ബാറ്റിങിലെ മെല്ലെപ്പോക്ക്; മുഹമ്മദ് റിസ്വാനെ ബാറ്റിംഗിനിടെ തിരികെ വിളിച്ചു
ബിബിഎല്ലിൽ റിട്ടയേഡ് ഔട്ടാകുന്ന ആദ്യത്തെ ഓവർസീസ് താരമാണ് റിസ്വാൻ
മെൽബൺ: ബിഗ്ബാഷ് ലീഗിൽ മെൽബൺ റെനെഗേഡ്‌സും സിഡ്‌നി തണ്ടറും തമ്മിൽ നടന്ന മത്സരത്തിൽ റിട്ടയേർഡ് ഔട്ടായി പാകിസ്താൻ താരം മുഹമ്മദ് റിസ്വാൻ. റെനഗേഡ്സിനായി കളിച്ചിരുന്ന താരം റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെയാണ് തിരികെ വിളിച്ചത്. മത്സരം 18 ഓവർ പിന്നിടുമ്പോൾ റിസ്വാൻ 23 പന്തിൽ 26 റൺസ് മാത്രമാണ് അടിച്ചത്.
ബിബിഎല്ലിൽ റിട്ടയേഡ് ഔട്ടാകുന്ന ആദ്യത്തെ ഓവർസീസ് താരമാണ് റിസ്വാൻ. റെനഗേഡ്സ് ക്യാപ്റ്റൻ വിൽ സതർലാന്റാണ് റിസ്വാന് പകരം കളത്തിലിറങ്ങിയത്. റിസ്വാൻ കളം വിടുമ്പോൾ റെനഗേഡ്സ് 18 ഓവറിൽ നിന്ന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് നേടിയിരുന്നത്. ബാക്കി രണ്ട് ഓവറിൽ നിന്ന് 16 റൺസ് മാത്രമാണ് അടിച്ചെടുക്കാൻ സാധിച്ചത്. മഴ മൂലം 140 ആയി വിജയ ലക്ഷ്യം പുനർ നിർണയിച്ചിരുന്നു. മത്സരത്തിൽ നാല് വിക്കറ്റിന് സിഡ്നി തണ്ടർ വിജയിച്ചു.
ബിഗ്ബാഷ് ലീഗിൽ മോശം ഫോമിലാണ് റിസ്വാൻ. കളിച്ച എട്ട് മത്സരങ്ങളിൽ നിന്ന് വെറും 100 സ്ട്രൈക്ക് റേറ്റിൽ 167 റൺസാണ് താരത്തിന് നേടാൻ സാധിച്ചിട്ടുള്ളത്.