'സ്‌ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ല': പ്രതികരണവുമായി ലോകേഷ് രാഹുൽ

മോശം ഫോമിന്റെ പേരിൽ നേരത്തെ രാഹുലിനെ ടെസ്റ്റ് ഉപനായകസ്ഥാനത്ത് നിന്നും മാറ്റിയിരുന്നു

Update: 2023-03-07 14:38 GMT
Editor : rishad | By : Web Desk

ലോകേഷ് രാഹുല്‍

Advertising

ലക്‌നൗ: ലോകേഷ്  രാഹുലിനെ പുറത്താക്കൂ, പുറത്താക്കൂ എന്ന മുറവിളികളായിരുന്നു ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റിലെ മൂന്നാം മത്സരം തുടങ്ങുന്നതിന് മുമ്പ് വരെ. മൂന്നാം ടെസ്റ്റിൽ താരത്തെ തഴഞ്ഞതോടെ സോഷ്യൽ മീഡിയയിലെ അലയൊലികൾ അടങ്ങി. മോശം ഫോമിന്റെ പേരിൽ നേരത്തെ രാഹുലിനെ ടെസ്റ്റ് ഉപനായകസ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. താരത്തിന്റെ പതിയെയുള്ള ഇന്നിങ്സിനും വിമര്‍ശകരേറെയാണ്. 

ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്കൊക്കെ മറുപടിയുമായി രാഹുല്‍ എത്തിയിരിക്കുന്നു.  സ്ട്രൈക്ക് റേറ്റിൽ കാര്യമില്ലെന്നാണ് രാഹുല്‍ പറയുന്നത്. വിജയലക്ഷ്യം പരിഗണിച്ചാണ് ബാറ്റ് ചെയ്യേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി. 2023 സീസണിലേക്കുള്ള ലക്നൗവിൻ്റെ ജേഴ്സി അവതരണ ചടങ്ങിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ നായകനാണ് രാഹുല്‍. 

"സ്ട്രൈക്ക് റേറ്റിലൊന്നും വലിയ കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്. വിജയലക്ഷ്യം പരിഗണിച്ചാണ് ഇക്കാര്യം നേക്കേണ്ടത്. 140 റൺസ് പിന്തുടരുമ്പോഴും 200 റൺസ് പിന്തുടരുമ്പോഴും ഒരേ സ്ട്രൈക്ക് റേറ്റിൻ്റെ ആവശ്യമില്ല. സാഹചര്യം പരിഗണിച്ചാണ് അത് തീരുമാനിക്കേണ്ടത്."- കെഎൽ രാഹുൽ പറഞ്ഞു. ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ മെന്ററായ ഗൗതം ഗംഭീറും ജേഴ്സി ലോഞ്ച് ചടങ്ങിൽ പങ്കെടുത്തിരുന്നു. രാഹുലിനെപ്പോലെ 'സ്ഥിരതയുള്ള' ക്യാപ്റ്റനെ ലഭിച്ചത് ടീമിന്റെ ഭാഗ്യമാണെന്നും ഗംഭീർ പറഞ്ഞു.

കളിയുടെ മൂന്ന് ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നതിൽ  പരാജയപ്പെട്ടതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ ടീമിലെ രാഹുലിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. അതേസമയം ഐ.പി.എല്ലിൽ ബാറ്റിംഗിൽ രാഹുലിന് തകർപ്പൻ റെക്കോർഡാണുള്ളത്. ടി20 ലീഗിൽ 109 മത്സരങ്ങളിൽ നിന്ന് 48.01 ശരാശരിയിലും 136.22 സ്‌ട്രൈക്ക് റേറ്റിലും 3889 റൺസാണ് ഓപ്പണറായി ഇറങ്ങുന്ന രാഹുല്‍ നേടിയത്. ഐപിഎല്ലിൽ ബാറ്റിംഗിൽ സ്ഥിരതയാർന്ന പ്രകടനമാണ് രാഹുലിനുള്ളതെങ്കിലും, ഇതുവരെ കളിച്ച നാല് ഫ്രാഞ്ചൈസികൾക്കൊപ്പവും ടി20 ട്രോഫി ഉയർത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News