ഷുഹൈബ് മാലികിന്റെ വിവാഹേതര ബന്ധം സാനിയയെ പ്രയാസപ്പെടുത്തി; വെളിപ്പെടുത്തലുമായി സഹോദരി

തങ്ങളുടെ കുടുംബത്തിൽ നിന്ന് ആരും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ലെന്ന് സഹോദരി പറഞ്ഞതായി പാകിസ്താൻ ഡെയിലി റിപ്പോർട്ട് ചെയ്തു.

Update: 2024-01-21 08:46 GMT
Editor : Sharafudheen TK | By : Web Desk

കറാച്ചി: പാക് നടിയും മോഡലുമായ സന ജാവേദുമായുള്ള പാകിസ്താൻ ക്രിക്കറ്റർ ഷുഹൈബ് മാലികിന്റെ വിവാഹത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി മാലികിന്റെ സഹോദരി രംഗത്ത്. തങ്ങളുടെ കുടുംബത്തിൽ നിന്ന് ആരും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ലെന്ന് സഹോദരി പറഞ്ഞതായി പാകിസ്താൻ ഡെയിലി റിപ്പോർട്ട് ചെയ്തു. ഷുഹൈബ് മാലികിന്റെ വിവാഹേതര ബന്ധത്തിൽ സാനിയ മിർസ വലിയ രീതിയിൽ പ്രയാസമനുഭവിച്ചിരുന്നതായും ഇവർ വ്യക്തമാക്കി.

ഷുഹൈബ് മാലികിന്റെ വിവാഹവുമായി ബന്ധപ്പെട്ട് സാനിയയുടെ കുടുംബം സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയിരുന്നു. വിവാഹ മോചനം കഴിഞ്ഞിട്ട് മാസങ്ങളായെന്നും വിഷയത്തിൽ വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും സ്വകാര്യത മാനിക്കണമെന്നും സാനിയ ആവശ്യപ്പെട്ടു. ഷുഹൈബ് മാലിക്കിന് ആശംസകൾ നേരുന്നുവെന്നും പ്രതികരിച്ചു.

Advertising
Advertising

ഇന്നലെയാണ് സന ജാവേദുമായുള്ള വിവാഹ ചിത്രം ഷുഹൈബ് മാലിക് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതോടെയാണ് സാനിയയുമായി മാലിക് വിവാഹ മോചനം തേടിയെന്ന സ്ഥിരീകണമുണ്ടായത്. സാനിയയുടെ പിതാവ് ഇമ്രാൻ മിർസ സംഭവത്തിൽ വിശദീകരണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. വിവാഹ മോചനത്തിന് മുൻകൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്ലിം സ്ത്രീകൾക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള 'ഖുൽഅ' പ്രകാരമാണ് സാനിയ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാഹ മോചന സൂചന നൽകി കഴിഞ്ഞ ദിവസം സാനിയ മിർസ ഇൻസ്റ്റഗ്രാമിൽ സ്‌റ്റോറിയിട്ടിരുന്നു. 'വിവാഹവും വിവാഹ മോചനവും കഠിനമാണ്. ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാൽ നമുക്ക് ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാം. വിവേകത്തോടെ തെരഞ്ഞെടുക്കൂ. ഇതായിരുന്നു സാനിയയുടെ കുറിപ്പ്. 2010 ലാണ് സാനിയയുടേയും ഷുഹൈബ് മാലികിന്റേയും വിവാഹം. 2022ലാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായത്. ആദ്യഘട്ടത്തിൽ ഇരുവരും വാർത്ത നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് 20 വർഷം നീണ്ട ടെന്നീസ് കരിയർ സാനിയ മിർസ അവസാനിപ്പിച്ചത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News