'വേഗത്തില്‍ പന്തെറിയുന്ന സ്പിന്നറോ' ? ; സെലക്ടറെ 'കൊട്ടി' ചഹല്‍

മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ ട്വിറ്റര്‍ സന്ദേശത്തിലാണ് ചഹല്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്

Update: 2021-09-18 11:14 GMT
Editor : Dibin Gopan | By : Web Desk
Advertising

ഒക്ടോബറില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാതെ പോയ പ്രമുഖ താരങ്ങളില്‍ ഒരാളാണ് യുസ്‌വേന്ദ്ര ചഹല്‍. ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന ചഹലിന് പകരക്കാരനായി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിയത് രാഹുല്‍ ചഹാറായിരുന്നു.

ചഹലിന്റെ പേരു പരിഗണനയില്‍ ഉണ്ടായിരുന്നെന്നും കുറച്ചുകൂടി വേഗത്തില്‍ പന്തെറിയുന്ന, പിച്ചില്‍നിന്നു വേഗം ആര്‍ജിക്കാനാകുന്ന താരത്തെയായിരുന്നു ആവശ്യം. അതുകൊണ്ടാണ് രാഹുല്‍ ചാഹറിന് അവസരം നല്‍കിയതെന്ന് ഇന്ത്യന്‍ ചീഫ് സിലക്ടര്‍ ചേതന്‍ ശര്‍മ പ്രതികരിച്ചിരുന്നു. നിരവധി മുന്‍ താരങ്ങള്‍ ചഹലിനെ ടീമില്‍ ഉള്‍പ്പെടുത്താതിന് വിമര്‍ശനവുമായി രംഗത്തെത്തിയതിന്പിറകെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ചേതന്‍ ശര്‍മയുടെ പരാമര്‍ശത്തോട് പരോക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ് ചഹല്‍. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ ട്വിറ്റര്‍ സന്ദേശത്തിലാണ് ചഹല്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

'ഐപിഎല്ലിലെ ആദ്യ 30 മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ ടീമുകള്‍ ഈ മാതൃകകള്‍ പിന്തുടുരണമെന്നു തോന്നുന്നു. ടോസ് നേടിയാല്‍ ആദ്യം ബാറ്റു ചെയ്യുക, മീഡിയം പേസര്‍മാര്‍ക്കു പകരം പേസ് ബൗളര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തുക, പവര്‍പ്ലേ ഓവറുകളില്‍ ശ്രദ്ധയോടെ ബാറ്റു ചെയ്യുക, കൂടുതല്‍ വേഗത്തില്‍ പന്തെറിയുന്ന സ്പിന്നര്‍മാര്‍ക്കു വിക്കറ്റ് ലഭിക്കാന്‍ സാധ്യത കൂടുതലാണ്' - ചോപ്ര ട്വിറ്ററില്‍ കുറിച്ചു. ഇതിനു തമാശ രൂപേണ ചഹല്‍ നല്‍കിയ മറുപടി, ' വേഗത്തില്‍ പന്തെറിയുന്ന സ്പിന്നറോ' എന്നായിരുന്നു.

അതേസമയം, 2021 ഐപിഎല്ലിന്റെ ആദ്യഘട്ടത്തില്‍ ചഹലിനു മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. 7 കളികളില്‍ നിന്ന് 4 വിക്കറ്റ് മാത്രമാണ് ചഹല്‍ നേടിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News