പ്രമുഖ താരങ്ങൾ മുതൽ സർപ്രൈസ് നീക്കങ്ങൾ വരെ; ജനുവരി ട്രാൻസ്ഫറിൽ കണ്ണുംനട്ട് ക്ലബുകൾ
പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന ലിവർപൂൾ ട്രാൻസ്ഫറിലൂടെ നിർണായക മാറ്റത്തിനാണ് ഒരുങ്ങുന്നത്.
ജനുവരി ട്രാൻസ്ഫർ ഒരു പ്രതീക്ഷയുടെ ജാലകമാണ്... വലിയ ഹൈപ്പിലെത്തി ഒട്ടും ശരിയാകാത്തവർക്കും കിരീടസ്വപ്നങ്ങളിലേക്ക് അടിവെച്ച് മുന്നേറുന്നവർക്കുമുള്ള ലൈഫ് ലൈനാണ് ഓരോ മിഡ് സീസൺ ട്രാൻസ്ഫറുകളും. 2018ൽ 135 മില്യണിന്റെ റെക്കോർഡ് തുകക്ക് ഫിലിപ്പെ കുട്ടീഞ്ഞോ ലിവർപൂളിൽ നിന്ന് ബാഴ്സണോണയിൽ പറന്നിറങ്ങിയത് അന്നൊരു ജനുവരി ട്രാൻസ്ഫർ ഡീലിലായിരുന്നു. ബെനഫികയിൽ നിന്ന് എൻസോ ഫെർണാണ്ടസിനെ ചെൽസി റാഞ്ചിയതും മുൻപൊരു വിന്റർ സീസണിലായിരുന്നു. സതാംപ്ടണിൽ നിന്ന് ആൻഫീൽഡിലേക്കുള്ള വിർജിൽ വാൻഡെകിന്റെ വരവ് മുതൽ ബ്രൂണോ ഫെർണാണ്ടസിന്റെ യുണൈറ്റഡ് ചെങ്കുപ്പായത്തിലേക്കുള്ള എൻട്രി വരെയായി എത്രയേറെ കൂടുമാറ്റങ്ങൾ. മറ്റൊരു ട്രാൻസ്ഫർ കാലത്തേക്ക് അടുത്തുകൊണ്ടിരിക്കെ ഇത്തവണയും യൂറോപ്പിലെ പ്രധാന ക്ലബുകൾ കളിക്കാരെ ടാർഗെറ്റ് ചെയ്ത് രംഗത്തുണ്ട്. സൂപ്പർ താരങ്ങളുടെ പേരുകൾ മുതൽ സർപ്രൈസ് താരങ്ങൾ വരെയാണ് ക്ലബുകളുടെ റഡാറിലുള്ളത്.
ജനുവരി ട്രാൻസ്ഫരിൽ എപ്പോഴും ആധിപത്യം പുലർത്തികൊണ്ടിരുന്ന ക്ലബാണ് ലിവർപൂൾ. നിലവിൽ അവരുടെ പല പ്രമുഖ താരങ്ങളുടേയും പ്രവേശനം മിഡ്സീസൺ ഡീലിലായിരുന്നു. പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ചെമ്പടക്ക് നിലവിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. 12 മത്സരങ്ങളിൽ ആറു ജയം, ആറു തോൽവി. പോയന്റ് ടേബിളിൽ 12ാം സ്ഥാനത്ത്. ടൈറ്റിൽ റേസ് പോയിട്ട് ടോപ് ഫോർ പോലും ഏറെ അകലെയായി നിൽക്കുന്ന സാഹചര്യം. പ്രീമിയർ ലീഗിലേക്കൊരു കംബാകിനായി ചില വലിയ നീക്കങ്ങൾ നടത്തണമെന്ന് ആർനെ സ്ലോട്ടിനും സംഘത്തിനും നന്നായറിയാം. ഇതോടെ ജനുവരി ട്രാൻസ്ഫറിൽ സുപ്രധാന നീക്കങ്ങൾക്കാണ് ലിവർപൂൾ തയാറെടുക്കുന്നതെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധമാണ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി. ഇതുവരെ പ്രീമിയർ ലീഗിൽ മാത്രം വഴങ്ങിയത് 20 ഗോളുകൾ. വിർജെൽ വാൻഡെക്- ഇബ്രാഹിമ കൊനാട്ടെ കോട്ടക്ക് വിള്ളൽ വീണിരിക്കുന്നു. ഇതോടെ സ്പോട്ടിങ് ഡയറക്ടർ റിച്ചാർഡ് ഹ്യൂഗ്സിന്റെ ജനുവരി ട്രാൻസ്റിലെ പ്രധാന ടാർഗെറ്റ് പ്രതിരോധമാണ്.
