ലോകകപ്പ് ചരിത്രത്തിൽ മൊറോക്കോയുടെ അപൂർവ നേട്ടം; വിദേശത്ത് ജനിച്ച 11 താരങ്ങളുമായി കളത്തിലിറങ്ങിയ ആദ്യ ദേശീയ ടീം

Update: 2026-07-03 16:09 GMT

ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ഒരു ദേശീയ ടീമും കൈവരിക്കാത്ത അപൂർവ നേട്ടമാണ് മൊറോക്കോ സ്വന്തമാക്കിയത്. ലോകകപ്പ് മത്സരത്തിനിടെ ഒരേസമയം കളത്തിലുണ്ടായിരുന്ന 11 താരങ്ങളും രാജ്യത്തിന് പുറത്താണ് ജനിച്ചിരുന്നതെന്ന റെക്കോർഡ് സ്വന്തമാക്കിയ ആദ്യ ദേശീയ ടീമായി അറ്റ്‌ലസ് ലയൺസ് മാറി.

ബ്രസീലിനെതിരായ മത്സരത്തിന്റെ അവസാന 25 മിനിറ്റിനിടെയായിരുന്നു ഈ ചരിത്രനേട്ടം പിറന്നത്. മുഖ്യപരിശീലകൻ മുഹമ്മദ് ഔഹ്ബി നടത്തിയ തുടർച്ചയായ മാറ്റങ്ങൾക്കൊടുവിൽ കളത്തിലുണ്ടായിരുന്ന മൊറോക്കോയുടെ മുഴുവൻ 11 താരങ്ങളും വിദേശത്ത് ജനിച്ചവരായിരുന്നു. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്.

Advertising
Advertising

ചരിത്രനേട്ടത്തിന്റെ ഭാഗമായ ടീമിൽ കാനഡയിലെ മോൺട്രിയലിൽ ജനിച്ച ഗോൾകീപ്പർ യാസിൻ ബൗനു, സ്പെയിനിലെ മാഡ്രിഡിൽ ജനിച്ച അഷ്റഫ് ഹകീമി, പാൽമയിൽ ജനിച്ച ചാദി റിയാദ്, ഫ്രാൻസിലെ ടുലൂസിൽ ജനിച്ച ഇസ്സ ഡിയോപ്, നെതർലൻഡ്സിലെ ലീഡർഡോർപ്പിൽ ജനിച്ച നൗസൈർ മസ്രൗയി എന്നിവർ പ്രതിരോധനിരയിലും ഉണ്ടായിരുന്നു.

മധ്യനിരയിൽ സ്പെയിനിലെ ടെറാസയിൽ ജനിച്ച ഇസ്മായേൽ സൈബാരി, ഫ്രാൻസിലെ സെൻലിസിൽ ജനിച്ച അയ്യൂബ് ബൗഅദ്ദി, നാൻസിയിൽ ജനിച്ച നീൽ എൽ അയ്നാവി, ബെൽജിയത്തിലെ മൊലൻബീക്കിൽ ജനിച്ച ബിലാൽ എൽ ഖന്നൂസ്, സാംബ്രവില്ലിൽ ജനിച്ച ചെംസ്‌ദീൻ താൽബി എന്നിവർ അണിനിരന്നു. മുന്നേറ്റനിരയിൽ ഫ്രാൻസിലെ സ്ട്രാസ്‌ബർഗിൽ ജനിച്ച സമീർ എൽ മൗറബെറ്റ് ഇടംപിടിച്ചു.

മൊറോക്കോയുടെ പരിശീലകൻ മുഹമ്മദ് ഔഹ്ബിയും ബെൽജിയത്തിൽ ജനിച്ചയാളാണ്. ബെൽജിയൻ-മൊറോക്കൻ ഇരട്ട പൗരത്വമുള്ള ഔഹ്ബിയുടെ നേതൃത്വത്തിലാണ് ഈ ചരിത്രനേട്ടം പിറന്നത്.

സ്കോട്‌ലൻഡിനെതിരായ മത്സരത്തിന് ശേഷം ദേശീയ ടീമിനെ തിരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് ഇസ്മായേൽ സൈബാരി പറഞ്ഞ വാക്കുകൾ ടീമിന്റെ വികാരം വ്യക്തമാക്കുന്നതായിരുന്നു.

“ഒരു ദേശീയ ടീമിനെ തിരഞ്ഞെടുക്കുമ്പോൾ അത് ഹൃദയത്തിൽ നിന്നായിരിക്കണം,” സൈബാരി പറഞ്ഞു.

ജന്മസ്ഥലമല്ല, രാജ്യത്തോടുള്ള ആത്മബന്ധമാണ് പ്രധാനമെന്ന് പരിശീലകൻ മുഹമ്മദ് ഔഹ്ബിയും വ്യക്തമാക്കി.

“ഒന്നാമതായി അവർ മൊറോക്കക്കാരാണ്, മൊറോക്കോയ്ക്കായി വിജയിക്കാനാണ് അവർ ആഗ്രഹിക്കുന്നത്,” ഔഹ്ബി പറഞ്ഞു.

ചരിത്രനേട്ടത്തിനൊപ്പം ലോകകപ്പിലെ മികച്ച മുന്നേറ്റവും മൊറോക്കോ തുടരുകയാണ്. പ്രീക്വാർട്ടർ പോരാട്ടത്തിൽ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി അറ്റ്‌ലസ് ലയൺസ് പ്രീക്വാർട്ടറിലേക്ക് മുന്നേറി.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - മുഹമ്മദ് യാസീൻ

contributor

Similar News