‘‘വിക്കറ്റ് കീപ്പറുടെ കാര്യത്തിൽ ഒരു ചോദ്യവുമില്ല; അത് സഞ്ജു തന്നെ’’ -സൂര്യകുമാർ യാദവ്
കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരക്ക് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ സഞ്ജു സാംസണ് പിന്തുണയുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മാധ്യമങ്ങൾക്ക് മുന്നിലാണ് സൂര്യകുമാർ വിക്കറ്റ് കീപ്പർ സ്ളോട്ടിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.
‘‘വിക്കറ്റ് കീപ്പറെക്കുറിച്ച് ഒരു ക്വസ്റ്റ്യൻ മാർക്കിന്റെ ആവശ്യമില്ല. പോയ ഏഴെട്ട് മത്സരങ്ങളായി സഞ്ജു ഗംഭീരമായി കാര്യങ്ങൾ ചെയ്യുന്നു. അദ്ദേഹത്തിന്റെ കഴിവ് നമുക്ക് കാണിച്ചുതന്നു’’
‘‘ഇതാണ് നമുക്ക് കളിക്കാരിൽ നിന്നും വേണ്ടത്. അവസരം കിട്ടിയപ്പോൾ സഞ്ജു അത് കൃത്യമായി ഉപയോഗിച്ചു. അവനെക്കുറിച്ചോർക്കുമ്പോൾ സന്തോഷമുണ്ട്’’ -സൂര്യകുമാർ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
2024ൽ ഇന്ത്യക്കായി ട്വന്റി 20യിൽ സഞ്ജു മികച്ച ഫോമിലാണ് ബാറ്റേന്തിയിരുന്നത്. മൂന്ന് സെഞ്ച്വറികളടക്കം 436 റൺസ് സഞ്ജു നേടിയിരുന്നു. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ സഞ്ജു മികച്ച രീതിയിലാണ് ബാറ്റേന്തിയിരുന്നത്.
ജനുവരി 22ന് കൊൽക്കത്ത ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിലാണ് ആദ്യ ട്വന്റി 20 മത്സരം. ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പറായി ടീമിൽ സ്ഥാനം പിടിച്ച മറ്റൊരു താരം.