ഒടുവിൽ തീരുമാനമായി; സന്ദേശ് ജിങ്കൻ ബംഗളൂരു എഫ്.സിയിൽ

വരുന്ന ഐ.എസ്.എൽ സീസണിൽ സന്ദേശ് ജിങ്കൻ എ.ടി.കെയിലുണ്ടാകില്ലെന്ന് ക്ലബ് മുമ്പ് അറിയിച്ചിരുന്നു

Update: 2022-08-14 08:11 GMT
Advertising

ഐ.എസ്.എല്ലിൽ എ.ടി.കെ മോഹൻ ബഗാൻ വിട്ട ഡിഫൻഡർ സന്ദേശ് ജിങ്കൻ ബംഗളൂരു എഫ്.സിയിൽ. സൂപ്പർ സൺഡേ സർപ്രൈസന്ന കുറിപ്പോടെ ടീമിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. പരിശീലന സെഷനിലൂടെ ടീമിന്റെ ആരാധകപ്പടയായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിലേക്ക് സന്ദേശ് ജിംഗനെ അവതരിപ്പിച്ചതായും അദ്ദേഹം നമ്മുടെ സ്വന്തമായിരിക്കുമെന്നും ബെംഗളൂരു ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.


വരുന്ന ഐ.എസ്.എൽ സീസണിൽ സന്ദേശ് ജിങ്കൻ എ.ടി.കെയിലുണ്ടാകില്ലെന്ന് ക്ലബ് മുമ്പ് അറിയിച്ചിരുന്നു. ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെയായിരുന്നു എ.ടി.കെ മോഹൻ ബഗാൻ ഇക്കാര്യം പുറത്തുവിട്ടിരുന്നത്. ജിങ്കന്റെ സേവനങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട് മോഹൻ ബഗാൻ ട്വീറ്റ് ചെയ്യുകയായിരുന്നു.



രണ്ടു സീസൺ മുമ്പ് വരെ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സന്ദേശ് ജിങ്കൻ 2020 ലാണ് എ.ടി.കെയിലെത്തുന്നത്. നീണ്ട ആറുവർഷം ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയെ കോട്ടകെട്ടി കാത്ത സെൻറർ ബാക്കായ ജിങ്കന് കേരളത്തിൽ വലിയൊരു ആരാധകവൃദ്ധം തന്നെയുണ്ട്. ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന ജിങ്കൻ 21ാം വയസിലാണ് മഞ്ഞക്കുപ്പായത്തിൽ ആദ്യമെത്തുന്നത്. ആദ്യ സീസണിൽ തന്നെ എമർജിംഗ് പ്ലയറായ ജിങ്കൻ അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ നായകനുമായി.

ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായ ജിങ്കനെ 2020 സീസണിൽ നിലനിർത്താതിരിക്കാനുള്ള കാരണമെന്നായിരുന്നു അന്ന് പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. 2022 വരെ കരാർ ബാക്കിയുള്ളപ്പോഴായിരുന്നു ജിങ്കൻ ബ്ലാസ്റ്റേഴ്സ് വിടുന്നത്. ഇന്നും ഏറ്റവുമധികം മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനായി പന്തു തട്ടിയ താരമെന്ന റെക്കോർഡ് ജിങ്കന്റെ പേരിലാണ്.


ബ്ലാസ്റ്റേഴ്‌സിൽ നിന്ന് എ.ടി.കെയിലെത്തിയ ജിങ്കൻ പിന്നീട് മോഹൻ ബഗാൻ വിട്ട് ക്രൊയേഷ്യയിൽ പോയിരുന്നു. ജിങ്കൻ അഞ്ച് വർഷത്തെ കരാറാണ് എ.ടി.കെയുമായി ഒപ്പുവെച്ചിരുന്നത്. എന്നാൽ ക്രൊയേഷ്യൻ ക്ലബായ സിബെനിക്കിൽ നിന്ന് ഓഫർ വന്നപ്പോൾ താരം ആ വിദേശ ക്ലബുമായി കരാറിലെത്തകയായിരുന്നു. എ.ടി.കെയുമായുള്ള കരാറിൽ യൂറോപ്യൻ ടീമുകളിൽ നിന്ന് ഓഫർ വന്നാൽ റിലീസ് ചെയ്തു കൊടുക്കാമെന്ന് അവർ വ്യവസ്ഥ വെച്ചിരുന്നു. അങ്ങനെ ജിങ്കൻ ക്രൊയേഷ്യൻ ക്ലബിനായി പന്തു തട്ടാനെത്തി.


എന്നാൽ ക്രൊയേഷ്യൻ ക്ലബിൽ അധിക കാലം പിടിച്ചുനിൽക്കാൻ ജിങ്കനായില്ല. അധികം വൈകാതെ ഐ.എസ്.എല്ലിലേക്ക് താരം തിരികെ മടങ്ങുകയായിരുന്നു. പരിക്കും ആദ്യ ഇലവനിലേക്കുള്ള കടുത്ത മത്സരവും കാരണം താരത്തിന് അവിടെ അധികം അവസരം ലഭിച്ചിരുന്നില്ല. അങ്ങനെ ജിങ്കൻ തിരികെ ബഗാനിലേക്ക് വരികയായിരുന്നു.

Defender Sandesh Jinkan joins Bengaluru FC after leaving ATK Mohun Bagan in ISL

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News