ഫുട്ബോളിൽ ചിത്രം മാറുന്ന യൂറോപ്പ്
ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന യൂറോപ്പിൽ പ്രതീക്ഷിച്ച പലർക്കും അടിതെറ്റി, എന്നാൽ പ്രതീക്ഷിക്കാത്ത പലരും ചരിത്രത്തിലിടം പിടിച്ചിരിക്കുകയാണ്
ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന യൂറോപ്പിൽ പ്രതീക്ഷിച്ച പലർക്കും അടിതെറ്റി, എന്നാൽ പ്രതീക്ഷിക്കാത്ത പലരും ചരിത്രത്തിലിടം പിടിച്ചിരിക്കുകയാണ്.
ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് കന്നി മുത്തം
രാജകീയമായി യൂറോപ്പ് കീഴടക്കിയാണ് പി എസ് ജി തങ്ങളുടെ കന്നി ചാമ്പ്യൻസ് ലീഗ് നേടിയത്. ചാമ്പ്യൻസ് ലീഗ് ഫൈനലുകളുടെ ചരിത്രത്തിൽ ഏറ്റവും വലിയ മാർജിനിലാണ് ഇൻ്റെറിനെ തകർത്ത് ജേതാക്കളായത്. 1962 ഫൈനലിൽ റയൽ മാഡ്രിഡിനെതിരെ ബെൻഫിക്കയുടെ യൂസേബിയോ നേടിയ ഇരട്ട ഗോളിനുശേഷം ഒരു ഫൈനലിൽ രണ്ട് ഗോളുകൾ നേടുന്ന ആദ്യ കൗമാരക്കാരനായി 19 കാരൻ ഡിസൈർ ഡുവെ. അതോടൊപ്പം 2014 ൽ റൊണാൾഡോക്ക് ശേഷം ഫൈനലിൽ ഗോളും അസിസ്റ്റും നേടുന്ന താരവുമായി. 2011 മുതൽ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള പിഎസ്ജി , ലയണൽ മെസ്സി , നെയ്മർ , സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, കെലിയൻ എംബപ്പെ തുടങ്ങിയ വമ്പൻ താരങ്ങളെ വെച്ച് നേടാൻ ശ്രമിച്ചെങ്കിലും ചാമ്പ്യൻസ് ലീഗ് എന്നത് അന്യം നിന്നു. യുവ താരങ്ങളെ സ്വന്തമാക്കുന്നതിനായി രണ്ട് വർഷം മുമ്പാണ് പിഎസ്ജി ആ നയം ഉപേക്ഷിച്ചത്.1993-ൽ മാഴ്സല്ലെ നേടിയ ശേഷം ചാമ്പ്യൻസ് ലീഗ് ഉയർത്തുന്ന രണ്ടാമത്തെ ഫ്രഞ്ച് ക്ലബ്ബായി പിഎസ്ജി മാറി, സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ 2015-ൽ അവരുടെ അവസാന ചാമ്പ്യൻസ് ലീഗ് നേടിയതിന് ശേഷം കോച്ച് ലൂയിസ് എൻറിക്വെക്കിത് രണ്ടാമത്തെ നേട്ടമാണ്. ഇതുൾപ്പെടെ അഞ്ച് തവണയാണ് ജർമനിയിലെ മ്യൂണിക്കിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരങ്ങൾ നടന്നത് എല്ലാത്തിലും ടീമുകളുടെ കന്നി കിരീട നേട്ടമായിരുന്നു.
