അഞ്ചു വര്‍ഷത്തെ പ്രണയം; ക്രിക്കറ്റ് താരങ്ങളായ കാതറിൻ ബ്രണ്ടും നതാലി സ്കീവറും വിവാഹിതരായി

കമന്‍റേറ്ററും മുൻ ഇംഗ്ലണ്ട് താരവുമായ ഇസ ഗുഹയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ഇക്കാര്യം പുറത്തുവിട്ടത്

Update: 2022-05-30 14:02 GMT
Editor : Jaisy Thomas | By : Web Desk

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറിൻ ബ്രണ്ടിനും നതാലി സ്കീവറിനും പ്രണയ സാഫല്യം. കഴിഞ്ഞ ദിവസം നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്. കമന്‍റേറ്ററും മുൻ ഇംഗ്ലണ്ട് താരവുമായ ഇസ ഗുഹയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഇതിനു പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും ഇരുവർക്കുമുള്ള ആശംസ എത്തി.

"വിവാഹിതരായ കാതറിൻ ബ്രണ്ടിനും നാറ്റ് സ്കീവറിനും ഞങ്ങളുടെ ഊഷ്മളമായ അഭിനന്ദനങ്ങൾ," ഇംഗ്ലണ്ട് ക്രിക്കറ്റ് ട്വീറ്റ് ചെയ്തു. 2019 ഒക്ടോബറിലായിരുന്നു ഇരുവരുടെയും എന്‍ഗേജ്മെന്‍റ് നടന്നത്. 2018ലെ പുതുവത്സര തലേന്ന് വിവാഹനിശ്ചയം നടത്താനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. പിന്നീട് ഇതു മാറ്റിവയ്ക്കുകയായിരുന്നു. അതുപോലെ 2020 സെപ്തംബറില്‍ നടത്താനിരുന്ന വിവാഹം കോവിഡ് മൂലം നീണ്ടുപോയി. ന്യൂസിലാന്‍റിന്‍റെ ലിയ തഹുഹു, ആമി സാറ്റർത്ത്‌വെയ്റ്റ്, ദക്ഷിണാഫ്രിക്കയുടെ ഡെയ്ൻ വാൻ നീകെർക്ക്, മരിസാൻ കാപ്പ് എന്നിവർക്ക് ശേഷം വിവാഹിതരാകുന്ന സ്വവര്‍ഗാനുരാഗികളായ മറ്റൊരു ക്രിക്കറ്റ് ദമ്പതികളാണ് ബ്രണ്ടും സ്കീവറും.

Advertising
Advertising

2013ലും 2004ലും നടന്ന അന്താരാഷ്ട്ര അരങ്ങേറ്റം മുതൽ ഇംഗ്ലണ്ടിന്‍റെ പ്രധാന താരങ്ങളാണ് സ്കീവറും ബ്രണ്ടും.ലോർഡ്‌സിൽ നടന്ന 2017 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്‍റെ ഭാഗമായിരുന്നു ഇരുവരും. 2022-ൽ ന്യൂസിലൻഡിൽ നടന്ന ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിലാണ് അവസാനമായി കളിച്ചത്.

36കാരിയായ ബ്രണ്ട് ഇംഗ്ലണ്ടിനായി 14 ടെസ്റ്റ് മത്സരങ്ങളും 140 ഏകദിനങ്ങളും 96 ടി-20കളും കളിച്ചിട്ടുണ്ട്. പേസ് ബൗളറായ താരം യഥാക്രമം 51, 167, 98 വിക്കറ്റുകളും നേടി. ഓൾറൗണ്ടറാണ് 29കാരിയായ സ്കീവർ. ഇംഗ്ലണ്ടിനായി ഏഴ് ടെസ്റ്റുകളും 89 ഏകദിനങ്ങളും 91 ടി-20കളും കളിച്ച സിവർ യഥാക്രമം 343, 2711, 1720 റൺസ് ആണ് നേടിയിരിക്കുന്നത്. ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളിൽ യഥാക്രമം 9, 59, 72 വിക്കറ്റുകളും സ്കീവർ നേടിയിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News