തിളക്കമുള്ള നേട്ടവുമായി കോഴിക്കോട്ടുകാരി ഐഷ നസിയ; ഫിഫ മാസ്റ്റേഴ്‌സ് കോഴ്‌സിനായി വിദേശത്തേക്ക്

മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള 700ലേറെ അപേക്ഷകരിൽ നിന്നാണ് ഐഷയ്ക്ക് പ്രവേശനം ലഭിച്ചത്

Update: 2021-06-22 15:23 GMT
Editor : abs | By : Web Desk

അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫ നേരിട്ട് നടത്തുന്ന സ്‌പോർട്‌സ് മാനേജ്‌മെന്റ് മാസ്റ്റേഴ്‌സ് കോഴ്‌സിന് പ്രവേശനം നേടി കോഴിക്കോട്ടുകാരി ഐഷ നസിയ. മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള 700ലേറെ അപേക്ഷകരിൽ നിന്നാണ് ഐഷയ്ക്ക് പ്രവേശനം ലഭിച്ചത്. ഇംഗ്ലണ്ട്, ഇറ്റലി, സ്വിറ്റ്‌സർലൻറ് എന്നിവിടങ്ങളിലെ മൂന്ന് സർവകലാശാലകളിലാണ് ഒരു വർഷത്തെ കോഴ്‌സ്. ആകെ 30 പേർക്കാണ് കോഴ്‌സിന് പ്രവേശനം. സ്‌പോർട്‌സ് ലോ, സ്‌പോർട്‌സ് മാനേജ്‌മെന്റ്, സ്‌പോട്‌സ് ഇവല്യൂഷൻ ആൻഡ് ഹിസ്റ്ററി എന്നിവയിലാണ് പഠനം. 

കോഴ്‌സിന്റെ 50 ശതമാനം തുക സ്‌കോളർഷിപ്പായി ലഭിക്കും. ബാക്കി ആവശ്യമായ 28 ലക്ഷം രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്താനാണ് തീരുമാനം. സെപ്തംബർ 16ന് ഐഷ കോഴ്‌സിനായി യാത്ര തിരിക്കും. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് പൂർത്തിയാക്കിയ ഈ 26കാരി എണ്ണക്കമ്പനിയിലായിരുന്നു നേരത്തേ ജോലി ചെയ്തത്. അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിലെ സീനിയർ എഞ്ചിനീയറായിരുന്നു.

ഫുട്ബാളിനായി വളർത്താനായുള്ള മിഷൻ ഇലവൻ മില്യൺ പദ്ധതിയുടെ കോ ഓഡിനേറ്ററായിരുന്നു. 2017ൽ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ കൊച്ചിയിലെ വേദിയായ കലൂർ നെഹ്‌റു സ്റ്റേഡിയത്തിലെ വളണ്ടിയർ സംഘത്തെ നയിച്ചത് ഐഷയായിരുന്നു. 2015ലെ ദേശീയ ഗെയിംസിലും സംഘാടക സമിതിയിൽ പ്രവർത്തിച്ചു. ഭർത്താവ് ഗാലിബും മാതാവായ പൊറ്റമ്മൽ സീലോഡ്‌സ് വില്ലയിൽ അത്തിയയും ഐഷക്ക് പിന്തുണയുമായി കൂടെയുണ്ട്. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News