ഐപിഎൽ ഇന്ത്യയുടെ ടാലന്റ് ഫാക്ടറി; ഇവർ 18ാം സീസണിലെ താരോദയങ്ങൾ

ഐപിഎല്ലിൽ ഇന്ത്യൻ താരത്തിന്റെ അതിവേഗ സെഞ്ച്വറിയാണ് കളിച്ച മൂന്നാം മത്സരത്തിൽ വൈഭവ് സ്വന്തമാക്കിയത്.

Update: 2025-04-29 12:44 GMT
Editor : Sharafudheen TK | By : Sports Desk

  'അവനെപ്പോലെയുള്ള ബൗളർമാരെ പാകിസ്താനിലെ ഏത് തെരുവിൽ തിരഞ്ഞാലും നിങ്ങൾക്ക് കാണാനാവും'. ഇന്ത്യൻ ക്രിക്കറ്റിലെ  കൗമാര താരോദയം ഇർഫാൻ പഠാനെ കുറിച്ച്  മുൻപൊരിക്കൽ മുൻ പാകിസ്താൻ താരവും പരിശീലകനുമായ ജാവേദ് മിയാൻദാദ്  പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാൽ അധികം വൈകാതെ പാക് മണ്ണിൽ തന്റെ പ്രതിഭാസ്പര്ർശം കാണിച്ചാണ്  ബറോഡക്കാരൻ മിയാൻദാദിനുള്ള മറുപടി നൽകിയത്.  2006ലെ പാകിസ്താൻ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ പേസ് ആക്രമണ ദൗത്യം ഏറ്റെടുത്ത  ഇടംകൈയ്യൻ, സൽമാൻ ഭട്ട്, മുഹമ്മദ് യൂസുഫ്, യൂനുസ് ഖാൻ തുടങ്ങി അക്കാലത്തെ പാക് ഐക്കണുകളെ ഓരോരുത്തരെയായി കൂടാരം കയറ്റി ഹാട്രിക് കുറിച്ചു. ആദ്യ ഓവർ പൂർത്തിയാകുമ്പോൾ കറാച്ചി നാഷണൽ സ്റ്റേഡിയത്തിലെ വലിയ സ്‌കോർബോർഡിൽ അപ്പോൾ തെളിഞ്ഞ ദൃശ്യം ഇന്നും ഇന്ത്യൻ ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ടാകും. റൺസെഴുതുന്ന സ്ഥാനത്തൊരു വട്ടപൂജ്യം. വിക്കറ്റിന്റെ സ്ഥാനത്ത് മൂന്ന്. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ഓവറിൽ ഹാട്രിക് സ്വന്തമാക്കുന്ന താരമെന്ന നേട്ടം അന്ന് യങ് ഇർഫാനെ തേടിയെത്തി. നിങ്ങളുടെ തെരുവിൽ തിരഞ്ഞാൽ ഇർഫാൻ പഠാനെ പോലെയൊരാളെ ലഭിക്കില്ല. അങ്ങനെയൊരാളെയുള്ളൂ.... ആ ഒരൊറ്റ മത്സരംകൊണ്ട് പാകിസ്താനോട് ഇന്ത്യ പറയാതെ പറഞ്ഞത് വച്ചത് ഇതായിരുന്നു.

