'അടിപൊളി ശ്രീജേഷ്, നിങ്ങളുടെ സമർപ്പണം സമാനതകളില്ലാത്തത്'; ശ്രീജേഷിനെ അഭിനന്ദിച്ച് സച്ചിൻ

ഗ്രേറ്റ് ബ്രിട്ടനെതിരായ മത്സരത്തിലെ ശ്രീജേഷിന്റെ സേവുകളെ സച്ചിൻ പ്രത്യേകം പരാമർശിക്കുകയും ചെയ്തു.

Update: 2024-08-08 18:25 GMT
Editor : Sharafudheen TK | By : Sports Desk

മുംബൈ: വെങ്കലമെഡലുമായി ഹോക്കിയോട് വിടപറയുന്ന മലയാളി താരം പി.ആർ ശ്രീജേഷിന് ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. സമൂഹ മാധ്യമങ്ങളിലൂടെയാണ് സച്ചിൻ ശ്രീജേഷിനെ അഭിനന്ദിച്ചത്. ''അടിപൊളി ശ്രീജേഷ്... വർഷങ്ങളായി നിങ്ങൾ പൂർണ ഹൃദയത്തോടെ ഗോൾപോസ്റ്റിന് മുന്നിൽ നിലകൊണ്ടു. ഹോക്കിയോടുള്ള നിങ്ങളുടെ സമർപ്പണവും പ്രതിബദ്ധതയും ആവേശവും  സമാനതകളില്ലാത്തതാണ്. ഈ ഒളിമ്പിക്‌സിൽ ഗ്രേറ്റ് ബ്രിട്ടനെതിരായ മത്സരം എങ്ങനെ മറക്കാനാകും. 10 പേരുമായി നമ്മൾ 42 മിനിറ്റ് കളിച്ചു. നിങ്ങളുടെ പ്രകടനം ഗംഭീരമായിരുന്നു. നിങ്ങളുടെ സാന്നിധ്യം ഇന്ത്യൻ ഹോക്കിയ്ക്ക് വലിയ നേട്ടമാണുണ്ടാക്കിയത്. ത്യാഗങ്ങൾക്ക് നന്ദി. നിങ്ങളുടെ ജീവിതത്തിന്റെയും കരിയറിന്റെയും രണ്ടാം പകുതിക്ക് ആശംസകൾ നേരുന്നു''- സോഷ്യൽ മീഡിയയിൽ സച്ചിൻ ടെണ്ടുൽക്കർ കുറിച്ചു.

Advertising
Advertising

ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ സ്‌പെയിനെ തോൽപിച്ചാണ് ഇന്ത്യ വെങ്കല മെഡൽ നിലനിർത്തിയത്. നായകൻ ഹർമൻപ്രീത് സിങ്ങാണ് രണ്ടു ഗോളുകളും നേടിയത്. കഴിഞ്ഞ തവണ ടോക്യോയിൽ നടന്ന ഒളിമ്പിക്സിലും ഇന്ത്യ വെങ്കലമണിഞ്ഞിരുന്നു.  പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ നാലാം മെഡലാണിത്. ഒളിമ്പിക് ഹോക്കി ചരിത്രത്തിലെ മൂന്നാം വെങ്കലവും. ഇതു 13-ാം തവണയാണ് ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത്. അവസാന മിനിറ്റിലുൾപ്പെടെ ഉജ്ജ്വല സേവുമായി ശ്രീജേഷ് ഒരിക്കൽകൂടി ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയിരുന്നു. തുടർച്ചയായി രണ്ട് ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരവുമായി ശ്രീജേഷ് മാറി.18 വർഷം നീണ്ട ഹോക്കി കരിയറിന് വിരാമമിട്ട മലയാളി താരത്തെ സഹതാരങ്ങൾ മനോഹര യാത്രയയപ്പാണ് നൽകിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News