സർവം അർജന്‍റൈന്‍; 2022 അടക്കിവാണ നീലപ്പട

ഏറ്റവും മികച്ച ആരാധക സംഘമായി തിരഞ്ഞെടുക്കപ്പെട്ടതും അർജന്റീന ഫാൻസ് ആണ്

Update: 2023-02-28 03:33 GMT
Editor : Shaheer | By : Web Desk
Advertising

പാരിസ്: 36 വർഷത്തെ കിരീടവരൾച്ചയ്ക്ക് അന്ത്യംകുറിച്ച് ഇതിഹാസ പദവിയുറപ്പിച്ച ലയണൽ മെസി, കലാശപ്പോരാട്ടം വരെ ടീമിന്റെ വലകാത്ത വിശ്വസ്ത കരങ്ങൾ എമിലിയാനോ മാർട്ടിനെസ്, ലാറ്റിനമേരിക്കൻ ടീമിനെ ചാംപ്യൻസംഘമാക്കി വളർത്തിയെടുത്ത ലയണൽ സ്‌കലോണി, എല്ലാത്തിനും മീതെ ഉയരങ്ങളിലും പതർച്ചകളിലും ടീമിനു വേണ്ടി ആർത്തുവിളിച്ച ആരാധകർ.. ഖത്തറിലെ സ്വപ്‌നസമാനമായ ലോകകിരീട നേട്ടത്തിനുശേഷം ഇതാ അർജന്റീനയെ അംഗീകാരങ്ങൾകൊണ്ട് മൂടിയിരിക്കുന്നു ഫിഫ.

2022ലെ ഫിഫ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സുപ്രധാനമായ ഒൻപത് പുരസ്‌കാരങ്ങളിൽ നാലും തേടിയെത്തിയത് അർജന്റീനയെ. മികച്ച താരം മെസി, മികച്ച ഗോൾകീപ്പർ എമി മാർട്ടിനെസ്, മികച്ച പരിശീലകൻ സ്‌കലോണി, ഏറ്റവും മികച്ച ആരാധകർ അർജന്റീന ഫാൻസ്... ഇങ്ങനെയാണ് പട്ടികയിലെ പുരസ്‌കാരങ്ങൾ.

അർജന്റീനയുടെ ലോകകിരീടനേട്ടത്തിൽ മെസിക്കൊപ്പം വലിയൊരു പങ്ക് എമി മാർട്ടിനെസിനുമുണ്ട്. ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെ പെനാൽറ്റി ഷൂട്ടൗട്ടിലടക്കം പലതവണ നീലപ്പടയുടെ രക്ഷകനായി ഈ 30കാരൻ. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിലും അർജന്റീനയുടെ വിജയനായകനായത് മാർട്ടിനെസ് തന്നെ. ഗോൾമുഖത്ത് കോട്ടകെട്ടി, എതിരാളികളുടെ നീക്കങ്ങളെ തകർത്തായിരുന്നു എമിലിയാനോ മാർട്ടിനെസ് ആ സ്വപ്‌നമുഹൂർത്തം അർജന്റീനൻ ആരാധകർക്ക് സമ്മാനിച്ചത്. ഖത്തർ ലോകകപ്പിൽ മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയ താരത്തിന്റെ ആത്മവിശ്വാസത്തിനും പോരാട്ടവീര്യത്തിനും ഫിഫ അംഗീകാരം ചാർത്തിയിരിക്കുകയാണ്.

