ന ഡെവൺ തോമസുമാണ് വിന്‍ഡീസിനെ വിജയതീരമണച്ചത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര  (1-1) സമനിലയിലായി. മൂന്നാം ടി20 ഇന്ന് നടക്കും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News