"ഉംറാന്‍ എന്‍റെ റെക്കോര്‍ഡ് തകര്‍ക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു"-ശുഐബ് അക്തര്‍

2003 ക്രിക്കറ്റ് ലോകകപ്പിൽ 161.3 കിലോമീറ്റർ വേഗതയിൽ അക്തർ എറിഞ്ഞ പന്താണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ പന്ത്

Update: 2022-05-17 11:48 GMT
Advertising

ഐ.പി.എല്ലിൽ  ഇതിനോടകം തന്നെ വേഗതയുടെ പര്യായമായിക്കഴിഞ്ഞ സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ പുത്തൻ താരോദയം ഉംറാൻ മാലികിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ബൗളർ ശുഐബ് അക്തർ. 2003 ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 161.3 കിലോമീറ്റർ വേഗതയിൽ അക്തർ എറിഞ്ഞ പന്താണ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ പന്ത്. ഉംറാൻ തന്‍റെ റെക്കോർഡ് തകർത്താൽ താൻ ഏറെ സന്തോഷവാനായിരിക്കുമെന്ന് അക്തർ പറഞ്ഞു. സ്‌പോർട്‌സ് കീഡക്ക് നൽകിയ അഭിമുഖത്തിലാണ് അക്തർ മനസ്സു തുറന്നത്.

"ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്തിന് 20 വയസ്സ് തികഞ്ഞു എന്നോർമപ്പെടുത്തി ഈയടുത്തിടെ ആരോ എന്നെ അഭിനന്ദിച്ചു. ഇത് വരെ ആ റെക്കോർഡ് ആർക്കും തകർക്കാനായിട്ടില്ല. പക്ഷെ എനിക്കുറപ്പിച്ച് പറയാനാവും ഒരാൾ ആ റെക്കോർഡ് തകർക്കും. ഇന്ത്യൻ യുവതാരം ഉംറാൻ മാലിക് എന്റെ റെക്കോർഡ് തകർത്താൽ ഞാൻ ഏറെ സന്തോഷവാനായിരിക്കും. പക്ഷെ അദ്ദേഹം പരിക്കിന് പിടികൊടുക്കരുത്. പരിക്കുകളൊന്നുമില്ലാതൈ ഒരുപാട് കാലം അവൻ കളിക്കുന്നത് കാണാൻ ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു"- അക്തർ പറഞ്ഞു..

സമകാലിക ക്രിക്കറ്റിൽ 150 കിലോമീറ്റർ   വേഗതയിൽ പന്തെറിയുന്ന താരങ്ങൾ വിരളമാണെന്നും എന്നാൽ ഉംറാന് തുടർച്ചയായി ഇത്രയും വേഗതയിൽ പന്തെറിയാൻ കഴിയുന്നത് ശുഭസൂചകമാണെന്നും അക്തർ പറഞ്ഞു. ലോക ക്രിക്കറ്റിലെ വലിയ വേദികളിൽ ഉംറാനെ കാണാൻ കഴിയട്ടെ എന്നും അക്തർ കൂട്ടിച്ചേർത്തു.

ഐ.പി.എല്ലില്‍ ഈ സീസണില്‍ മികച്ച ഫോമിലാണ് ഉംറാന്‍ പന്തെറിയുന്നത്. കളിച്ച 11 മത്സരങ്ങളില്‍ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഉംറാന്‍ ഇതിനോടകം 11 ലക്ഷം രൂപ സമ്മാനത്തുകയായി സ്വന്തമാക്കി കഴിഞ്ഞു. കൂടുതൽ വിക്കറ്റ് നേടുന്ന പർപിൾ ക്യാപ് ജേതാവിന് ലഭിക്കുക പത്ത് ലക്ഷം മാത്രമാണ്.

ഡൽഹിക്കെതിരായ മത്സരത്തിൽ 157 കിലോമീറ്റർ വേഗതയിലാണ് ഉംറാൻ പന്തെറിഞ്ഞത്.ഐ.പി.എൽ ചരിത്രത്തിൽ ഷോൺ ടൈറ്റ് മാത്രമാണ് ഉംറാനെക്കാൾ വേഗത്തിൽ പന്തെറിഞ്ഞിട്ടുള്ളത്. 157.71 കിലോമീറ്ററാണ് 2011ൽ ടൈറ്റ് രാജസ്ഥാൻ ജേഴ്സിയില്‍ എറിഞ്ഞത്.

ഈ സീസണിൽ പത്ത് തവണയിൽ അധികം 150 കിലോമീറ്റർ പിന്നിട്ട ഉംറാൻ വൈകാതെ തന്നെ ടൈറ്റിന്‍റെ വേഗതയെ മറികടക്കുമെന്നാണ് കരുതുന്നത്. വിഖ്യാത സൗത്താഫ്രിക്കൻ പേസർ ഡെയിൽ സ്റ്റെയിനാണ് ഹൈദരാബാദിന്‍റെ ബൗളിങ് പരിശീലകൻ. സ്റ്റെയിന്റെ ശിക്ഷണവും ഉംറാന് ഗുണം ചെയ്യുന്നുണ്ട്. ഈ സീസണിൽ 15 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരുടെ കൂട്ടത്തില്‍ പന്ത്രണ്ടാം സ്ഥാനത്താണിപ്പോള്‍ ഉംറാന്‍.

Summary: Shoaib Akhtar Will be Happy if Umran Malik Breaks His Fastest Delivery Record

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News