ബയേണിന് മുന്നിലും ഇളകാതെ ലെവർകൂസൻ; സ്വപ്‌ന കിരീടത്തിനരികെ അലോൺസോയും യുവനിരയും

മത്സരശേഷം ബയേൺ പരിശീലകൻ തോമസ് തുഹലിനെതിരെ രൂക്ഷമായ പ്രതികരണമാണ് ആരാധകർ നടത്തിയത്.

Update: 2024-02-11 10:01 GMT
Editor : Sharafudheen TK | By : Web Desk

മ്യൂസിക്: കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ബുണ്ടെസ് ലീഗയിൽ എതിരാളികളില്ലാതെ മുന്നേറുകയാണ് ബയേൺ മ്യൂണിക്. എന്നാൽ ഇത്തവണ കാര്യങ്ങൾ എളുപ്പമല്ലെന്ന് സീസൺ തുടക്കം മുതലേ നിലവിലെ ചാമ്പ്യൻമാർക്ക് ബോധ്യമായി. ബയേർ ലെവർകൂസൻ ക്ലബിന്റെ അപ്രതീക്ഷിത കുതിപ്പാണ് ജർമൻ വമ്പൻമാർക്ക് ഭീഷണിയായത്. തോൽവിയറിയാതെ 21 മത്സരങ്ങളുമായി കിരീടത്തോട് കൂടുതൽ അടുത്തിരിക്കുകയാണ് മുൻ സ്പാനിഷ് താരം സാബി അലോൺസോയുടെ പരിശീലനത്തിൽ ഇറങ്ങുന്ന ഈ യുവനിര.

Advertising
Advertising

ഇന്നലെ ബുണ്ടെസ് ലീഗയിലെ ബദ്ധവൈരികളുടെ പോരാട്ടത്തിൽ ബയേൺ മ്യൂണികിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോൽപിച്ചത്. ഇതോടെ ഇരു ടീമുകളും തമ്മിലുള്ള  വ്യത്യാസം അഞ്ചു പോയന്റാക്കി ഉയർത്താനുമായി. അവശേഷിക്കുന്ന മത്സരങ്ങിലും ഫോം തുടരാനായാൽ ചരിത്ര നേട്ടമാണ് ഈ കൊച്ചു ടീമിനെ കാത്തിരിക്കുന്നത്. ബയേണിൽ നിന്ന് ലോണിൽ എത്തിച്ച ജോസിപ് സ്റ്റാൻസികാണ്(18) ആദ്യമായി വലകുലുക്കിയത്. രണ്ടാം പകുതിയിൽ അലക്‌സ് ഗ്രിമാൽഡോ(50)യിലൂടെ ലീഡ് ഉയർത്തി. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ (90+5) ഫ്രിങ്‌പോങിലൂടെ മൂന്നാംഗോളും നേടി ചാമ്പ്യൻമാർക്ക് നാണം കെട്ട ജയം സമ്മാനിച്ചു.

മത്സരശേഷം ബയേൺ പരിശീലകൻ തോമസ് തുഹലിനെതിരെ രൂക്ഷമായ പ്രതികരണമാണ് ആരാധകർ നടത്തിയത്. ടീം ഫോർമേഷനിലും തന്ത്രത്തിലുമെല്ലാം പാളിച്ച സംഭവിച്ചതായി ആരോപണമുയർന്നു. എന്നാൽ ബയേൺ അധികൃതർ തുഹലിനെ പിന്തുണച്ച് രംഗത്തെത്തി. പരിശീലക സ്ഥാനത്ത് തുഹൽ തുടരുമെന്നും ബയേൺ മ്യൂണിക് വ്യക്തമാക്കി.

ലോണിൽ ടീമിലെത്തിച്ച ബയേൺ താരം ഗോളടിച്ചത് തോമസ് തുഹലിന് ചൊടിപ്പിച്ചു. 'ഒരു താരം ലോൺ അടിസ്ഥാനത്തിൽ കളിക്കാൻ പോയാൽ പിന്നെ സ്വന്തം ടീമിനെതിരെ കളത്തിലിറങ്ങാൻ കഴിയില്ല. ഇംഗ്ലണ്ട് ഫുട്‌ബോളിൽ ഇങ്ങനെയൊരു മികച്ച നിയമം ഉണ്ട്. എന്നെ സംബന്ധിച്ചെടുത്തോളം ഇത് നല്ലൊരു തീരുമാനമായാണ് കരുതുന്നത്. നിർഭാഗ്യവശാൽ ജർമ്മനിയിൽ ഈ നിയമം നിലവിലില്ല- തോമസ് തുഹൽ വ്യക്തമാക്കി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News