പ്രതിഫലം മുടങ്ങിയതോടെ ക്ലബ്ബ് വിട്ടു; ആൽവസിനു പിന്നാലെ പ്രമുഖ ക്ലബ്ബുകൾ

രാജ്യത്തിനും ക്ലബ്ബുകൾക്കുമായി 43 ട്രോഫികൾ നേടിയിട്ടുള്ള ആൽവസ്, ഏറ്റവുമധികം പ്രൊഫഷണൽ കിരീടങ്ങളുള്ള താരമാണ്.

Update: 2021-09-17 15:50 GMT
Editor : André | By : André
Advertising

ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന ഡാനി ആൽവസ് ഫ്രീ ഏജന്റായി. പ്രതിഫല തർക്കത്തെ തുടർന്ന് ബ്രസീലിയൻ ലീഗിലെ സാവോ പോളോയിൽ നിന്ന് പടിയിറങ്ങിയതോടെയാണ് ഇതിഹാസതാരത്തിന് ക്ലബ്ബില്ലാതായത്. 2019-ൽ പി.എസ്.ജി വിട്ട് തന്നെ ബാല്യകാല ക്ലബ്ബിലെത്തിയ താരം സാവോപോളോയെ കഴിഞ്ഞ സീസണിൽ ലീഗ് ചാമ്പ്യന്മാരാവാൻ സഹായിച്ചിരുന്നു. ഇക്കഴിഞ്ഞ ഒളിംപിക്‌സിൽ ബ്രസീലിനെ സ്വർണമെഡൽ ജേതാക്കളാക്കുന്നതിലും ആൽവസ് സുപ്രധാന പങ്കുവഹിച്ചു.

ബ്രസീലിയൻ ലീഗിൽ ഏറ്റവുമധികം പ്രതിഫലം നേടുന്ന താരം എന്ന ഖ്യാതിയോടെയാണ് താരം 2019-ൽ സാവോപോളോയുമായി കരാറിലെത്തിയത്. എന്നാൽ, കഴിഞ്ഞ രണ്ട് സീസണിലും തനിക്കുള്ള പ്രതിഫലം പൂർണമായി നൽകിയില്ലെന്നും 26 കോടി രൂപയോളം ക്ലബ്ബ് ഇനിയും നൽകാനുണ്ടെന്നും വ്യക്തമാക്കിയാണ് 38-കാരനായ താരം പടിയിറങ്ങിയത്. അതേസമയം, കോവിഡ് പ്രതിസന്ധി കാരണം ചില പേമെന്റുകൾ വൈകിയിട്ടുണ്ടെങ്കിലും ആൽവസിനു നൽകാനുള്ള പണം കൊടുത്തു തീർത്തിട്ടുണ്ടെന്നും താരത്തെ ക്ലബ്ബിൽ നിന്ന് ഒഴിവാക്കിയെന്നും ഫ്‌ളമെംഗോ അവകാശപ്പെട്ടു.

ബ്രസീലിയൻ ലീഗിലെ ഫ്‌ളമെംഗോ, സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റികോ മാഡ്രിഡ്, അർജന്റീന ക്ലബ്ബുകളായ ബൊക്ക ജൂനിയേഴ്‌സ്, റിവർപ്ലേറ്റ് തുടങ്ങിയ ക്ലബ്ബുകൾ ഇതിഹാസ താരത്തിനു വേണ്ടി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാവോപോളോയുടെ ബദ്ധവൈരികളായ ഫ്‌ളമെംഗോ ഈയിടെ ബ്രസീലിയൻ വെറ്ററൻ താരം ഡേവിഡ് ലൂയിസിനെ സ്വന്തമാക്കിയിരുന്നു. ലീഗ് കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ഫ്‌ളമെംഗോ ഇതിനകം ആൽവസുമായി ചർച്ചയാരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ദീർഘകാലം ബാഴ്‌സലോണ താരമായിരുന്ന ആൽവസ്, അത്‌ലറ്റികോ മാഡ്രിഡിലൂടെ സ്പാനിഷ് ലീഗിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നതായും സൂചനയുണ്ട്. സ്പാനിഷ് ചാമ്പ്യന്മാരുടെ ഇംഗ്ലീഷ് താരം കിറൻ ട്രിപ്പിയർക്കു വേണ്ടി മാഞ്ചസ്റ്റർ യുനൈറ്റഡ് ശ്രമം ശക്തമാക്കിയ സാഹചര്യത്തിൽ കോച്ച് ഡീഗോ സിമിയോണി പകരക്കാരനായി ആൽവസിനെ കാണുന്നതായാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ജനുവരിയിലെ ട്രാൻസ്ഫർ കാലയളവിൽ മാത്രമേ താരവുമായി കരാറൊപ്പിടാൻ അത്‌ലറ്റികോയ്ക്ക് കഴിയുകയുള്ളൂ.

രാജ്യത്തിനും ക്ലബ്ബുകൾക്കുമായി 43 ട്രോഫികൾ നേടിയിട്ടുള്ള ആൽവസ്, ഏറ്റവുമധികം പ്രൊഫഷണൽ കിരീടങ്ങളുള്ള താരമാണ്. സെവിയ്യ, ബാഴ്‌സലോണ, യുവന്റസ്, പി.എസ്.ജി എന്നീ ക്ലബ്ബുകളിലായി 266 മത്സരങ്ങൾ കളിച്ച താരം ബ്രസീലിനു വേണ്ടി 119 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News