മാക് അലിസ്റ്ററിന്റെ പത്താം നമ്പർ ആവശ്യപ്പെട്ട് വിർട്‌സ്; ട്രാൻസ്ഫർ നീക്കത്തിന് ലിവർപൂൾ
ലെവർകൂസൻ താരത്തിനായി റെക്കോർഡ് ട്രാൻസ്ഫർ തുകയാണ് ലിവർപൂൾ മുന്നോട്ട് വെച്ചത്
ലണ്ടൻ: കഴിഞ്ഞ ഏതാനും ദിവസമായി ട്രാൻസ്ഫർ മാർക്കറ്റിലെ ഹോട്ട് ടോപ്പിക്കാണ് ഫ്ളോറിയാൻ വിർട്സ്. ഏറ്റവുമൊടുവിൽ 150 മില്യൺ യൂറോ ഏകദേശം 1465 കോടിയാണ് ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ യങ് അറ്റാക്കിങ് മിഡ്ഫീൽഡറെ സ്വന്തമാക്കാനായി മുന്നോട്ട് വെച്ചത്. ഡീൽ വിജയകരമായാൽ ഇംഗ്ലീഷ് ഫുട്ബോളിലെ തന്നെ ഏറ്റവും ഉയർന്ന കൈമാറ്റ തുകയായി മാറുമിത്. 2023ൽ മൊയ്സസ് കയ്സെഡോയെ എത്തിക്കാനായി ചെൽസി ചെലവഴിച്ച 115 മില്യണാണ് ഇതുവരെയുള്ള റെക്കോർഡ് ട്രാൻസ്ഫർ ഫീ. മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക് ക്ലബുകളുടെ റഡാറിലുള്ള താരണമാണെങ്കിലും പ്രധാന ടാർഗെറ്റ് ഓപ്ഷൻ ലിവർപൂളാണെന്നാണ് പുതിയ വാർത്തകൾ.
ലിവർപൂളിൽ വിർട്സ് ഏതു നമ്പർ ജഴ്സിയണിയും. ട്രാൻസ്ഫർ നീക്കങ്ങൾ അണിയറിൽ പുരോഗമിക്കവെ ഇത്തരമൊരു ചർച്ചയും ഫുട്ബോൾ സർക്കിളിൽ സജീവമായുണ്ട്. ആൻഫീൽഡിലെത്തുമ്പോൾ ഐകോണികായ 10ാം നമ്പർ വേണമെന്ന് യുവതാരം ആവശ്യപ്പെട്ടതായാണ് ജർമൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. നേരത്തെ ഇംഗ്ലീഷ് താരം ജോ കോൾ, ബ്രസീലിയൻ താരം കുട്ടീഞ്ഞോ, സെനഗൽ ഫോർവേഡ് സാദിയോ മാനെ തുടങ്ങിയവരെല്ലാം അണിഞ്ഞ അതേ പത്താം നമ്പർ. നിലവിൽ മാക് അലിസ്റ്ററാണ് ഈ ജഴ്സിയണിഞ്ഞ് കളത്തിൽ നിറയുന്നത്. വരും നാളുകളിൽ ഡീൽ പൂർത്തിയായി വിർട്സ് ആൻഫീൽഡിലെത്തുമ്പോൾ ആ ഐകോണിക് നമ്പറിൽ ആര് കളത്തിലിറങ്ങുമെന്ന ആകാംക്ഷയിലാണ് ആരാധകർ.