യൂറോപ ലീഗിൽ ക്ലൈമാക്‌സിൽ ജയം പിടിച്ച് ലെവർകൂസൻ; തോൽവിയറിയാതെ 37ാം മത്സരം

ലിവർപൂൾ സ്പാർട്ടയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് കീഴടക്കി. കോഡി ഗാപ്‌കോ ഇരട്ട ഗോളുമായി തിളങ്ങി

Update: 2024-03-15 05:48 GMT
Editor : Sharafudheen TK | By : Web Desk
Advertising

മ്യൂണിക്: ബുണ്ടെസ് ലീഗയിലെ തേരോട്ടത്തിന് പിന്നാലെ യൂറോപ ലീഗിലും മുന്നേറി ബയേർ ലെവർകൂസൻ. പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ അസർബൈജാൻ ക്ലബ് ഖാരാബാഗിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കീഴടക്കിയത്. ഇഞ്ചുറി സമയത്ത് പാട്രിക് ഷിക് നേടിയ ഇരട്ട ഗോളുകളാണ് ജർമൻ ക്ലബിന് രക്ഷയായത്. ഇതോടെ സാബി അലോൺസോ സംഘത്തിന്റെ തോൽവിയറിയാത്ത 37ാം മത്സരമായിത്.

58ാം മിനിറ്റിൽ അബ്ദുള്ള സൗബറിന്റെ ഗോളിൽ അസർബൈജാൻ ക്ലബാണ് ലീഡെടുത്തത്. 67ാം മിനിറ്റിൽ ജുനീഞ്ഞോയിലൂടെ വീണ്ടും ഞെട്ടിച്ചു. കളി കൈവിട്ടുപോയെന്ന് തോന്നിച്ച ഘട്ടത്തിലാണ് 72ാം മിനിറ്റിൽ ജെർമിൻ ഫ്രിങ്‌പോങിലൂടെ ലെവർകൂസൻ ആദ്യ ഗോൾ മടക്കിയത്. എന്നാൽ അവസാന മിനിറ്റുകളിൽ സമനില പിടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഒടുവിൽ ഇഞ്ചുറി സമയത്തെ മൂന്നാം മിനിറ്റിൽ അലക്‌സ് ഗ്രിമാൾഡോയുടെ ക്രോസ് ഗോളിലേക്ക് തിരിച്ചുവിട്ട് ചെക്ക് റിപ്പബ്ലിക് സ്‌ട്രൈക്കർ പാട്രിക് ഷിക് സമനില പിടിച്ചു.   അന്തിമ വിസിലിന് നിമിഷങ്ങൾ ബാക്കിനിൽക്കെ മറ്റൊരു ഗോൾകൂടിയെത്തി. എസകീൽ പലാസിയുടെ ക്രോസിൽ തലവെച്ച് ഷിക് ആതിഥേയർക്ക് അവിശ്വസിനീയ ജയം സമ്മാനിച്ചു.

മറ്റൊരു മത്സരത്തിൽ ലിവർപൂൾ സ്പാർട്ടയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് കീഴടക്കി. കോഡി ഗാപ്‌കോ ഇരട്ടഗോളുമായി തിളങ്ങി. മറ്റു മത്സരങ്ങളിൽ വിജയത്തോടെ വിയ്യാറയൽ, എസി മിലാൻ, വെസ്റ്റ്ഹാം യുണൈറ്റഡ്, അത്‌ലാന്റ, എഎസ് റോമ എന്നീ ക്ലബുകളും യൂറോപ്പ ലീഗിൽ അവസാന എട്ടിൽ സ്ഥാനം പിടിച്ചു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News