ബൂട്ടഴിച്ച് ഇഡൻ ഹസാർഡ്; അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു

ബെൽജിയം ഫുട്‌ബോളിനെ സുവർണ കാലത്തിലൂടെ നയിച്ചാണ് ഹസാർഡ് കളിനിർത്തുന്നത്. 2018ലെ റഷ്യ ലോകകപ്പിൽ ബെൽജിയം സെമി ഫൈനലിൽ കടന്നത് സൂപ്പർ താരത്തിന്റെ നേതൃത്വത്തിലായിരുന്നു

Update: 2022-12-07 11:38 GMT
Editor : Shaheer | By : Web Desk
Advertising

ബ്രസൽസ്: ഖത്തർ ലോകകപ്പിൽ ടീം പ്രീക്വാർട്ടർ കാണാതെ പുറത്തായതിനു പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ച് ബെൽജിയം സൂപ്പർ താരം ഇഡൻ ഹസാർഡ്. ഫേസ്ബുക്കിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്.

ഇന്ന് (ജീവിതത്തിൽ) ഒരു താള് മറിയുകയാണ്. നിങ്ങളുടെ സ്‌നേഹത്തിനു നന്ദി. അറ്റമില്ലാത്ത പിന്തുണയ്ക്കും 2008 മുതൽ പകർന്നുകൊണ്ടിരിക്കുന്ന എല്ലാ സന്തോഷത്തിനും നന്ദി. അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത തലമുറ തയാറാണ്. നിങ്ങളെയെല്ലാം ഞാൻ വല്ലാതെ മിസ് ചെയ്യും-ഇഡൻ ഹസാർഡ് ഫേസ്ബുക്കിൽ കുറിച്ചു.

ബെൽജിയം ഫുട്‌ബോളിനെ സുവർണ കാലത്തിലൂടെ നയിച്ചാണ് ഹസാർഡ് ബൂട്ടഴിക്കുന്നത്. റഷ്യയിൽ നടന്ന 2018 ലോകകപ്പിൽ ബെൽജിയം സെമി ഫൈനലിൽ കടന്നത് സൂപ്പർ താരത്തിന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ, ഇത്തവണ നിരാശാജനകമായ പ്രകടനമാണ് ബെൽജിസം ഖത്തറിൽ പുറത്തെടുത്തത്. ഗ്രൂപ്പ് എഫിൽ മൊറോക്കോയ്ക്കും ക്രൊയേഷ്യയ്ക്കും പിന്നിൽ മൂന്നാം സ്ഥാനവുമായാണ് ടീം നാട്ടിലേക്ക് തിരിച്ചത്. ഇതിനു പിന്നാലെയാണ് സൂപ്പർ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപിനം.

റയൽ മാഡ്രിഡ് മുന്നേറ്റ താരമായ ഇഡൻ ഹസാർഡ് ബെൽജിയത്തിനു വേണ്ടി 126 അന്താരാഷ്ട്ര മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. 33 ഗോളും ടീമിനായി സ്വന്തമാക്കി.

Full View

2019ൽ 150 മില്യൻ യൂറോ മൂല്യമുള്ള ട്രാൻസ്ഫറിലൂടെയാണ് ചെൽസിയിൽനിന്ന് ഇഡൻ ഹസാർഡിനെ റയൽ സ്വന്തമാക്കുന്നത്. 2012ൽ ഫ്രഞ്ച് ക്ലബായ ലില്ലിയിൽനിന്നാണ് താരം ചെൽസിയിലെത്തുന്നത്. ചെൽസിക്കായി 352 കളികളിൽനിന്നായി 110 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഏഴ് സീസണുകളിലായി ടീമിന് രണ്ടുതവണ പ്രീമിയർ ലീഗ്, യൂറോപ്പ ലീഗ് കിരീടം നേടിക്കൊടുക്കുകയും ചെയ്തു. നാലുതവണ ചെൽസിയുടെ പ്ലേയർ ഓഫ് ദ ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Summary: Belgium Star Eden Hazard announced his retirement from international football, days after the team crashed out of the World Cup in the group stage

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News