ടോട്ടൻഹാം വീര ഗാഥ
പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധികൾ നേരിടേണ്ടി വന്ന ക്ലബ്ബുകളിലൊന്നാണ് ടോട്ടൻഹാം. വലിയ താരനിരയും മികച്ച മാനേജേഴ്സും അണിനിരന്ന സ്പർസിൽ ട്രോഫികൾ മാത്രം അന്യം നിന്നു. പതിനേഴ് വർഷങ്ങൾക്കിപ്പുറം ട്രോഫി നേടിയ അനുഭൂതിയിലാണ് സ്പർസ് ആരാധകർ. തൻ്റെ രണ്ടാം സീസണിൽ സ്പർസിനായി കിരീടം നേടുമെന്ന് പറഞ്ഞ ഓസ്ട്രേലിയൻ മാനേജറിന് കീഴിൽ പ്രീമിയർ ലീഗിൽ ടീം മോശം പ്രകടനമായിരുന്നു. യൂറോപ്പ ലീഗ് നേടിയതിലൂടെ അടുത്ത ചാംപ്യൻസ് ലീഗിന് യോഗ്യതയും നേടി.ഏഷ്യക്കാരൻ സൺ ഹ്യൂൺ മിന്നിനും ഇത് വലിയൊരനുഭവം തന്നെയായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കരിയറിലെ ആദ്യ കിരീടം നേടുന്നത്. ഫൈനലുകളിൽ തോൽവിയറിയാത്ത അർജൻ്റീനിയൻ പ്രതിരോധഭടൻ ക്യൂട്ടി റൊമേറോയും ചേരുന്നതോടെ സ്പർസ് പ്രതിരോധം വന്മതിൽ തന്നെ തീർത്തു.
കോൺഫറൻസ് ലീഗെങ്കിൽ അത് എന്തെങ്കിലുമൊക്കെ വേണ്ടേ
സ്പാനിഷ് ക്ലബ്ബ് റയൽ ബെറ്റിസിനെ തകർത്ത് യുവേഫ കോൺഫറൻസ് ലീഗ് നേടിയ ചെൽസിയാണ് മറ്റൊരു ടീം. യുവേഫയുടെ എല്ലാ ക്ലബ്ബ് കിരീടങ്ങളും നേടുന്ന ആദ്യ ടീമായി ചെൽസി, യുവേഫ ചാംപ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, യുവേഫ സൂപ്പർ കപ്പ്, യുവേഫ വിന്നേഴ്സ് കപ്പ്, യുവേഫ കോൺഫറൻസ് ലീഗ്, തുടങ്ങിയ യുവേഫയുടെ അഞ്ച് ചാമ്പ്യൻഷിപ്പും സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടവും ചെൽസി സ്വന്തമാക്കി.
സ്ലോട്ടിൽ ക്ലിക്കായി ലിവർപൂൾ
ഏറ്റവും കൂടുതൽ ലീഗ് കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോഡിനൊപ്പമെത്തി ലിവർപൂൾ. പ്രീമിയർ ലീഗാക്കിയ ശേഷമുള്ള ലിവർപൂളിന്റെ രണ്ടാം കിരീടനേട്ടമാണിത്. ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ അവരുടെ ഇരുപതാം ലീഗ് കിരീടം കൂടിയാണ്. സീസണിൽ നാല് മത്സരങ്ങൾ ശേഷിക്കെ ജേതാക്കളായ ലിവർപൂളിനുപക്ഷെ, ചാംപ്യൻസ് ലീഗിൽ പി.എസ്.ജിയോട് റൗണ്ട് പതിനാറിൽ ഷൂട്ടൗട്ടിൽ കീഴടങ്ങേണ്ടി വന്നു.
നൂറ്റാണ്ടിൻ്റെ കാത്തിരിപ്പ് കിരീട നിറവിൽ ക്രിസ്റ്റൽ പാലസ്
എഫ് എ കപ്പ് ജേതാക്കളായ ക്രിസ്റ്റൽ പാലസ്, 1905 സെപ്റ്റംബർ പത്തിന് ഇംഗ്ലണ്ടിൽ രൂപീകരിക്കപ്പെട്ടു. ഒരുനൂറ്റാണ്ടിന്റെ ചരിത്രത്തിൽ കിരീടമില്ലാത്ത ടീം. ഒടുവിൽ 119 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ കിരീടം. 1990, 2016 വർഷങ്ങളിൽ എഫ്എ കപ്പ് ഫൈനലിൽ കാലിടറിയ ക്ലബ്ബ് തോൽപ്പിച്ചതാവട്ടെ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ. ഇതോടെ അടുത്ത വർഷത്തെ യൂറോപ്പ ലീഗിന് യോഗ്യതയും നേടി.
