നാണക്കേടിന്റെ മറ്റൊരു റെക്കോർഡിൽ ഹിറ്റ്മാൻ; തുടരുന്ന ഗില്ലാട്ടം

സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനേയും ശ്രീലങ്കയേയും തോൽപ്പിച്ച ഇന്ത്യയാണ് ബംഗ്ലാദേശിന് മുന്നിൽ കാലിടറിയത്

Update: 2023-09-16 13:45 GMT
Editor : abs | By : Web Desk
Advertising

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിന് മുന്നിൽ ഇന്ത്യ അടിയറവ് പറഞ്ഞത് ആറ് റൺസിനായിരുന്നു. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ തോൽവി ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികൾക്കുണ്ടാക്കിയ നിരാശ വലുതാണ്. സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനേയും ശ്രീലങ്കയേയും തോൽപ്പിച്ച ഇന്ത്യയാണ് ബംഗ്ലാദേശിന് മുന്നിൽ കാലിടറിയത്. എന്നാൽ ഇന്ത്യൻ നായകൻ രോഹിത് മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് കൂടി ഈ തോൽവിയോടെ സ്വന്തമാക്കി. ബംഗ്ലാദേശിനെതിരേ കൂടുതൽ മത്സരം തോൽക്കുന്ന ഇന്ത്യൻ നായകനെന്ന നാണക്കേടിലേക്കാണ് രോഹിത് എത്തിയിരിക്കുന്നത്.

ഇത് നാലാം തവണയാണ് രോഹിത്തിന് കീഴിൽ ബംഗ്ലാദേശിനോട് തോൽക്കുന്നത്. ധോണിയുടെ നായകത്വത്തിൽ മൂന്ന് തവണയാണ് ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റത്. രാഹുൽ ദ്രാവിഡും സൗരവ് ഗാംഗുലിയും നായകരായിരുന്നപ്പോള്‍ ഓരോ തവണ  ബംഗ്ലാദേശിന് മുന്നില്‍ വീണിരുന്നു. ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ11 വർഷത്തിന് ശേഷമാണ് ബംഗ്ലാദേശിനോട് ഇന്ത്യ തോൽക്കുന്നത്. അതേസമയം ബാറ്റിലും ഇന്ത്യൻ നായകൻ നിരാശയായിരുന്നു. നേരിട്ട രണ്ടാം പന്തിൽത്തന്നെ രോഹിത് കൂടാരം കയറി. ഏകദിനത്തിലെ താരത്തിന്റെ 14ാം ഡെക്കായിരുന്നു ഇത്.

ഇന്ത്യക്കായി സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മാൻ ഗില്ലും വാലറ്റത്ത് അക്‌സർ പട്ടേലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മറ്റാർക്കും വലിയ സംഭാവനകൾ നൽകാനാവാഞ്ഞതാണ് ഇന്ത്യയുടെ തോൽവിക്ക് ആക്കംകൂട്ടിയത്. ശുഭ്മാൻ ഗിൽ 133 പന്തിൽ 121 റൺസെടുത്തു. അക്‌സർ പട്ടേൽ 42 റൺസെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുറഹ്‌മാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ തൻസീം ഹസനും മെഹ്ദി ഹസനുമാണ് ഇന്ത്യയിൽ നിന്ന് ജയം പിടിച്ചുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റിന് 265 റൺസ് നേടിയപ്പോൾ മറുപടിക്കിറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 259 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. അഞ്ച് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങിയത്. ഇതും തിരിച്ചടിയായി.

