2027 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി പ്രഖ്യാപിച്ചു
Update: 2025-09-11 17:54 GMT
പാരിസ്: 2027 ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദിയായി മാഡ്രിഡിലെ വാൻഡ മെട്രോപോളിറ്റാനോ സ്റ്റേഡിയമാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് യുവേഫ പ്രഖാപിച്ചു. ഇത് രണ്ടാം തവണയാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ സ്റ്റേഡിയം ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിനുള്ള വേദിയാകുന്നത്. 2019 ൽ ലിവർപൂൾ ടോട്ടൻഹാമിനെ പരാജപ്പെടുത്തി ചാമ്പ്യന്മാരായത് ഇതേ വേദിയിൽ വെച്ചാണ്.
അസർബൈജാൻ തലസ്ഥാനമായ ബാകുവായിരുന്നു പരിഗണിച്ചിരുന്ന മറ്റൊരു വേദി. ടിറാനയിൽ വെച്ച് നടന്ന യോഗത്തിലാണ് സ്പാനിഷ് തലസ്ഥാനം വേദിയായി തിരഞ്ഞെടുത്തത്. നിലവിലെ സീസണിലെ ഫൈനൽ ഹങ്കറിയിലെ ബുഡാപെസ്റ്റിലാണ് നടക്കുക. സെപ്റ്റംബർ 30 നാണ് മത്സരം.
2027 ലെ വനിത ചാമ്പ്യൻസ് ലീഗ് ഫൈനൽ പോളണ്ട് തലസ്ഥാനമായ വാർസോയിലും അടുത്ത വർഷത്തെ സൂപ്പർ കപ്പ് ഫൈനൽ ഓസ്ട്രിയയിലെ സാൽസ്ബർഗിലും വെച്ച് നടക്കുമെന്നും യുവേഫ പ്രഖ്യാപിച്ചു.