മുൻ ക്ലബ്ബിന്റെ രഹസ്യം ഒളിച്ചുകേൾക്കാൻ ചെൽസി താരം; തള്ളിമാറ്റി ഹാളണ്ട്

തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ ഒരു ഗോളടക്കം മികച്ച പ്രകടനമാണ് കോൾ പാൽമർ പുറത്തെടുത്തത്.

Update: 2023-11-13 11:03 GMT
Editor : André | By : Sports Desk
Advertising

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന ചെൽസി - മാഞ്ചസ്റ്റർ സിറ്റി മത്സരത്തിനിടെ നടന്ന കൗതുകകരമായ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഫുട്ബോൾ ആരാധകർ ചർച്ച ചെയ്യുന്നത്. ഇരു ടീമുകളും നാല് ഗോൾ വീതമടിച്ച് സമനില പാലിച്ച മത്സരം ആദ്യാവസാനം വാശിയേറിയതായിരുന്നെങ്കിലും കളി കണ്ടവർക്ക് ചിരിക്കാൻ വക നൽകുന്നതായി ചെൽസി താരം കോൾ പാൽമറും മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ എർലിങ് ഹാളണ്ടും ഉൾപ്പെട്ട "ഒളിച്ചുകേൾക്കൽ" സംഭവം.

ഇരു ടീമുകളും നാലു ഗോൾ വീതം നേടി നിൽക്കെ കളിയുടെ അവസാന മിനുട്ടുകളിൽ ചെൽസിയുടെ പെനാൽട്ടി ഏരിയക്കു തൊട്ടുപുറത്തായി മാഞ്ചസ്റ്റർ സിറ്റിക്ക് ഫ്രീകിക്ക് ലഭിച്ചു. കിക്കെടുക്കുന്നതിനെപ്പറ്റി സിറ്റി താരങ്ങളായ ജൂലിയൻ അൽവാരസ്, കെയ്ൽ വാക്കർ, ബെർണാഡോ സിൽവ, റൂബൻ ഡിയാസ്, ജാക്ക് ഗ്രീലിഷ് എന്നിവർ കൂലങ്കഷമായി ചർച്ച ചെയ്യുന്നതിനിടെ അവരുടെ സംഭാഷണം കേൾക്കാനെന്ന മട്ടിൽ പാൽമർ സമീപത്തേക്ക് ചെന്നു. സംഭാഷണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച സിറ്റി താരങ്ങൾ പാൽമറിന്റെ സാന്നിധ്യം ശ്രദ്ധിച്ചില്ല.

എന്നാൽ, അതുവരെ സീനിൽ ഇല്ലാതിരുന്ന എർലിങ് ഹാളണ്ട് ഓടിയെത്തി 20-കാരനായ ചെൽസി താരത്തെ ചിരിച്ചുകൊണ്ട് അവിടെ നിന്ന് തള്ളിമാറ്റുകയായിരുന്നു. ഹാളണ്ടിന്റെ പ്രവൃത്തിയോടെയാണ് സിറ്റി താരങ്ങൾ പാൽമറിനെ ശ്രദ്ധിച്ചത്.

മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ സംഭാഷണത്തിൽ നിന്ന് കാര്യം പിടികിട്ടിയതു കൊണ്ടാണോ എന്നറിയില്ല, പാൽമർ ചെയ്തത് നേരെ ചെന്ന് പ്രതിരോധ മതിലിന്റെ പിറകുവശത്തായി ഗ്രൌണ്ടിൽ കിടക്കുകയായിരുന്നു. കിക്ക് തടയാൻ കളിക്കാർ ചാടി ഉയരുമ്പോൾ നിലംവഴി ഗോൾ ലക്ഷ്യം വെക്കാനുള്ള സിറ്റിയുടെ സാധ്യത അതോടെ അടഞ്ഞു. വായുവിലൂടെ കിക്കെടുത്ത യുവതാരം ജൂലിയൻ അൽവാരസിന് ലക്ഷ്യം കാണാൻ കഴിഞ്ഞതുമില്ല.

മാഞ്ചസ്റ്റർ സിറ്റിയുടെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവരികയും കഴിഞ്ഞ സീസണിൽ സിറ്റിക്കു വേണ്ടി കളിക്കുകയും ചെയ്ത പാൽമർ ഈ സീസണിലാണ്  ചെൽസിയിലേക്ക് കളംമാറിയത്. സിറ്റിയിൽ അവസരം കുറഞ്ഞതാണ് താരത്തെ പുതിയ ലാവണം തേടാൻ പ്രേരിപ്പിച്ചത് എന്നാണ് സൂചന. റിയാദ് മെഹ്റസ് ക്ലബ്ബ് വിടുന്ന സാഹചര്യത്തിൽ കൂടുതൽ അവസരം ലഭിക്കുമെന്ന് താൻ പറഞ്ഞു നോക്കിയെങ്കിലും ക്ലബ്ബ് വിടുകയെന്ന തീരുമാനത്തിൽ പാൽമർ ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ഈയിടെ വെളിപ്പെടുത്തിയിരുന്നു. പാൽമറിന്റെ വരവിനു ശേഷം ചെൽസിയുടെ പ്രകടനം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിലും മികച്ച പ്രകടനമാണ് കോൾ പാൽമർ പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ സിറ്റിയുടെ പ്രതിരോധ നിരക്കാർക്കിടയിലൂടെ പന്തുമായി വെട്ടിച്ചുകയറി ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും പാൽമറുടെ ഷോട്ട് സിറ്റി കീപ്പർ എഡേഴ്സൺ തട്ടിയകറ്റി. ടീം 3-4 ന് പിറകിൽ നിൽക്കെ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച പാൽമർ ആണ് ചെൽസിക്ക് സമനില നേടിക്കൊടുത്തത്.

Tags:    

Writer - André

contributor

Editor - André

contributor

By - Sports Desk

contributor

Similar News