ഫുട്‌ബോളിൽ വീണ്ടും വംശീയാധിക്ഷേപം; എസി മിലാൻ ഗോൾകീപ്പർ മൈതാനം വിട്ടു

ആദ്യ പകുതിയിൽ മിലാൻ ഒരു ഗോൾ ലീഡ് നേടിയതിന് പിന്നാലെയാണ് കൂകിവിളിയും അധിക്ഷപവുമായി കാണികൾ രംഗത്തെത്തിയത്.

Update: 2024-01-22 11:49 GMT
Editor : Sharafudheen TK | By : Web Desk
Advertising

റോം: ഫുട്‌ബോളിൽ നാണക്കേടായി വീണ്ടും വംശീയാധിക്ഷേപം. ഇറ്റാലിയൻ ലീഗ് സിരി എയിലാണ് കാണികളിൽ നിന്ന് മോശം പെരുമാറ്റമുണ്ടായത്. ഉദിനീസ്-എസി മിലാൻ മത്സരത്തിനിടെയായാണ് സംഭവം. എസി മിലാൻ ഗോൾകീപ്പർ മൈക്ക് മെന്യാസിനെതിരെയായിരുന്നു അധിക്ഷേപം. ആദ്യ പകുതിയിൽ മിലാൻ ഒരു ഗോൾ ലീഡ് നേടിയതിന് പിന്നാലെയാണ് കൂകിവിളിയും അധിക്ഷപവുമായി കാണികൾ രംഗത്തെത്തിയത്. ഇതോടെ മിലാൻ താരങ്ങൾ കളി നിർത്തി ഡ്രസിങ് റൂമിലേക്ക് മടങ്ങി.

തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ 3-2ന് മിലാൻ വിജയം സ്വന്തമാക്കി. വംശീയ അധിക്ഷേപത്തിനെതിരെ ഫിഫയുടെ നേതൃത്വത്തിൽ ശക്തമായ നിലപാടെടുക്കുന്നതിനിടെയാണ് പ്രധാന ലീഗുകളിൽ തുടരെ ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത്.

തനിക്കെതിരെ ആദ്യം അധിക്ഷേപമുണ്ടായപ്പോൾ മൈക്ക് മെന്യാസ് റഫറിയോട് പരാതി പറഞ്ഞിരുന്നു. ഇതേ തുടർന്ന് കാണികൾ അച്ചടക്കം പാലിക്കണമെന്ന് അനൗൺസ്‌മെന്റും നടത്തി. എന്നാൽ വീണ്ടും മോശം പെരുമാറ്റമുണ്ടായതോടെയാണ് മിലാൻ ഗോൾകീപ്പർ മൈതാനം വിട്ടത്. താൻ ഇത്തരത്തിൽ വംശീയ അധിക്ഷേപം നേരിടുന്നത് ആദ്യമായല്ലെന്ന് താരം പിന്നീട് വ്യക്തമാക്കി. മത്സരശേഷം താരത്തിന് പിന്തുണയുമായി മിലാൻ ക്ലബ് രംഗത്തെത്തി. ഫ്രഞ്ച് താരമായ 28 കാരൻ പി.എസ്.ജിയിൽ നിന്നാണ് മിലാനിലേക്ക് ചേക്കേറിയത്. മുൻപ് സ്പാനിഷ് ലാലീഗയിൽ റയൽ മാഡ്രിഡ് ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ നിരവധി തവണ വംശീയ അധിക്ഷേപത്തിന് ഇരയായിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News