കില്ലാടി 'ഗിൽ'

ബംഗ്ലാദേശിനെതിരെ 133 പന്ത് നേരിട്ട് 121 റൺസാണ് ശുഭ്മൻ ഗിൽ നേടിയത്. ഇതിൽ എട്ട് ഫോറും അഞ്ച് സിക്സും ഉൾപ്പെടും. 90.97 സ്ട്രൈക്ക് റേറ്റിലാണ് താരം തകർത്തടിച്ചത്. ഈ വർഷം ഗിൽ നേടുന്ന ആറാമത്തെ സെഞ്ച്വറിയാണിത്. ഈ മത്സരത്തിലൂടെ ഹാഷിം അംല, ബാബർ ആസം എന്നിവരുടെ വമ്പൻ റെക്കോഡിനെ മറികടക്കാനും ഗില്ലിനായി. 32 ഏകദിന ഇന്നിങ്സിന് ശേഷം കൂടുതൽ റൺസെന്ന റെക്കോഡിൽ തലപ്പത്തേക്കെത്തിയിരിക്കുകയാണ് താരം. 1712 റൺസാണ് ഗിൽ നേടിയത്. 1650 റൺസ് നേടിയ ഹാഷിം അംലയെയാണ് മറികടന്നത്. ബാബർ ആസം 1558 റൺസാണ് അടിച്ചെടുത്തത്.

ഏഷ്യകപ്പ് കാലശപ്പോര് നാളെ, മഴ മുടക്കുമോ?

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും പോരാട്ടത്തിനിറങ്ങുന്നത് നാളെയാണ് സെപ്തംപർ 17 കൊളെബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ഇപ്രാവശ്യം ടൂർണമെന്റിലെ നിരവധി മത്സരങ്ങളിൽ മഴ വില്ലനായി എത്തി. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ- പാക് മത്സരത്തിൽ മഴ വില്ലനായി എത്തിയത് ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. പക്ഷേ റിസർവ് ദിനത്തിലേക്ക് മാറ്റിവെച്ച മത്സരത്തിൽ ഇന്ത്യ പാകിസ്താനെതിരെ നേടിയത് വമ്പൻ വിജയമായിരുന്നു. ഫൈനൽ പോരാട്ടത്തിൽ മഴ വീണ്ടും വില്ലനാവുമെന്നാണ് കാലാവസ്ഥാ പ്രവചനം

കാലവസ്ഥാ പ്രവചനമനുസരിച്ച് നാളെയും മഴയുണ്ടാവുമെന്നാണ് റിപ്പോർട്ട്. വൈകീട്ട് മൂന്നിനാണ് മത്സരം ആരംഭിക്കുക. മത്സരം തുടങ്ങുന്ന സമയത്ത് മഴയുണ്ടാവുമെന്നാണ് പ്രവചനം. വൈകുന്നേരം മഴ പെയ്യാനുള്ള സാധ്യത അമ്പത് ശതമാനമാണ്. കനത്ത കാറ്റും ഉണ്ടായേക്കാം. ഇടക്കിടെ മഴ തടസ്സപ്പെടുത്തിയാൽ മത്സരത്തിന്റെ ഓവർ കുറക്കാനുള്ള സാധ്യതയുണ്ട്. പ്രേമദാസ സ്റ്റേഡിയത്തിലെ താപനില 24 മുതൽ 28 ഡിഗ്രി വരെ ആയിരിക്കും

ഫൈനൽ പോരാട്ടം മഴ മൂലം നടക്കാതെ വന്നാൽ അടുത്ത ദിവസത്തേക്ക് മത്സരം മാറ്റിവെയ്ക്കും. നിർത്തിയിടത്ത് നിന്ന് തന്നെയായിരിക്കും മത്സരം പുനരാരംഭിക്കുക. അന്നും മഴ മുടക്കിയാൽ അതായത് മറ്റന്നാളും 20 ഓവർ മത്സരമെങ്കിലും പൂർത്തിയാക്കാനായില്ലെങ്കിൽ ഇരു ടീമുകളെയും സംയുക്ത ചാമ്പ്യൻമാരായി പ്രഖ്യാപിക്കും. റിസർവ് ദിനമായ തിങ്കളാഴ്ചയും കൊളംബോയിൽ മഴ പെയ്യാനുള്ള സാധ്യത 80 ശതമനമാണെന്നാണ് പ്രവചനം.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News