കിടിലൻ ഫോമിൽ ഷമി;ഇത് സെലക്ടർമാർക്കുള്ള മറുപടി
ഈ വർഷം മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് ഷമി അവസാനമായി ദേശീയ കുപ്പായത്തിൽ കളത്തിൽ ഇറങ്ങിയത്.
കൊൽക്കത്ത: രഞ്ജി ട്രോഫിയിലെ രണ്ടു മത്സരങ്ങളിലായുള്ള മികച്ച പ്രകടനത്തിൽ മുഹമ്മദ് ഷമി ഡബിൾ ഹാപ്പിയാണ്. ടീമിനായി നല്ല പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നത് മനസിന് സന്തോഷം നൽകുന്ന കാര്യമാണ് എന്നാണ് താരം പറയുന്നത്.
ഈ രഞ്ജിട്രോഫി സീസണിൽ രണ്ട് മത്സരങ്ങളിൽ നിന്നായി 15 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതിൽ ഗുജറാത്തിനെതിരെ ഒരു ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേടി കരിയറിലെ 13-ാം അഞ്ചു വിക്കറ്റ് നേട്ടം താരം നേടിയത്. ഷമിയുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ 144 റൺസിന് ഗുജറാത്തിനെ ബംഗാൾ കീഴടക്കി. ഇത് ബംഗാളിന്റെ തുടർച്ചയായ രണ്ടാം ജയമാണ്. ഉത്തരാഖണ്ഡിനെതിരെ താരം നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
ഈ വർഷം മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് ഷമി അവസാനമായി ദേശീയ കുപ്പായത്തിൽ കളത്തിൽ ഇറങ്ങിയത്. അതിനു ശേഷം നടന്ന ഇംഗ്ലണ്ടിനും വെസ്റ്റിൻഡീസിനും എതിരായ ടെസ്റ്റ് പരമ്പരയിലോ ഏഷ്യാ കപ്പിലോ താരത്തിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇംഗ്ലണ്ടിനെതിരായുള്ള ടീമിൽ ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് ചീഫ് സെലക്ടർ അഗാർക്കർ പറഞ്ഞ മറുപടി ആഭ്യന്തര സീസൺ തുടങ്ങിയതേയുള്ളു താരത്തിന്റെ കായികക്ഷമതക്ക് അനുസരിച്ചിരിക്കും സെലക്ഷൻ എന്നാണ്. താരത്തിനെ ദേശീയടീമിൽ നിന്ന് മാറ്റി നിർത്തിയ സെലക്ടർമാർക്കുള്ള മറുപടി കൂടിയാണിത്.