വിശ്വമേളക്ക് യോഗ്യത നേടിയ കുഞ്ഞൻ രാജ്യമായ കുറസാവിനെ അറിയാം
ജനസംഖ്യ വെറും ഒന്നരലക്ഷത്തിന് മുകളിൽ, അതായത് കേരളത്തിലെ പല ജില്ലകളുടെയും അഞ്ചിലൊന്ന് മാത്രം. ഇങ്ങനെയൊക്കെ ആണെങ്കിലും അവർ വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടി കഴിഞ്ഞു. പറഞ്ഞു വരുന്നത് ലാറ്റിനമേരിക്കയുടെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന കരീബിയ ദ്വീപുകളിൽ ഒന്നായ കുറസാവിനെ കുറിച്ചാണ്. ലോകകപ്പിലേക്ക് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ഖ്യാതി അവർ സ്വന്തം പേരിലാക്കി. 2018ൽ ലോകകപ്പ് കളിച്ച ഐസ്‌ലൻഡിന്റെ റെക്കോർഡാണ് അവർ മറികടന്നത്. പക്ഷെ ഇവർക്കൊരു പ്രത്യേകതയുണ്ട് ടീമിൽ കളിക്കുന്ന ഒരാൾ പോലും കുറസാവിൽ ജനിച്ചവരല്ല
2010 വരെ ഒരു ഡച്ച് കോളനിയായിരുന്നു ഈ കുഞ്ഞൻ ദ്വീപുകാർ. പിന്നീട് ഒരു സ്വതന്ത്ര രാജ്യമായി മാറിയെങ്കിലും ഇന്നും അവർ കിങ്ഡം ഓഫ് നെതെർലാൻഡ്‌സിന്റെ കീഴിലാണ്. അതുകൊണ്ടു തന്നെ സ്‌ക്വാഡിൽ കളിക്കുന്ന എല്ലാ കളിക്കാരും ആംസ്റ്റർഡാമിലോ,റോട്ടർഡാമിലോ, ഹാർലെംമിലോ, ഗ്രോണിങ്ജെനിലും ജനിച്ചവരാണ്. ഒരിക്കൽ നെതർലൻഡ്‌സ് ദേശിയ ടീമിൽ കളിച്ചവരോ കളിക്കാൻ ആഗ്രഹിച്ചവരോ ആണ് അവരിൽ ഭൂരിഭാഗം പേരും. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി താരമായിരുന്ന താഹിത് ചോങ്, മുൻ ബ്രൈറ്റൺ താരമായിരുന്നു യർഗൻ ലോകാടിയ, മുൻ പ്രീമിയർ ലീഗ് താരമായിരുന്ന ലിയാൻഡ്രോ ബക്യൂനാ അങ്ങനെ പല പ്രധാന പേരുകളും ആ ടീമിലുണ്ട്.
2016 ൽ ഫിഫ റാങ്കിങ്ങിൽ വളരെ പിന്നിലായിരുന്ന ടീം എങ്ങനെ ഇന്ന് ലോകകപ്പ് കളിക്കുന്നു. അതിനു കാരണം അവർ നടപ്പിലാക്കിയ ഡച്ച് റെവല്യൂഷൻ ആണ്. 2015 ൽ പാട്രിക് ക്ലുയ്വെർട്ട് നെ കൊണ്ട് വന്നതാണ് അവരുടെ ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിച്ച തീരുമാനം. ക്ലുയ്വെർട്ട് അവിടത്തെ ഫുട്ബാളിലേക്ക് ഡച്ച് ഫിലോസഫി കൊണ്ടുവന്നു. ലോകോത്തര താരങ്ങളെ എത്തിച്ചു. ഗസ് ഹിഡിങ്, ആർട്ട് ലങ്ങേലെർ ഇപ്പൊ ഡിക്ക് അഡ്വക്കറ്റ് അങ്ങനെ ഡച്ച് ഫുട്ബോളിലെ മികച്ച പരിശീലകരെ അവർ അവിടെയെത്തിച്ചു. ഗോൾഡ് കപ്പിലെ ക്വാർട്ടർ ഫൈനൽ കുതിപ്പ്, കരീബിയ കപ്പ് കിരീടം എന്നിങ്ങനെ അവർ നടപ്പാക്കിയ പ്ലാനുകൾ പതിയെ വിജയം കണ്ട് തുടങ്ങി. അത് അവിടുത്തെ യുവ താരങ്ങൾക്ക് അവരുടെ ജേഴ്സിയണിയാൻ പ്രചോദനമായി. ഇന്നിതാ അവർ ലോകകപ്പിലേക്ക് പറക്കാൻ ഒരുങ്ങുന്നു. ദീർഘ കാലത്തെ വിഷനും മിഷനും കൊണ്ട് എങ്ങനെ ലോകവേദിയിലെത്താമെന്ന് അവർ ലോകത്തിന് മുന്നിൽ തെളിയിക്കുകയാണ്.