Advertising
Advertising



  അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഇർഫാനെപോലെ ഒട്ടേറെ അത്ഭുത ബാലൻമാർ എക്കാലവും ഇന്ത്യൻ മണ്ണിൽ നിന്ന് ഉദിച്ചുയർന്നിട്ടുണ്ട്. മുംബൈയിലെ തെരുവുകളിലും, ബെംഗളൂരുവിലെ നഗരത്തിരക്കുകളിലും യുപിയിലെ ഗ്രാമങ്ങളിൽ നിന്നുമെല്ലാം ക്രിക്കറ്റിൻറെ വാനലോകത്തേക്ക് ചുവടുവെച്ച പ്രതിഭകൾ. 2008ൽ ഇന്ത്യൻ പ്രീമിയർലീഗിന്റെ ആവിർഭാഗത്തോടെ അതിന് വേഗവും വർധിച്ചു. ഫിയർലെസ് ബാറ്റിങിലൂടെ  വിസ്മയിപ്പിച്ചവർ. അതിവേഗ പേസുമായി ലോകക്രിക്കറ്റിലെ വമ്പൻമാരുടെ കുറ്റിതെറിപ്പിച്ച അൺക്യാപ്ഡ് താരങ്ങൾ... വിരലുകളിലെ മാജിക് കൊണ്ട് എതിരാളികളെ കറക്കിവീഴ്ത്തുന്നവർ...ഇങ്ങനെയങ്ങനെ ഐപിഎല്ലിലൂടെ ക്രിക്കറ്റ് ലോകത്തേക്ക് നടന്ന് കയറിയ കൗമാര വിസ്മയങ്ങൾ ഏറെ . ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വൈഭവ് സൂര്യവംശിയെന്ന 14 കാരൻ. ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് യൂണിറ്റുള്ള ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ബീഹാറുകാരൻ ഇന്നലെ സർവസംഹാരിയായി ബാറ്റുവീശിയത്.




 ''യുവതാരങ്ങളുടെ ടാലന്റ് ഫാട്കറിയാണ് ഐപിഎൽ. അവർക്ക് അവരുടെ പ്രതിഭയെ അടയാളപ്പെടുത്താനുള്ള അവസരം. സീനിയർ കളിക്കാരിൽ നിന്ന് കൂടുതൽ പഠിച്ചെടുക്കാൻ ലീഗ് അവസരമൊരുക്കുന്നു'' രാജസ്ഥാൻ റോയൽസിനെതിരായ മത്സര ശേഷം ഗുജറാത്ത് ടൈറ്റൻസ് താരം ജോസ് ബട്ലർ പറഞ്ഞ് വച്ചത് ഇങ്ങനെയായിരുന്നു. അതൊരു കൃത്യമായ നിരീക്ഷണമാണെന്ന് കഴിഞ്ഞ 18 വർഷത്തെ ഐപിഎൽ എഡിഷനുകളിലെ കണക്കുകൾ വ്യക്തമാക്കുന്നു. പാതിപിന്നിട്ട ഈ സീസൺ എടുത്ത് നോക്കൂ. പ്രതിഭാസ്പർശം വൈഭവിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് തെളിയിക്കുന്ന ഒരുപിടി താരങ്ങൾ ഈ സീസണിൻറെ കണ്ടെത്തലായുണ്ട് മൈതാനങ്ങളിൽ. പ്രിയാൻഷ് ആര്യയെന്ന പഞ്ചാബ് കിങ്സിന്റെ 24 കാരനാണ് ഈ സീസണിൽ ആരാധകരെ അത്ഭുതപ്പെടുത്തിയവരിൽ പ്രധാനി. ഇതുവരെ ഒൻപത് മാച്ചുകളിൽ നിന്നായി 323 റൺസാണ് ഈ ഇടംകൈയ്യൻ ഓപ്പണർ അടിച്ചുകൂട്ടിയത്. ഒരു സെഞ്ച്വറിയും അർധ സെഞ്ച്വറിയും ആ ബാറ്റിൽ നിന്ന് പിറന്നു. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 39 പന്തിൽ നേടിയ ശതകം, ഐപിഎൽ ചരിത്രത്തിലെ അതിവേഗ സെഞ്ച്വറികളുടെ പട്ടികയിലാണ് ഇടംപിടിച്ചത്.



