അണ്ടർ19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി;അന്വേഷണം പ്രഖ്യാപിച്ച് ബിസിസിഐ
പരിശീലകൻ ഹൃഷികേശ് കനിത്കറുമായും ക്യാപ്റ്റൻ ആയുഷ് മാത്രയുമായും ചർച്ച നടത്താൻ ബിസിസിഐ
മുംബൈ: അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനു നേരെ അന്വേഷണം പ്രഖ്യാപിച്ച് ബിസിസിഐ. തിങ്കളാഴ്ച്ച നടന്ന അപെക്സ് കൗൺസിൽ മീറ്റിംഗിലാണ് അന്വേഷണം വേണമെന്ന് തീരുമാനിച്ചത്.
ഫൈനലിൽ പാകിസ്താനോടുള്ള 191 റൺസ് തോൽവിക്ക് പിന്നാലെ ടീമ മാനേജർ സലിൽ ദത്തയോട് ബിസിസിഐ റിപ്പോർട്ട് തേടിയിരുന്നു. കൂടാതെ പരിശീലകൻ ഹൃഷികേശ് കനിത്കറുമായും ക്യാപ്റ്റൻ ആയുഷ് മാത്രയുമായും ചർച്ച നടത്തുന്നതിനും ബിസിസിഐ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വാാർത്തകൾ.
മത്സരത്തിനിടെ ഇരു ടീമിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. പാകിസ്താൻ മെന്റർ സർഫറാസ് അഹമ്മദ് ഇന്ത്യൻ ടീമിനെതിരെ സംസാരിച്ചത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
2026 ജനുവരി ഫെബ്രുവരിയിലായി നടക്കാനിരിക്കുന്ന അണ്ടർ 19 ലോകകപ്പിന് മുന്നോടിയായി ടീമിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ബിസിസിഐയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.ടീമിന്റെ പ്രകടനം, പരിശീലകന്റെയും ക്യാപ്റ്റന്റെയും റിപ്പോർട്ടുകൾ, കളിക്കാരുടെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി, ലോകകപ്പിന് മുമ്പ് ശക്തമായ ഒരു ടീമിനെ സജ്ജമാക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.
പാകിസ്താനെതിരെ നടന്ന ഫൈനലിലെ ബാറ്റിംഗ് തകർച്ചയാണ് ഇന്ത്യക്ക് വിനയായത്. 348 റൺസ് ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യ 156 റൺസിന് പുറത്താവുകയായിരുന്നു.