നിലവിൽ ക്രിസ്റ്റൽ പാലസിന്റെ ഇംഗ്ലീഷ് താരം മാർക് ഗുയിയാണ് ലക്ഷ്യംവെക്കുന്ന പ്രധാന താരം. പ്രീമിയർ ലീഗ് എക്സ്പീരിയൻസുള്ള താരത്തെ സൈൻ ചെയ്യുന്നതിലൂടെ പ്രതിരോധം സ്ട്രോങാക്കാമെന്നാണ് നിലവിലെ ചാമ്പ്യൻമാർ കരുതുന്നത്.നേരത്തെ കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ഗുയിയെ എത്തിക്കാൻ ലിവർപൂൾ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടിരുന്നില്ല. ഈ സീസൺ അവസാനത്തോടെ താരത്തിന്റെ കരാർ അവസാനിക്കാനിരിക്കെ ഫ്രീട്രാൻസ്റിൽ നൽകാൻ ക്രിസ്റ്റൽ പാലസ് താൽപര്യപ്പെടില്ല. ഇതോടെ ജനുവരിയിൽ ഇംഗ്ലീഷ് പ്ലെയറെ വിൽക്കാനുള്ള സാധ്യത കൂടുതലാണ്. 35 മില്യൺ പൗണ്ട് ട്രാൻസ്ഫർഫീ പ്രതീക്ഷിക്കുന്ന താരത്തിനായി ബയേൺ മ്യൂണികും രംഗത്തുണ്ടെന്നാണ് വാർത്തകൾ. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ജർമൻ സെൻട്രൽ ബാക് നിക്കോ സെഡ്രിക്, ബെൻഫികയുടെ പോർച്ചുഗീസ് യങ് ഡിഫൻഡർ ആന്റോണിയോ സിൽവ എന്നിവരുടെ പേരുകളും ലിവർപൂൾ ഡിഫൻസ് ലിസ്റ്റിൽ ഉയർന്നുകേൾക്കുന്നു. സിൽവക്കായി യുണൈറ്റഡ്, റയൽമാഡ്രിഡ് ഉൾപ്പെടെയുള്ള ക്ലബുകളും പ്രതീക്ഷവെക്കുന്നുണ്ട്.
വിനീഷ്യസ് ജൂനിയർ റയലുമായി വേർപിരിയാനൊരുങ്ങുന്നു. ജനുവരി ട്രാൻസ്ഫറുമായി ബന്ധപ്പെട്ടതല്ലെങ്കിലും മാഡ്രിഡിൽ നിന്ന് ചൂടേറിയ വാർത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവരുന്നത്. 2027ൽ കരാർ അവസാനിക്കുന്ന ബ്രസീലിയൻ താരം ക്ലബിനൊപ്പം തുടരില്ലെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങളെല്ലാം ഒരേസ്വരത്തിൽ പറയുന്നത്. പരിശീലകൻ സാബി അലോൺസോയുമായുള്ള മോശം ബന്ധമാണ് താരത്തിന്റെ നീക്കത്തിന് പിന്നലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം അവസാനം വിനീഷ്യസ് റയൽ പ്രസിഡന്റ് ഫ്ളോറന്റീന പെരസുമായി നടത്തിയ ചർച്ചയിലാണ് കരാർ പുതുക്കില്ലെന്ന കാര്യം പങ്കുവെച്ചത്. ബാഴ്സലോണക്കെതിരായ എൽക്ലാസികോ മത്സരത്തിൽ തന്നെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിനെതിരെ താരം പരസ്യമായി പ്രതികരിച്ചിരുന്നു. മത്സരശേഷം സംഭവത്തിൽ 25 കാരൻ ക്ഷമാപണം നടത്തിയെങ്കിലും വിവാദം കെട്ടടങ്ങിയില്ലെന്നാണ് തുടർ സംഭവങ്ങൾ വിരൽചൂണ്ടുന്നത്. നിലവിൽ എൽക്ലാസികോയടക്കം ജയിച്ച് റയൽ ലാലിഗ പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനത്താണെങ്കിലും ചാമ്പ്യൻസ് ലീഗും ലാലിഗയും ചൂടുപിടിക്കുന്നതോടെ ക്രിസ്മസിന് ശേഷം സെക്കന്റ്ഹാഫ് ഒട്ടും എളുപ്പമാകില്ല. ലീഗിലെ അവസാന മത്സരത്തിൽ എൽചെ മുൻ ചാമ്പ്യൻമാരെ സമനിലയിൽ തളച്ചിരുന്നു. ചാമ്പ്യൻസ് ലീഗിലും നാല് മാച്ചിനിടെ ഒരു തോൽവിയും വഴങ്ങി. ഇതോടെ പ്രതിരോധം ശക്തിപ്പെടുത്താനായി എക്സ്പീരിയൻസ് താരത്തെ കൂടാരത്തിലെത്തിക്കാനാണ് റയൽ പദ്ധതിയിടുന്നത്. ഉപമെക്കാനോ, ഇബ്രാഹിമ കൊണാട്ടെ, മാർക്ക് ഗുയെ എന്നിവരാണ് ക്ലബിന്റെ റഡാറിലുള്ള താരങ്ങൾ. ഇതോടൊപ്പം റയലിന്റെ സ്പാനിഷ് സ്ട്രൈക്കർ ഗോൺസാലോ ഗാർഷ്യയെ ലോണിൽ എത്തിക്കാൻ ആസ്റ്റൺവില്ലയും ബ്രൈട്ടനും ശ്രമമാരംഭിച്ചിട്ടുണ്ട്. 