ഇന്ത്യയെ എറിഞ്ഞിട്ട് പ്രോട്ടീസ് ; ആദ്യ ടെസ്റ്റിൽ 30 റൺസിന്റെ ജയം
ഈഡൻ ഗാർഡൻസ് : ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ എറിഞ്ഞിട്ട് പ്രോട്ടീസ്. രണ്ടാം ഇന്നിങ്സിൽ 123 റൺസ് ചേസ് ചെയ്തിറങ്ങിയ ഇന്ത്യ 93 റൺസിന് പുറത്തായി. 31 നേടിയ വാഷിംഗ്ടൺ സുന്ദറാണ് ഇന്നിങ്സിലെ ഇന്ത്യയുടെ ടോപ് സ്‌കോറർ. പ്രോട്ടീസിനായി സൈമൺ ഹാർമർ നാലും മാർകോ ജാൻസൻ, കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക എയ്ഡൻ മാർക്രമിന്റെ 31 റൺസ് ബലത്തിൽ 159 റൺസ് അടിച്ചെടുത്തു. ഇന്ത്യക്കായി ആദ്യ ഇന്നിങ്സിൽ ജസ്പ്രീത് ബുംറ അഞ്ചും മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ രണ്ടും വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, റിഷബ് പന്ത് എന്നിവരുടെ കരുത്തിൽ ഇന്ത്യ 30 റൺ ലീഡ് നേടി. മൂന്ന് പന്തിൽ നാല് റൺസ് എടുത്ത് നിൽക്കവേ നായകൻ ശുഭ്മൻ ഗിൽ റിട്ടയേർഡ് ഹർട്ടായി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. സൈമൺ ഹാർമർ നാലും മാർകോ ജാൻസൻ മൂന്ന് വിക്കറ്റും നേടി.
നായകൻ ടെംബ ബാവുമയുടെ അർധ സെഞ്ച്വറി മികവിലാണ് പ്രോട്ടീസ് രണ്ടാം ഇന്നിങ്സിൽ 153 റൺസ് അടിച്ചെടുക്കുന്നത്. 136 പന്ത് നേരിട്ട ബാവുമ നാല് ബൗണ്ടറി ഉൾപ്പടെ 55 റൺസ് നേടി പുറത്താവാതെ നിന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും മുഹമ്മദ് സിറാജ് , കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റും നേടി. ബുമ്രയും അക്‌സർ പട്ടേലും ഓരോ വിക്കറ്റും നേടി.
ജയത്തോടെ രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ ദക്ഷിണാഫ്രിക്ക ലീഡ് നേടി. നവംബർ 22 മുതൽ 26 വരെ ഗുവഹാത്തിയിലാണ് രണ്ടാം ടെസ്റ്റ്.