തോബ്, ബിഷ്ത്, കരവാൾ... പാരമ്പര്യ സൗദി ഗെറ്റപ്പിൽ ഞെട്ടിച്ച് ക്രിസ്റ്റ്യാനോയും മാനെയും-വൈറൽ വിഡിയോ

സഹതാരങ്ങളായ അബ്ദുല്ല അൽഖൈബാരി, മേഴ്‌സെലോ ബ്രോസോവിച്ച്, സുൽത്താൻ അൽഗാനം എന്നിവർക്കൊപ്പം സൗദി നാടോടിനൃത്തമായ 'അർദാ'യ്ക്ക് ചുവടുംവയ്ക്കുന്നുണ്ട് ക്രിസ്റ്റ്യാനോ

Update: 2023-09-22 17:01 GMT
Editor : Shaheer | By : Web Desk

റിയാദ്: പാരമ്പര്യ സൗദിവസ്ത്രങ്ങളിൽ ആരാധകരെ ഞെട്ടിച്ച് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനെയും. തോബും ബിഷ്തും തലപ്പാവും ധരിച്ച് കൈയിൽ വാളും പിടിച്ചുനിൽക്കുന്ന ക്രിസ്റ്റ്യാനോയുടെയും മാനെയുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സൗദി ദേശീയദിനത്തോടനുബന്ധിച്ച് അൽ-നസ്ർ ക്ലബാണ് വിഡിയോ പുറത്തുവിട്ടത്.

ഒറ്റ പതാകയ്ക്കു വേണ്ടി എല്ലാവരും ഒന്നിച്ച് എന്ന അടിക്കുറിപ്പോടെയാണ് അൽ-നസ്ർ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നമ്മൾ സ്വപ്‌നം കാണുകയും അത് നേടിയെടുക്കുകയും ചെയ്യുന്നുവെന്നും പോസ്റ്റിൽ പറയുന്നു. രണ്ടര മിനിറ്റ് വിഡിയോയിൽ വിങ്ങർ അബ്ദുൽ റഹ്മാനും ഗോൾകീപ്പർ നവാഫ് അൽആഖിദിയും ആഘോഷങ്ങൾക്കായി ബാൻഡ് വാദ്യങ്ങൾ ഒരുക്കുന്നതു കാണാം. കീപ്പർ വലീദ് അബ്ദുല്ല പോർച്ചുഗീസ് മധ്യനിര താരം ഒറ്റാവിയോയ്ക്ക് അറബ് കോഫി പകരുന്നു.

Advertising
Advertising

ബ്രസീൽ താരം ടാലിസ്‌ക കോച്ച് ലൂയിസ് കാസ്‌ട്രോയുടെ ഖമീസിന് അളവെടുക്കുകയാണ്. പിന്നാലെയാണ് തോളിൽ വാളുമേന്തി മാനേ എത്തുന്നത്. ഒടുവില്‍ ആരവങ്ങൾക്കു നടുവിലേക്ക് പാരമ്പര്യവസ്ത്രങ്ങളുടുത്ത്, കിടിലൻ സൗദി ഗെറ്റപ്പിൽ ക്രിസ്റ്റ്യാനോയുടെ മാസ് എന്‍ട്രി. സഹതാരങ്ങളായ അബ്ദുല്ല അൽഖൈബാരി, മേഴ്‌സെലോ ബ്രോസോവിച്ച്, സുൽത്താൻ അൽഗാനം എന്നിവർക്കൊപ്പം സൗദി നാടോടിനൃത്തമായ 'അർദാ'യ്ക്ക് ചുവടുംവയ്ക്കുന്നുണ്ട് സൂപ്പർ താരം.

പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ 20 ലക്ഷത്തോളം പേരാണ് വിഡിയോ ട്വിറ്ററിൽ കണ്ടത്. ഫേസ്ബുക്കിൽ 2.40 ലക്ഷമാണു കാഴ്ചക്കാരുടെ എണ്ണം. ഇൻസ്റ്റഗ്രാമിൽ 1.90 ലക്ഷം പേരും കണ്ടിട്ടുണ്ട്.

Summary: Cristiano Ronaldo and Sadio Mane don traditional Saudi attire in Al Nassr's Saudi national day video

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News