19 കാരൻ എൻഡ്രികിന്റെ ഒളിംപിക് ലിയോണിലേക്കുള്ള ലോൺ ഡീലും ജനുവരി ട്രാൻസ്ഫറിൽ യാഥാർത്ഥ്യമായേക്കും
പതിവിൽ നിന്നും വ്യത്യസ്തമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചില സൂചനകൾ നൽകിയ സീസണാണിത്. ചെൽസിയേയും ലിവർപൂളിനേയുമെല്ലാം വീഴ്ത്തി ഡ്രീം സ്റ്റാർട്ടാണ് അവർക്ക് ലഭിച്ചത്. റൂബെൻ അമോറിമിന് കീഴിൽ ബാക് ടു ബാക് വിജയവും സ്വന്തമാക്കി. എന്നാൽ പ്രീമിയർ ലീഗിൽ സ്ഥിരത പുലർത്താൻ മുൻ ചാമ്പ്യൻമാർക്ക് പലപ്പോഴുമായില്ല. ഏറ്റവുമൊടുവിൽ എവർട്ടനും മുന്നിലും വീണു. ഇതോടെ അമോറിമിന്റെ അറ്റാക്കിങ് ശൈലിയിൽ കൂടുതൽ മൂർച്ച കൂട്ടാൻ ജനുവരി ട്രാൻസ്ഫറിൽ സുപ്രധാന നീക്കത്തിനാണ് യുണൈറ്റഡ് ഒരുങ്ങുന്നത്. ബോൺമൗത്ത് വിംഗർ അന്റോയിൻ സെമന്യോയെ എത്തിക്കാനാണ് ക്ലബ് ശ്രമമാരംഭിച്ചത്. ഈ സീസണിൽ ഇതുവരെ ആറു ഗോളും മൂന്ന് അസിസ്റ്റുമായി മിന്നും ഫോമിലാണ് 25 കാരൻ ഖാന ഫോർവേഡ്. എന്നാൽ യുവതാരത്തെ ഓൾഡ് ട്രഫോർഡിലെത്തിക്കുകയെന്നത് അത്ര എളുപ്പമാകില്ല. 65 മില്യണാണ് സെമന്യോക്ക് ബോൺമൗത്ത് വിലയിട്ടത്.ഇതിനകം സമ്മർട്രാൻസ്ഫറിൽ വലിയതുക ചെലവഴിച്ച യുണൈറ്റഡ് ജനുവരിയിലും സമാനമായൊരു നീക്കത്തിനൊരുങ്ങുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ജനുവരി ട്രാൻസ്ഫറിൽ ഉയർന്നുകേൾക്കുന്ന മറ്റൊരു പേര് ബ്രസീലിയൻ ഡിഫൻഡർ മുറീല്യോയുടേതാണ്. നോട്ടിങ്ഹാം ഫോറസ്റ്റിന്റെ 23 കാരൻ പ്രതിരോധ താരത്തിനായി ചെൽസിയാണ് പ്രധാനമായും രംഗത്തുള്ളത്. ലെവി കോൾവില്ലിന്റെ പരിക്കും പ്രതിരോധത്തിലെ സ്ഥിരതയില്ലായ്മയും ബ്ലൂസിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ഇതോടെ പ്രതിരോധത്തിലെ ശക്തികൂട്ടാനാണ് ജനുവരിയിൽ ഇംഗ്ലീഷ് ക്ലബിന്റെ പ്ലാൻ. ആർസനലും ബാഴ്സലോണയുമെല്ലാം മുറീല്യോക്കായി രംത്തുണ്ട്. നിലവിൽ പ്രീമിയർ ലീഗിൽ മിന്നും പ്രകടനം നടത്തുന്ന താരത്തെ ചുളുവിലക്ക് ക്ലബ് കൈമാറില്ലെന്ന കാര്യവും ഉറപ്പാണ്. 80-90 മില്യണിന്റെ വലിയ ട്രാൻസ്ഫർ തുക തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാനം കളിച്ച ലിവർപൂളിനെതിരായ മത്സരത്തിൽ നിർണായക ഗോൾ സ്‌കോർ ചെയ്തതും മുറീല്യോയായിരുന്നു. ലിവർപൂൾ താരം ഫെഡറികോ കിയേസക്കായി ഇറ്റാലിയൻ ക്ലബുകളായ ഇന്റർമിലാൻ, നപ്പോളി, എഎസ് റോമയക്കം രംഗത്തെത്തിയതായും ട്രാൻസ്ഫർ വാർത്തയുണ്ട്.