ബ്രസീലിനെതിരെ മെസ്സി കളിക്കില്ല; 26 അംഗ ടീമിനെ പ്രഖ്യാപിച്ച് അർജന്റീന
ന്യൂയോർക്: പൂർണമായ ഫിറ്റ്നസ് കൈവരിക്കാത്തതിനാൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ നിന്നും സൂപ്പർ താരം ലയണൽ മെസ്സിയെ ഒഴിവാക്കി. കരുത്തരായ ഉറുഗ്വായ്, ബ്രസീൽ എന്നിവർക്കെതിരായ മത്സരത്തിൽ നിന്നും മെസ്സിക്ക് വിശ്രമം അനുവദിച്ച് അർജന്റീന 26അംഗ ടീം പ്രഖ്യാപിച്ചു.
ഇന്റർമിയാമിക്കായി കളിക്കുന്നതിനിടെ സംഭവിച്ച മസിൽ പരിക്കിൽ നിന്നും പൂർണമായും മുക്തനാകാത്തതിനാലാണ് താരത്തെ പുറത്തിരുത്തുന്നത്. ഞായറാഴ്ച അറ്റ്ലാന്റ യുനൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ മെസ്സി അതിമനോഹര ഗോൾ നേടിയിരുന്നു.
യുവതാരങ്ങളായ നികൊളാസ് പാസ്, ബെഞ്ചമിൻ ഡോമിൻഗ്വസ്, സാന്റിയാഗോ കാസ്ട്രോ എന്നിവർ സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. മെസ്സിയുടെ അഭാവത്തിൽ അലക്സിസ് മക്അലിസ്റ്റർ ക്യാപ്റ്റനാകും.
മാർച്ച് 21ന് ഉറുഗ്വായുമായും 25ന് ബ്രസീലുമായുമായാണ് അർജന്റീനയുടെ മത്സരങ്ങൾ. തെക്കേ അമേരിക്കൻ യോഗ്യത റൗണ്ടിൽ 12 മത്സരങ്ങളിൽ നിന്നും 25 പോയന്റുമായി അർജന്റീന നിലവിൽ ഒന്നാമതാണ്. നേരത്തേ പരിക്കിനെത്തുടർന്ന് ബ്രസീൽ സൂപ്പർ താരം നെയ്മറും ടീമിൽ നിന്നും പിന്മാറിയിരുന്നു.