സെനഗലിനെ കംബാക്കിലൂടെ വീഴ്ത്തി ബെൽജിയം പ്രീക്വാർട്ടറിൽ; ജയം രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം

വിജയഗോൾ പിറന്നത് അധിക സമയത്തിന്റെ ഇഞ്ചുറി ടൈമിൽ

Update: 2026-07-02 01:49 GMT
Editor : Harikrishnan S | By : Sports Desk

സിയാറ്റിൽ: സെനഗലിനെ പരാജയപ്പെടുത്തി ബെൽജിയം പ്രീക്വാർട്ടറിലേക്ക് മുന്നേറി. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 3-2 എന്ന സ്കോറിനായിരുന്നു യൂറോപ്യൻ വമ്പന്മാരുടെ ജയം. ഹബീബ് ഡിയാര, ഇസ്‌മൈല സാർ എന്നിവരുടെ ഗോളുകളിൽ സെങ്ങളാണ് ആദ്യം മുന്നിട്ടു നിന്നത്. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകളിൽ രണ്ട് ഗോൾ മടക്കി ബെൽജിയം സമനില പിടിച്ചു. റൊമേലു ലുക്കാക്കു, ടിയേലമെൻസ് എന്നിവരാണ് രണ്ട് ഗോളുകൾ നേടിയത്. എന്നാൽ അധിക സമയത്തിന്റെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ടിയേലമെൻസ് ബെൽജിയത്തെ പ്രീക്വാർട്ടറിലെത്തിച്ചു.

Advertising
Advertising

സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഉജ്വല തിരിച്ചുവരവിലൂടെയാണ് ബെല്ജിയത്തിന്റെ ജയം. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും രണ്ട് ഗോളുകൾ വഴങ്ങിയ ശേഷം നിശ്ചിത സമയം അവസാനിക്കാൻ നാല് മിനിറ്റ് ബാക്കി നിൽക്കേ ഒരു കംബാക്ക് നടത്തുകയായിരുന്നു ചുവന്ന ചെകുത്താന്മാരെന്ന് അറിയപ്പെടുന്ന ബെൽജിയൻ ടീം. 25ാം മിനിറ്റിൽ ഹബീബ് ഡിയാരയുടെ ഗോളിൽ സെനഗൽ മുന്നിലെത്തി. സാദിയോ മാനേയുടെ ക്രോസിൽ തലവെച്ച് ഗോൾ നേടാനുള്ള ഇസ്‌മൈല സാറിന്റെ ശ്രമം പോസ്റ്റിൽ തട്ടി തിരിച്ചുവന്നു. എന്നാൽ പന്തിലേക്ക് ആദ്യം ഓടിയെത്തിയ ഹബീബ് ഡിയാര ഒഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിട്ടു. രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിറ്റിനുള്ളിൽ ഇസ്മൈല സാർ (51) സെനഗലിന്റെ ലീഡുയർത്തി. പുറകിൽ നിന്ന് നിയഖാറ്റെ ഉയർത്തി നൽകിയ പന്ത് സാർ കണ്ട്രോൾ ചെയ്ത മികച്ച ഫിനിഷിലൂടെ വലയിലെത്തിച്ചു. എന്നാൽ 86ാം മിനിറ്റിൽ ലുക്കാക്കു ബെൽജിയത്തിന് ഒരു ഗോൾ മടക്കി. മൂന്ന് മിനിറ്റിനുള്ളിൽ ട്രോസാർഡ് ഉയർത്തി നൽകിയ പന്ത് ഹെഡ് ചെയ്ത വലയിലെത്തിച്ച് നായകൻ ടിയേലമെൻസ് (89) സമനില ഗോൾ നൽകി. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ ബെൽജിയം മുന്നേറ്റങ്ങൾക്ക് മൂർച്ച കൂട്ടി. അധിക സമയത്തിന്റെ ഇഞ്ചുറി ടൈമിൽ നേടിയെടുത്ത പെനാൽറ്റി വലയിലെത്തിച്ച ടിയേലമെൻസ് ബെൽജിയത്തെ വിജയത്തിലെത്തിച്ചു. യുഎസ്എ - ബോസ്നിയ ആൻഡ് ഹെർസഗോവിന മത്സരത്തിലെ വിജയിയാണ് ബെൽജിയത്തിന്റെ അടുത്ത എതിരാളികൾ.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News