'ആദ്യ ഐപിഎല്ലിന് ശേഷം പേശികൾക്ക് ഗുരുതര രോഗം ബാധിച്ചു'; മോശം കാലം ഓർത്തെടുത്ത് തിലക് വർമ

മുംബൈ ഇന്ത്യൻസ് ഉടമ ആകാശ് അംബാനിയുടെ ഇടപെടലിനെ കുറിച്ചും ഇന്ത്യൻ താരം വ്യക്തമാക്കി

Update: 2025-10-23 17:45 GMT
Editor : Sharafudheen TK | By : Sports Desk

ന്യൂഡൽഹി: പരിക്കിന്റെ പിടിയിലായ ആദ്യ ഐപിഎല്ലിന് ശേഷമുള്ള മോശം കാലഘട്ടം ഓർത്തെടുത്ത് ഇന്ത്യൻ താരം തിലക് വർമ. പേശികൾക്ക് ഗുരുതര രോഗം ബാധിച്ച് പ്രയാസം നേരിട്ട സമയത്തെ കുറിച്ചാണ് 22 കാരൻ ഗൗരവ് കപൂറുമായുള്ള അഭിമുഖത്തിൽ  വ്യക്തമാക്കിയത്. 'ഇതേ കുറിച്ച് ഞാൻ ആരോടും തുറന്നു പറഞ്ഞിട്ടില്ല. ആദ്യ ഐപിഎല്ലിന് ശേഷം എനിക്ക്  ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. പേശികൾക്ക് തകരാറ് സംഭവിക്കുന്ന രോഗമാണെന്ന് പരിശോധനയിൽ കണ്ടെത്തി. എന്നാൽ ടെസ്റ്റ് ടീമിൽ കളിക്കാനുള്ള ആഗ്രഹത്തിൽ ആ സമയത്ത് ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ് പോയത്. വിശ്രമമില്ലാതെ  ജിമ്മിൽ വർക്കൗട്ട് ചെയ്തു.

Advertising
Advertising

 ഫിറ്റ്‌നസ് നിലനിർത്തുകയെന്നത് മാത്രമായിരുന്നു അപ്പോൾ മനസിൽ. വിശ്രമദിവസങ്ങളിൽ പോലും അമിതമായി അദ്ധ്വാനിച്ചു. ഇതോടെ എന്റെ പേശികളുടെ അവസ്ഥ മോശമായി. കൈ അനക്കാൻ പോലും പറ്റാത്ത സ്ഥിതിയുണ്ടായി. എന്റെ ആരോഗ്യ വിവരം  അറിഞ്ഞയുടനെ മുംബൈ ഇന്ത്യൻസ് ഉടമ ആകാശ് അംബാനി വിഷയത്തിൽ ഇടപെടുകയുണ്ടായി. അംബാനി ഇക്കാര്യം ജയ് ഷായെ അറിയിച്ചു. തുടർന്ന് ബിസിസിഐ ഇടപെട്ടാണ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്'- അഭിമുഖത്തിൽ തിലക് പറഞ്ഞു. കുറച്ച് മണിക്കൂറുകൾ വൈകിയിരുന്നെങ്കിൽ വലിയ ദുരന്തത്തിലേക്ക് നീങ്ങുമായിരുന്നതായി ഡോക്ടർമാർ പറഞ്ഞതായി തിലക് വർമ കൂട്ടിചേർത്തു.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലൂടെ വരവറിയിച്ച ഹൈദരാബാദുകാരൻ പിന്നീട് ഇന്ത്യൻ ടി20 ടീമിലെ പ്രധാന താരമായി മാറുകയായിരുന്നു. കഴിഞ്ഞ ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്താനെതിരെ ഇന്ത്യയുടെ വിജയ ശിൽപ്പിയായ താരം നിലവിൽ ആസ്‌ത്രേലിയൻ പര്യടനത്തിനുള്ള തയാറെടുപ്പിലാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News