സിറ്റിയുടെ തകർച്ച പെപ്പിൻ്റെ തലവേദന
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോറ്റതിന് ശേഷം, മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ രണ്ടാമത്തെ എഫ്എ കപ്പ് ഫൈനലിലെ തോൽവിയാണിത്. സിറ്റിയാവട്ടെ 2016-17 സീസണിൽ പെപ് ഗാർഡിയോള വന്നശേഷം ഏഴ് വർഷങ്ങൾക്കിപ്പുറം ആദ്യമായി കിരീടമില്ലാത്ത സീസണിനാണ് അന്ത്യംകുറിച്ചത്. അടുത്ത ചാംപ്യൻസ് ലീഗിന് യോഗ്യതനേടിയതാണ് ടീമിൻ്റെ ഏകാശ്വാസം.
സൗദിക്ലബിന് കരബാവോ മുത്തം
മുൻ ചാമ്പ്യന്മാരായ ലിവർപൂളിനെ തോൽപ്പിച്ച് കരബാവോ കപ്പിൽ മുത്തമിട്ട ന്യൂകാസിൽ യുണൈറ്റഡാണ് മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബ്, 70 വർഷത്തെ കിരീടവരൾച്ചക്കാണ് ഇവർ അറുതിവരുത്തിയത്.1955 മുതലുള്ള കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമം കുറിച്ചാണ് ന്യൂകാസിൽ ചരിത്രം സൃഷ്ടിച്ചത്. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയോട് തോറ്റ് പുറത്തായ ശേഷം മറ്റൊരു തോൽവിയാണ് വെംബ്ലിയിൽ ചെമ്പട നേരിട്ടത്.
ഇംഗ്ലണ്ടിലിത് കിളികളുടെ സീസൺ
കിരീടങ്ങൾ നേടിയ ഇംഗ്ലീഷ് ടീമുകളെ കിളികളുടെ സീസണെന്നാണ് പലരും വിശേഷിപ്പിച്ചത്. അതിന് കാരണങ്ങളുമുണ്ട്, പ്രീമിയർ ലീഗ് ചാമ്പ്യൻ പട്ടം ചൂടിയ ലിവർപൂൾ, എഫ്എ കപ്പിൽ മുത്തമിട്ട ക്രിസ്റ്റൽ പാലസ്, കരബാവോ കപ്പ് നേടിയ ന്യൂ കാസിൽ യുണൈറ്റഡ്, യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ സ്പർസ് എന്നീ ടീമുകളുടെയെല്ലാം ലോഗോയിൽ പക്ഷികളെ കാണാം.
സ്പെയിനിൽ കറ്റാലന്മാർക്ക് സ്വപ്ന സീസൺ
പരിക്കിൽ തളർന്ന ആഞ്ചലോട്ടിയുടെ റയൽ മാഡ്രിഡും, ലാമാസിയ വസന്തം തീർത്ത ബാഴ്സലോണയുമായിരുന്നു ഇത്തവണ സ്പെയിനിലെ അങ്കത്തിൽ മുന്നിലുണ്ടായിരുന്നത്, ഇരുവരും ഏറ്റുമുട്ടിയതിൽ നാലിലും ബാഴ്സ വിസ്മയം തീർത്തു. സ്പാനിഷ് ട്രിബിൾ നേടിയ കറ്റാലന്മാർക്ക് പക്ഷേ, ചാംപ്യൻസ് ലീഗിൽ ഇൻ്ററിനെതിരെ സെമിയിൽ പൊരുതി തോൽക്കാനായിരുന്നു വിധി. എന്നാൽ റയൽ മാഡ്രിഡാവട്ടെ പ്രീ ക്വാർട്ടറിൽ ആഴ്സനലിനോട് കനത്ത പരാജയം ഏറ്റുവാങ്ങി.
കടുപ്പമേറി ഇറ്റാലിയൻ ലീഗ്
ഇറ്റലിയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു, സീരി എ ചാമ്പ്യനെ നിർണ്ണയിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. 20 തവണ ജേതാക്കളായ ഇൻ്റർ മിലാൻ ഒരു പോയിൻ്റ് വ്യത്യാസത്തിൽ നാപ്പോളിക്ക് അടിയറ വെക്കേണ്ടി വന്നു. 1986-87, 1989-90 സീസണുകളിൽ മറഡോണക്കൊപ്പം മുത്തമിട്ട ശേഷം 2022-23 സീസണിലും നാപ്പോളി ജേതാക്കളായിരുന്നു, നാപ്പോളിക്കിത് മൂന്നുവർഷങ്ങൾക്കിടെ രണ്ടാമത്തെ സീരി എ കിരീടനേട്ടമാണ്, ഇതോടെ നാപ്പോളിയുടെ സീരി എ കിരീടനേട്ടം നാലായി.
