'യാഷ്, തലയുയർത്തി നിൽക്കൂ, നിങ്ങളൊരു ചാമ്പ്യനാണ്': ചേർത്ത് പിടിച്ച് കൊൽക്കത്ത

യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് സിക്‌സറുകള്‍ പായിച്ചാണ് അസാധ്യമെന്ന് തോന്നിച്ച വിജയലക്ഷ്യം കൊല്‍ക്കത്ത മറികടന്നത്.

Update: 2023-04-10 05:59 GMT
Editor : rishad | By : Web Desk

യാഷ് ദയാല്‍

Advertising

അഹമ്മാബാദ്: റിങ്കുസിങിന്റെ വെടിക്കെട്ട് ബാറ്റിങില്‍ മുറിവേറ്റ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബൗളര്‍ യാഷ് ദയാലിനെ ചേര്‍ത്ത് പിടിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് സിക്‌സറുകള്‍ പായിച്ചാണ് അസാധ്യമെന്ന് തോന്നിച്ച വിജയലക്ഷ്യം കൊല്‍ക്കത്ത മറികടന്നത്. മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

അതിലേറെ റണ്‍സ് എടുത്തായിരുന്നു കൊല്‍ക്കത്തയുടെ പ്രതികാരം. എന്നാല്‍ റിങ്കു സിങിന്റെ പ്രഹരമേറ്റ യാഷ് ദയാലിനെ ചേര്‍ത്തുപിടിക്കുകയാണ് കൊല്‍ക്കത്ത. 'തലയുയര്‍ത്തു, ഇതൊരു മോശം ദിവസം മാത്രം, ക്രിക്കറ്റിലെ പല സൂപ്പര്‍ താരങ്ങള്‍ക്കും ഇതിന് മുമ്പ് ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. നിങ്ങളൊരു ചാമ്പ്യനാണ്. നിങ്ങള്‍ ശക്തമായി തിരിച്ചുവരും': എന്നാണ് കെ.കെ.ആര്‍ കുറിച്ചത്.  സാധാരണ കളിക്കളത്തിൽ മാജിക് സൃഷ്ടിക്കുന്ന ബാറ്റർമാരെയാണ് എല്ലാവരും ആഘോഷിക്കാറ്. എന്നാൽ വേദനയറിഞ്ഞ എതിരാളിയെ ചേർത്തുപിടിക്കുകയാണ് കെ.കെ.ആർ.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നിനാണ് റിങ്കു കഴിഞ്ഞ മത്സരത്തില്‍ തിരക്കഥയെഴുതിയത്. വെറും 21 പന്തിൽ ആറ് സിക്സും ഒരു ഫോറും ഉൾപ്പെടെ 48* റൺസാണ് അടിച്ചെടുത്തത്. റിങ്കു മിന്നല്‍ ബാറ്റിങുമായി തരംഗമായപ്പോള്‍ മറുവശത്ത്, അവസാന ഓവറിൽ 29 റൺസ് പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട ദയാൽ നിരാശനായി കാണപ്പെട്ടു. കളി അവസാനിച്ചയുടനെ സഹതാരങ്ങളിൽ ചിലർ അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. പിന്നാലെയാണ് ആശ്വാസവാക്കുകളുമായി കെ.കെ.ആര്‍ എത്തുന്നത്. 

ഐ‌.പി‌.എൽ ചരിത്രത്തിലെ ഏറ്റവും മോശം സ്പെല്ലാണ് യാഷ് ദയാല്‍ ഇന്നലെ എറിഞ്ഞത്. നാല് ഓവറിൽ 17.25 എന്ന എക്കോണമി റേറ്റിൽ 69 റൺസാണ് ദയാല്‍ വിട്ടുകൊടുത്തത്. 2018ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (ആർ.സിബി) സൺറൈസേഴ്‌സ് ഹൈദരാബാദിനായി (എസ്.ആര്‍.എച്ച്) കളിക്കുമ്പോൾ 70 റൺസ് വിട്ടുകൊടുത്ത ബേസിൽ തമ്പിയാണ് മുന്നില്‍. കഴിഞ്ഞ സീസണിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകളാണ് യാഷ് ദയാല്‍ വീഴ്ത്തിയത്. യാഷ് ദയാലിനെ ഗുജറാത്ത് ടൈറ്റന്‍സ് നിലനിർത്തുകയായിരുന്നു. 2023 സീസണിൽ നിരാശാജനകമായ തുടക്കമാണ് 25 കാരനായ താരത്തിന് ലഭിച്ചത്, ആദ്യ മൂന്ന് മത്സരങ്ങളിൽ താരത്തിന് വിക്കറ്റ് വീഴ്ത്താനായിട്ടില്ല.  




Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News