സഞ്ജുവിന് അവസരം ലഭിക്കാതെ പോവില്ല: ഗാംഗുലി

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് ഗാംഗുലിയുടെ പ്രതികരണം

Update: 2022-09-28 11:19 GMT

തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ടി 20 മത്സരം നടക്കാനിരിക്കെ ആരാധകരൊക്കെ ആവേശത്തിന്‍റെ പരകോടിയിലാണ്. മലയാളക്കരയിലേക്ക് ക്രിക്കറ്റ് വസന്തം ഒരിക്കൽ കൂടി വിരുന്നെത്തുമ്പോൾ മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ ടീമിലിടം പിടിക്കാത്തതിന്‍റെ നിരാശ കൂടിയുണ്ട് ആരാധകർക്ക്. ഈ നിരാശ ആരാധകർ പരസ്യമായി പ്രകടിപ്പിക്കുന്നുമുണ്ട്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് ചുറ്റും തടിച്ചു കൂടിയ ആരാധകർ സഞ്ജുവിനായി ആർപ്പു വിളിക്കുന്ന  കാഴ്ചകള്‍ കാണാനാവും. ഈ കാഴ്ച ഇന്ന് സ്റ്റേഡിയത്തിനകത്തും കാണുമെന്നുറപ്പാണ്. 

Advertising
Advertising

ഇപ്പോളിതാ സഞ്ജുവിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. സഞ്ജു സാംസൺ മികച്ച താരമെന്ന്  ഗാംഗുലി പറഞ്ഞു.  സഞ്ജുവിന് അവസരങ്ങൾ ലഭിക്കാതെ പോകില്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് കെസിഎ ഓഫീസ്  സന്ദർശിച്ചക്കവെയാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്. 

 ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ്  ഗാംഗുലിയുടെ പ്രതികരണം .  ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്‍റി-20 മത്സരം കാണാൻ താനും എത്തുമെന്ന്  സഞ്ജു സാംസൺ ഇന്ന് പ്രതികരികരിച്ചിരുന്നു. ആരാധകരുടെ പിന്തുണയിൽ സന്തോഷമുണ്ടെന്നും സഞ്ജു മാധ്യമങ്ങളോടു പറഞ്ഞു.

നാട്ടുകാരുടെ വൈകാരികമായ പിന്തുണ, തന്നെയും എപ്പോഴും ഇമോഷണല്‍ ആക്കുന്ന കാര്യമാണ്. പിന്തുണ നല്‍കുന്ന നാട്ടുകാരെ സന്തോഷിപ്പിക്കാനായി അവര്‍ക്കു വേണ്ടി നല്ലൊരു മാച്ച് കളിക്കാനും കളിക്കുന്ന മാച്ചുകളില്‍ നന്നായി പ്രകടനം കാഴ്ച വയ്ക്കാനും സാധിക്കട്ടെയെന്നാണ് പ്രാര്‍ഥനയെന്നും സഞ്ജു പ്രതികരിച്ചു.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി ഏഴു മണി മുതലാണ് മത്സരം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം മണ്ണിൽ ആദ്യ പരമ്പര നേട്ടം ലക്ഷ്യം വയ്ക്കുന്ന ഇന്ത്യൻ ടീമിന് ഊർജം പകരുന്നതാണ് കാര്യവട്ടവും കാണികളും. ആസ്ത്രേലിയക്കെതിരായ പരമ്പര നേട്ടത്തിന്‍റെ തുടർച്ചയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News