ഇറ്റലിയിൽ ബൊലോഗ്നക്ക് അരനൂറ്റാണ്ടിൻ്റെ കാത്തിരിപ്പിനറുതി
കോപ്പ ഇറ്റാലിയ കിരീടം നേടി ബൊലോഗ്ന, 1970,1974 വർഷങ്ങളിലെ നേട്ടങ്ങൾക്കു ശേഷമുള്ള ആദ്യത്തെ പ്രധാന കിരീടനേട്ടമാണിത്. ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനെ പരാജയപ്പെടുത്തിയാണ് 51 വർഷങ്ങൾക്കിപ്പുറം ബൊലോഗ്ന കിരീടം നേടുന്നത്. 2003 മുതൽ ഇറ്റാലിയൻ കപ്പ് നേടിയിട്ടില്ലാത്ത എസി മിലാന് വരും സീസണിൽ യുവേഫയുടെ ഒരു ടൂർണമെൻ്റിനും യോഗ്യത നേടാനായില്ല. എന്നാൽ, ബൊലോഗ്നയ്ക്ക് അടുത്ത സീസണിലെ യൂറോപ്പ ലീഗിൽ കളിക്കാനിത് സഹായിക്കും.
കെയ്നിൻ്റെ പൊൻമുത്തം
ബുണ്ടസ്ലിഗ ജേതാക്കളായ ബയേണിനിത് 34ാം ലീഗ് കിരീടമാവാം എന്നാൽ 31 കാരൻ ഹാരി കെയ്നിത് കരിയറിലെ ആദ്യ കിരീടമാണ്. ഏറെ കാലം കളിച്ചിരുന്ന ടോട്ടൻഹാം 17 വർഷങ്ങൾക്കിപ്പുറം കിരീടാരോഹണം നടത്തും മുമ്പേ കെയിൻ ജർമനിയിലെത്തി. ബയേണിനിത് കിരീടം തിരിച്ചു പിടിക്കൽ കൂടിയാണ് തുടർച്ചയായി പതിനൊന്ന് തവണ ജേതാക്കളായ ബയേണിന് കഴിഞ്ഞ വർഷം ലെവർകൂസനുമുന്നിൽ കിരീടം കൈവിടേണ്ടി വന്നു.
ജുപിലൊർ പ്രൊ ലീഗിൽ യൂണിയൻ്റെ തിരിച്ചു വരവ്
90 വർഷങ്ങൾക്കിപ്പുറം ബെൽജിയൻ ലീഗ് തിരിച്ചുപിടിച്ചിരിക്കുകയാണ് യൂണിയൻ സെൻ്റ് ഗില്ലോയിസെ, തങ്ങളുടെ 12ാം ലീഗ് കിരീടമാണ് യു എസ് ജി നേടിയത്.
ഡച്ച് കപ്പിൽ ഈഗിൾ മുത്തം
കിരീടം നേടിയിട്ട് 91 വർഷങ്ങൾ, ഒടുവിൽ കന്നി ഡച്ച് കപ്പ് നേടിയിരിക്കുകയാണ് ഗൊ അഹെഡ് ഈഗിൾസ്. 1932/1933 സീസണിൽ നാലാം ഡച്ച് ലീഗ് നേടിയ ടീമിനിതുവരെ കിരീടമെന്നത് സ്വപ്നമായിരുന്നു.
ജർമൻ കപ്പിൽ സ്റ്റുഗർട്ട്
2006/2007 സീസണിൽ അഞ്ചാം ബുണ്ടസ്ലിഗ നേടിയതിന് ശേഷം 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിരീടം നേടിയിരിക്കുകയാണ് സ്റ്റുഗർട്ട്, സ്റ്റുഗർട്ടിൻ്റെ നാലാം ജർമൻ കപ്പാണിത്.