വൈകല്യങ്ങളെ തോൽപ്പിച്ച വിസ്മയം: നടക്കാൻ കഴിയില്ലെന്ന് വിധിയെഴുതിയ കുട്ടിയിൽ നിന്നും ലോകകപ്പ് ഹീറോയായി ഇസ്മായിൽ സൈബാരി

രണ്ടാം വയസിലാണ് സൈബാരിക്ക് ഇൻ-ടോയിങ് എന്ന ഗുരുതരമായ പാദവൈകല്യം കണ്ടെത്തുന്നത്

Update: 2026-07-01 07:47 GMT

റാബത്ത്: ഫുട്ബോൾ എന്നത് വെറുമൊരു കളി മാത്രമല്ല, അതിജീവനത്തിന്റെ കൂടി ചരിത്രമാണെന്ന് തെളിയിക്കുകയാണ് മൊറോക്കൻ താരം ഇസ്മായിൽ സൈബാരി. ജന്മനാ കാലിനുണ്ടായ വൈകല്യം കാരണം നടക്കാൻ പോലും കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരു രണ്ടുവയസുകാരനിൽ നിന്നും, ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറിയ സൈബാരിയുടെ ജീവിതം ഏവർക്കും പ്രചോദനമാണ്. 2026ലെ ഫിഫ ലോകകപ്പിൽ മൊറോക്കോയുടെ കുന്തമുനയായി തിളങ്ങുന്ന ഈ ഇരുപത്തിനാലുകാരന്റെ പോരാട്ടവീര്യം കായിക ലോകത്തെ അമ്പരപ്പിക്കുകയാണ്.

രണ്ടാം വയസിലാണ് സൈബാരിക്ക് ഇൻ-ടോയിങ് (In-toeing) എന്ന ഗുരുതരമായ പാദവൈകല്യം കണ്ടെത്തുന്നത്. ആ അവസ്ഥയിൽ സാധാരണ രീതിയിൽ നടക്കാൻ പോലും സാധിക്കില്ലെന്നായിരുന്നു അന്ന് ഡോക്ടർമാർ നൽകിയ മുന്നറിയിപ്പ്. എന്നാൽ ആ വിധിക്ക് മുന്നിൽ കീഴടങ്ങാൻ ആ കുടുംബം തയ്യാറായില്ല. വർഷങ്ങൾ നീണ്ട സങ്കീർണമായ ചികിത്സകൾക്കും കഠിനാധ്വാനത്തിനും ഒടുവിൽ പിച്ചവെച്ചു തുടങ്ങിയ ആ ബാലൻ, പിന്നീട് കാൽപ്പന്തുകളിയിലെ വിസ്മയമായി മാറുകയായിരുന്നു. പ്രതിസന്ധികളെ അസാമാന്യമായ ഇച്ഛാശക്തികൊണ്ട് മറികടന്ന ആ കുട്ടി ഇന്ന് ലോകവേദിയിൽ മൊറോക്കോയുടെ ഏറ്റവും വലിയ പ്രതീക്ഷയാണ്.

Advertising
Advertising

2026 ഫിഫ ലോകകപ്പിൽ അവിശ്വസനീയമായ പ്രകടനമാണ് സൈബാരി കാഴ്ചവെക്കുന്നത്. ടൂർണമെന്റിലെ തന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും വലകുലുക്കിയ അദ്ദേഹം ഇതിനകം മൂന്ന് ഗോളുകൾ സ്വന്തമാക്കിക്കഴിഞ്ഞു. ലോകോത്തര ടീമായ ബ്രസീലിനെതിരെയായിരുന്നു സൈബാരിയുടെ ആദ്യ ലോകകപ്പ് ഗോൾ പിറന്നത്. തുടർന്ന് സ്കോട്‌ലൻഡിനെതിരായ മത്സരത്തിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് വെറും 70 സെക്കൻഡിനുള്ളിൽ അദ്ദേഹം ഗോൾ നേടി.

ഈ ടൂർണമെന്റിലെ ഏറ്റവും വേഗമേറിയ ഗോൾ എന്നതിലുപരി, ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഒരു അറബ് താരം നേടുന്ന ഏറ്റവും വേഗമേറിയ ഗോൾ എന്ന ചരിത്ര റെക്കോർഡും അദ്ദേഹം തന്റെ പേരിലാക്കി. പിന്നീട് ഹെയ്തിയെ 4-2ന് തകർത്ത മത്സരത്തിലും സൈബാരി സ്കോർ ചെയ്തു. ഇതോടെ ലോകകപ്പിൽ സ്വന്തം ടീമിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ആഫ്രിക്കൻ താരം എന്ന അപൂർവ്വ നേട്ടവും അദ്ദേഹത്തെ തേടിയെത്തി. കൂടാതെ, നെതർലൻഡ്സിനെതിരായ ജീവന്മരണ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കൃത്യമായി ലക്ഷ്യം കണ്ട സൈബാരിയുടെ കാലുകളാണ് മൊറോക്കോയെ പ്രീക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) സധൈര്യം കൈപിടിച്ചുയർത്തിയത്.

ലോകകപ്പിലെ ഈ മിന്നുന്ന പ്രകടനം യാദൃശ്ചികമല്ല. അദ്ദേഹത്തിന്റെ ക്ലബ്ബ് കരിയറിലെ സ്ഥിരതയാർന്ന പ്രകടനത്തിന്റെ തുടർച്ചയാണിത്. ഡച്ച് ചാമ്പ്യൻമാരായ പിഎസ്‌വി ഐൻഡ്ഹോവന് വേണ്ടി 2024-25 സീസണിൽ 11 ഗോളുകളും 11 അസിസ്റ്റുകളും നേടിയ സൈബാരി, 2025-26 സീസണിൽ 15 ഗോളുകളും എട്ട് അസിസ്റ്റുകളുമായി തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.

ഈ അതുല്യമായ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ, ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ ജർമൻ വമ്പൻമാർ ബയേൺ മ്യൂണിക്ക് അദ്ദേഹത്തെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ഏകദേശം 55 ദശലക്ഷം പൗണ്ടിന്റെ വമ്പൻ കരാറിൽ സൈബാരിയെ ക്ലബ്ബിലെത്തിക്കാൻ ബയേൺ മ്യൂണിക്ക് പിഎസ്‌വിയുമായി ഇതിനോടകം ധാരണയിലെത്തിയിട്ടുണ്ട്. ഫുട്ബോൾ ലോകം ഇനി കാത്തിരിക്കുന്നത് യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിൽ ബൂട്ടണിയുന്ന ഈ മൊറോക്കൻ അത്ഭുതത്തിന്റെ പുതിയ അധ്യായങ്ങൾക്കായാണ്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - മുഹമ്മദ് യാസീൻ

contributor

Similar News