 സിഎസ്‌കെക്കെതിരായ മത്സരത്തിൽ മുൻനിര ബാറ്റർമാരുടെ വിക്കറ്റ് വീണ് തകർച്ച നേരിട്ട പഞ്ചാബിനെ ഒറ്റക്ക് തോളിലേറ്റി മികച്ച ടോട്ടലിലെത്തിച്ചതും ഈ ഡൽഹിക്കാരനായിരുന്നു. പവർപ്ലെ ഓവറുകളിൽ പ്രഭ്സിമ്രാനുമായി ചേർന്ന് പ്രിയാൻഷ് ആര്യ നടത്തിയ പല കാമിയോ ഇന്നിങ്സുകളും ഈ സീസണിൽ പഞ്ചാബിന്റെ വിജയകുതിപ്പിന് ഇന്ധനമേകി. ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ് തുടങ്ങി ടീമിലെ സീനിയർ വിസ്ഫോടന ബാറ്റർമാർ നിറംമങ്ങുമ്പോഴാണ് ഈ 24 കാരൻ പലമാച്ചുകളുടേയും ഗതിമാറ്റിയത്.

ലഭിച്ച രണ്ട് അവസരങ്ങളിലും ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത് ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ ആയുഷ് മാത്രെയും ഫ്യൂച്ചർ താരമാണ് താനെന്നതിനുള്ള സൂചന നൽകി കഴിഞ്ഞു. നായകൻ ഋതുരാജ് ഗെയിക്വാദ് പരിക്കേറ്റ് പുറത്തായതോടെയാണ് സബ്സ്റ്റിറ്റിയൂട്ടായി ഈ മുംബൈക്കാരൻ സിഎസ്‌കെക്കൊപ്പം ചേർന്നത്. സീസൺ പാതിവഴി പിന്നിട്ടെങ്കിലും ലഭിച്ച അവസരങ്ങളിൽ 17 കാരൻ മൈതാനത്ത് തൻറെ പ്രതിഭയെ അടയാളപ്പെടുത്തി. പവർപ്ലെ ഓവറുകളിലെ ഫിയർലെസ് ബാറ്റിങ് ഈ കൗമാരക്കാരനെ ശ്രദ്ധേയനാക്കി. പവർപ്ലെയിലെ ചെന്നൈയുടെ മെല്ലെപ്പോക്കിന് അറുതിവന്നതും ആയുഷിൻറെ വരവോടെയായിരുന്നു. പ്രഥമ ഐപിഎൽ കളിക്കുന്ന ആയുഷ് ഇതുവരെ രണ്ട് മത്സരങ്ങളിൽ നിന്നായി 62 റൺസാണ് നേടിയത്. സീസണിൽ ഇനി ചെന്നൈക്ക് സാധ്യതകളില്ലെങ്കിലും വരും വർഷങ്ങളിൽ മഞ്ഞപ്പടയുടെ പ്രധാന ബാറ്റിങ് ഓപ്ഷനായി മാത്രെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.



  ലോക ക്രിക്കറ്റിലെ വൻ തോക്കുകൾ അണിനിരന്ന സൺറൈസേഴ്സ് ഹൈദരാബാദ് നിരയിൽ, ഇത്തവണ അറ്റാക്കിങ് ക്രിക്കറ്റിലൂടെ കൈയ്യടി നേടിയത്  23 കാരൻ പയ്യനായിരുന്നു. ഉത്തർപ്രദേശുകാരൻ അനികേത് വർമ. ഇഷാൻ കിഷനും ഹെൻട്രിച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയുമടക്കമുള്ളവർ നിരാശപ്പെടുത്തിയപ്പോൾ ടീമിനെ പലപ്പോഴും താങ്ങിനിർത്തുന്ന ഇന്നിങ്സുകൾ കാഴ്ചവെച്ചത് ഈ വലംകൈയ്യൻ ബാറ്ററാണ്. ഡൽഹിക്യാപിറ്റൻസിനെതിരെ മുൻനിര തകർന്ന് എസ്ആർഎച്ച് വൻ തകർച്ച നേരിട്ടപ്പോൾ 41 പന്തിൽ 74 റൺസുമായി ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് അനികേതായിരുന്നു. ഇതുവരെ 9 മാച്ചിൽ നിന്നായി 190 റൺസാണ് സമ്പാദ്യം. മധ്യനിരയിലും ഫിനിഷറുടെ റോളിലും വിശ്വസിച്ചിറക്കാവുന്ന താരമാണ് താനെന്ന് ഇതിനകം അനികേത് തെളിയിച്ചു കഴിഞ്ഞു.