അർജന്റീനയുടെ മൂന്ന് പതിറ്റാണ്ടു നീണ്ട കിരീടത്തിനായുള്ള അക്ഷമമായ കാത്തിരിപ്പിന് അന്ത്യമിട്ട പരിശീലകനാണ് മുൻ താരമായ ലയണൽ സ്‌കലോണി. ലോകകപ്പ് എന്ന ഒരേയൊരു ലക്ഷ്യത്തിലേക്ക് അർജന്റീന സംഘത്തെ സ്‌കലോണി നയിച്ച യാത്ര അത്രയും പ്രചോദനാത്മകമാണ്. മെസ്സിയെ മുന്നിൽ നിർത്തി, യുവത്വവും പരിചയസമ്പത്തും സമന്വയിപ്പിച്ച് സ്‌കെലോണി വാർത്തെടുത്ത സംഘം ലോകകപ്പിലും തൊട്ടുമുൻപ് കോപ്പ അമേരിക്കയിലും കാഴ്ചവച്ചത് വിസ്മയപ്രകടനങ്ങളായിരുന്നു.

പിന്നിലായാൽ സമ്മർദത്തിലാണ്ടുപോകുന്ന ടീമിന്റെ രോഗമറിഞ്ഞു ചികിത്സിച്ച വൈദ്യനാണ് സ്‌കലോണി. പ്രതിരോധത്തിനും ആക്രമണത്തിനും തുല്യപ്രാധാന്യം നൽകി സജ്ജമാക്കിയ മധ്യനിരയായിരുന്നു അദ്ദേഹത്തിന്റെ വജ്രായുധം. ടീമിന്റെ ഒത്തിണക്കവും കളിക്കാർക്കിടയിലെ മാനസിക ഐക്യവും നിലനിർത്തുന്നതിൽ സ്‌കലോണി വിജയിച്ചു. മെസ്സിക്ക് അമിതഭാരം നൽകാതെ നടത്തിയ ആക്രമണനീക്കങ്ങൾ, മുതിർന്ന താരം ഏഞ്ചൽ ഡി മരിയയെ ഉപയോഗിച്ച അപ്രതീക്ഷിതവും തന്ത്രപരവുമായ നീക്കങ്ങൾ. കന്നിക്കാരായ എൻസോ ഫെർണാണ്ടസിനെയും മാക് അലിസ്റ്ററിനെയും ഹൂലിയൻ അൽവാരസിനെയുമെല്ലാം മൈതാനമധ്യത്തേക്ക് പലദൗത്യങ്ങളുമായി പറഞ്ഞുവിട്ടത്. സ്‌കലോണി എതിരാളികളിൽ ആശയക്കുഴപ്പമുണ്ടാക്കിയത് പോരാട്ടത്തിന്റെ പലമുഖങ്ങൾ തുറന്നായിരുന്നു. സ്‌കലോണിയുടെ ആ വിജയഫോർമുലയ്ക്കുകൂടി ഫിഫ അംഗീകാരം ചാർത്തിയിരിക്കുകയാണിപ്പോൾ.

എല്ലാത്തിനും മീതെ വസന്തകാലത്തും വരൾച്ചക്കാലത്തും ടീമിനൊപ്പം നിലയുറപ്പിച്ച അർജന്റീന ആരാധകർക്ക് ലോകചരിത്രത്തിൽ അധികം മാതൃകകളുണ്ടാകില്ല. കിരീടത്തിനുവേണ്ടിയുള്ള മൂന്നു പതിറ്റാണ്ടിന്റെ ആ നീണ്ട കാത്തിരിപ്പ് ശരിക്കും ആരാധകരുടേതായിരുന്നു. ലോകകപ്പിൽ സൗദിയോടേറ്റ അപ്രതീക്ഷിതമായ തോൽവിയിലും അവർ പ്രതീക്ഷ കൈവിട്ടില്ല. മെസിയിൽ അർപ്പിച്ച വിശ്വാസങ്ങൾക്ക് ഒടുവിൽ കിരീടസാഫല്യവുമായി. ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമെന്നു വിശേഷിപ്പിക്കാവുന്ന ആ ആരാധകസംഘത്തിനും ഫിഫ ആദരമൊരുക്കിയിരിക്കുകയാണ്.

Summary: Argentina reigns The Best FIFA Football Awards 2022

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News