മെക്സിക്കൻ വേവ് തുടരുന്നു; ഇക്വഡോറിനെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ

ക്വിന്യോനസിനും റൗൾ ഹിമേനസിനും ഗോൾ

Update: 2026-07-01 05:29 GMT
Editor : Harikrishnan S | By : Sports Desk

മെക്സിക്കോ സിറ്റി: എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇക്വാഡോറിനെ പരാജയപ്പെടുത്തി മെക്സിക്കോ പ്രീക്വാർട്ടറിൽ. ജൂലിയൻ ക്വിന്യോനസ്, റൗൾ ഹിമേനസ് എന്നിവരാണ് ആതിഥേയർക്കായി ഗോൾ നേടിയത്. ലോകകപ്പിൽ ഇതുവരെ മെക്സിക്കോ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ഇംഗ്ലണ്ട് - ഡിആർ കോംഗോ മത്സരത്തിലെ വിജയിയാണ് പ്രീക്വാർട്ടറിൽ അവരുടെ എതിരാളികൾ.

മെക്സിക്കോ സിറ്റിയിലെ അസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരം പ്രതികൂല കാലാവസ്ഥ മൂലം ഒരു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. തുടക്കം മുതൽ ആധിപത്യം പുലർത്തിയ ആതിഥേയർ വൈകാതെ ലീഡും നേടി. 22ാം മിനിറ്റിൽ റോബർട്ടോ അൽവറാഡോ സ്വന്തം ഹാഫിൽ നിന്ന് ഉയർത്തി നൽകിയ പന്ത് ഓടിയെടുത്ത ക്വിന്യോനസ് ബോക്സിലേക്ക് ഓടിക്കയറി മികച്ച ഫിനിഷിലൂടെ ഗോൾ നേടി. തുടർന്നും പ്രസ് ചെയ്‌തുകളിച്ച മെക്സിക്കോ 33ാം മിനിറ്റിൽ ലീഡുയർത്തി. റൗൾ ഹിമേനസാണ്‌ രണ്ടാം ഗോൾ നേടിയത്. ആ ഗോൾ നേടിയതോടെ മെക്സിക്കോയുടെ എക്കാലത്തെയും ടോപ് സ്കോററർ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കും റൗൾ ഉയർന്നു. 47 ഗോളുകളാണ് സ്‌ട്രൈക്കർ ഇതുവരെ മെക്സിക്കൻ ജഴ്‌സിയിൽ നേടിയത്.

തുടർന്ന് ഇക്വഡോർ മത്സരത്തിലേക്ക് തിരികെയെത്താൻ ശ്രമം നടത്തിയെങ്കിലും ഗോൾ മടക്കാൻ സാധിച്ചില്ല. മത്സരത്തിൽ ആദ്യം ഇലവനിലിറങ്ങിയ ഗിൽബർട്ടോ മോറ ലോകകപ്പിൽ സ്റ്റാർട്ട് ചെയ്യുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമായി മാറി. 17 വയസ്സും 259 ദിവസവുമാണ്  കൗമാര താരത്തിന്റെ പ്രായം.

തുടർച്ചയായ നാല് മത്സരങ്ങളിലാണ് ഇപ്പോൾ മെക്സിക്കോ ഗോൾ വഴങ്ങാതെ മുന്നേറുന്നത്. ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News