തുടർച്ചയായി മൂന്നാം തവണയും പുറത്ത്; ആർച്ചർക്ക് മുന്നിൽ കവാത്ത് മറക്കുന്ന സഞ്ജു
ജോഫ്ര ആർച്ചർ പന്തെറിയുന്നു. സഞ്ജു ബാക്ക് ഫൂട്ടിലിറങ്ങി ഉയർത്തിയടിക്കുന്നു. പുറത്താകുന്നു. റിപ്പീറ്റ്..ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ സഞ്ജുവിന്റെ മൂന്ന് പുറത്താകലുകളും സമാനരൂപത്തിലുള്ളതാണ്.
ഈഡൻ ഗാർഡനിൽ നന്നായിത്തുടങ്ങിയ ശേഷം ഗസ് ആറ്റ്കിൻസണ് പിടികൊടുത്ത് പുറത്തായി. ചെന്നൈയിൽ അഞ്ചുറൺസിൽ നിൽക്കെ ബ്രൈഡൻ കാർസിന് പിടികൊടുത്തു. ഇക്കുറി രാജ്കോട്ടിൽ ക്യാച്ച് പിടിച്ചത് ആദിൽ റഷീദാണെന്ന വ്യത്യാസം മാത്രം. മൂന്ന് തവണയും പുറത്തായത് സഞ്ജുവിന്റെ മുൻ രാജസ്ഥാൻ റോയൽസ് സഹതാരം ജോഫ്ര ആർച്ചറുടെ പന്തുകളിൽ.
ആദ്യ രണ്ട് മത്സരങ്ങളിലും ആർച്ചർക്ക് മുന്നിൽ പരാജയപ്പെട്ടതിന് പിന്നാലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ ഒരുക്കിയ സിമന്റ് പിച്ചിൽ സഞ്ജു പരിശീലനം നടത്തിയിരുന്നു. പ്ലാസ്റ്റിക് പന്തുകൊണ്ട് പുൾഷോട്ടുകളും ഹുക്ക് ഷോട്ടുകളും സഞ്ജു പരിശീലിച്ചു. പുതുതായി നിയമിച്ച ഇന്ത്യൻ ബാറ്റിങ് കോച്ച് സീതാൻഷു കോട്ടക്കിനൊപ്പം താരം 45 മിനിറ്റോളം ഇതേ രീതിയിൽ ട്രെയിൻ ചെയ്തു. പക്ഷേ മാറ്റമൊന്നുമുണ്ടായില്ല, രാജ് കോട്ടിലും ആർച്ചറുടെ ഷോർട്ട പിച്ച് പന്തിന് മുന്നിൽ വീണു.
മൂന്നാം മത്സരത്തിലും സമാന രീതിയിൽ പുറത്തായത് സഞ്ജുവിനെ വല്ലാതെ ഫ്രസ്റ്റേഷനിലാക്കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ തുടർന്നുള്ള രോഷപ്രടനത്തിൽ വ്യക്തമായിരുന്നു. ഹസരങ്ക, മാർക്കോ യാൻസൻ എന്നിവരെപ്പോലെ സഞ്ജുവിന്റെ വീക്ക്നെസ് എക്സ്പോസ് ചെയ്യുകയാണ് ജോഫ്ര ആർച്ചറും. രണ്ടുമത്സരങ്ങളിൽ പരാജയപ്പെട്ടതിന് പിന്നാലെ ആകാശ് ചോപ്രയടക്കമുള്ളവർ സഞ്ജുവിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇപ്പോൾ ആ വിമർശനം ഒന്നുകൂടി കനക്കുമെന്ന് ഉറപ്പാണ്.
എന്നാൽ അങ്ങനെ ഷോർട്ട് പിച്ച് പന്തുകൾ കളിക്കാനാകാത്ത ആളൊന്നുമല്ല സഞ്ജു. പോയ ഐപിഎല്ലിൽ ഷോർട്ട് പിച്ച് പന്തുകളിൽ മികച്ച സ്ട്രൈക്ക് റേറ്റുള്ളവരുടെ സ്റ്റാറ്റ്സ് ആണിത്. ഈ ലിസ്റ്റിൽ ഒന്നാമതുള്ളത് ഇതേ സഞ്ജുവാണ്.
മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സൺ അടക്കമുള്ളവരും ഇതേ വാദക്കാരനാണ്. പീറ്റേഴ്സൺ സഞ്ജുവിനെക്കുറിച്ച് പറഞ്ഞതിനെ ‘‘ അവൻ ഷോർട്ട് ബോൾ നന്നായി കളിക്കും. ഒരു ബാറ്ററെന്ന നിലയിൽ അവനെ എനിക്കിഷ്ടമാണ്. മൂന്നുതവണ പരാജയപ്പെട്ടെന്ന് കരുതി അവനെ ഞാൻ ചോദ്യം ചെയ്യുന്നില്ല. പോയ സൗത്താഫ്രിക്കൻ സീരീസിൽ അവൻ ചെയ്തത് നാം കണ്ടതാണ്. ഷോട്ടുകൾ കളിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഫ്രീ േഫ്ലാവിങ് ബാറ്റാണ് അദ്ദേഹം. ആറുമാസമൊക്കെ തുടർച്ചയായി പരാജയപ്പെട്ടാൽ മാത്രമേ അവന്റെ ടെക്നിക്കിനെ ഞാൻ ചോദ്യം ചെയ്യു. സഞ്ജു വരും മത്സരങ്ങളിൽ സ്കോർ ചെയ്യുക തന്നെ ചെയ്യും’’ -പീറ്റേഴ്സൺ പറഞ്ഞു.
എന്നാൽ അമ്പാട്ടി റായുഡു അടക്കമുള്ളവർ സഞ്ജുവിന്റെ ടെക്നിക്കിനെ വിമർശിക്കുന്നു. സഞ്ജു ടെക്നിക്ക് മെച്ചപ്പെടുത്താൻ പണിയെടുക്കണം. ലെഗ് സൈഡിലേക്ക് നീങ്ങിയിട്ട് പുൾഷോട്ട് കളിക്കാനാകില്ലെന്നും റായുഡു പറഞ്ഞു. എന്തായാലും തന്റെ തെറ്റുകൾ തിരുത്തി തിരിച്ചുവരാൻ സഞ്ജുവിനാകട്ടെ എന്ന് പ്രതീക്ഷിക്കാം.