 ബാറ്റർമാരുടെ സ്വപ്ന ഭൂമിയായ ഐപിഎല്ലിൽ, അത്ഭുത ബൗളിങിലൂടെ വരവറിയിച്ച ചില യങ് ബൗളിങ് ടാലന്റുകളും ഉണ്ടായിട്ടുണ്ട്. അതിലെ പ്രധാനിയാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ദിഗ്‌വേഷ് റാത്തി. സുനിൽ നരെയ്നെ ആരാധകാനപാത്രമായി കാണുന്ന 25 കാരൻ ഇതുവരെ ഐപിഎല്ലിൽ 10 വിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു. പവർപ്ലെയിലും മധ്യഓവറിലും വേണ്ടിവന്നാൽ ഡെത്ത് ഓവറിലും എൽഎസ്ജി നായകൻ ഋഷഭ് പന്തിന്റെ തുറുപ്പുചീട്ടാണ് ഈ ഡൽഹിക്കാരൻ അൺക്യാപ്ഡ് പ്ലെയർ. 30 ലക്ഷത്തിന് ലഖ്നൗ സ്വന്തമാക്കിയ ഈ വലംകൈയ്യൻ മിസ്ട്രി സ്പിന്നർ സമീപ ഭാവിയിൽ ദേശീയ ടീമിലേക്കും എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനാമാൻ ബൗളിങിലൂടെ മുംബൈ ഇന്ത്യൻസിൽ അത്ഭുതപ്പെടുത്തിയ മലയാളി താരം വിഘ്നേഷ് പുത്തൂർ, ഡൽഹി ക്യാപിറ്റൽസ് ഓൾറൗണ്ടർ വിപ്രജ് നിഗം, ചെന്നൈ സൂപ്പർ കിങ്സിന്റെ 24 കാരൻ പേസർ അൻഷുൽ കംബോജ്, ഓപ്പണർ ഷെയ്ഖ് റഷീദ്, ഹൈദരാബാദ് സ്പിന്നർ സീഷൻ അൻസാരി.... 18ാം എഡിഷനിലെ കണ്ടെത്തലുകളായി മാറിയ താരങ്ങളുടെ പട്ടികയങ്ങനെ നീളുകയാണ്.



   2013 സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ മുംബൈ ഇന്ത്യൻസ് സ്‌കൗട്ടിങ് ടീം കണ്ടെത്തിയ പയ്യനെ ഇന്ന് ലോകമറിയും. വൺആൻഡ് ഒൺലി ജസ്പ്രീത് ബുംറ. പിന്നെയും അനേകം പേർ വിവിധ ഫ്രാഞ്ചൈസികളുടെ കണ്ടെത്തലായി ഇന്ത്യൻ പ്രീമിയർലീഗിൽ നിറഞ്ഞാടി. അവരെയെല്ലാം പിന്നീട് ഇന്ത്യൻ ജഴ്സിയിലും ആരാധകർ കണ്ടു. സമീപകാലത്തായി ട്വന്റി 20 ക്രിക്കറ്റിലടക്കം ഇന്ത്യ നടത്തിവരുന്ന അപരാജിത കുപ്പിനു പിന്നിലൊക്കെ ഈ യങ് ടാലന്റുകളാണ്. ആഭ്യന്തര ക്രിക്കറ്റിലെ അത്ഭുത ബാലൻമാരെ തേടി ഫ്രാഞ്ചസി സ്‌കൗട്ടിങ് ടീമുകളുടെ യാത്ര തുടരും.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News