എതിരാളികളില്ലാതെ ജിയാനി; വീണ്ടും ഫിഫ തലവൻ

തുടർച്ചയായി മൂന്നാം തവണയാണ് അന്താരാഷ്ട്ര ഫുട്‌ബോൾ അസോസിയേഷൻ അധ്യക്ഷനായി ജിയാനി തെരഞ്ഞെടുക്കപ്പെടുന്നത്

Update: 2023-03-16 12:09 GMT
Editor : Shaheer | By : Web Desk
Advertising

കിഗാലി: ഖത്തർ ലോകകപ്പ് വിജയത്തിനു പിന്നാലെ തുടർച്ചയായി മൂന്നാം തവണയും അന്താരാഷ്ട്ര ഫുട്‌ബോൾ അസോസിയേഷൻ തലപ്പത്ത് ജിയാനി ഇൻഫാന്റിനോ. എതിരില്ലാതെയാണ് ജിയാനിയെ വീണ്ടും ഫിഫ അധ്യക്ഷനായി തെരഞ്ഞെടുത്തത്. റുവാണ്ടൻ തലസ്ഥാനമായ കിഗാലിയിൽ നടന്ന 73-ാം ഫിഫ കോൺഗ്രസിലാണ് പ്രഖ്യാപനം.

2016ലാണ് സെപ് ബ്ലാറ്ററുടെ പിൻഗാമിയായി ജിയാനി ഇൻഫാന്റിനോ ഫിഫ പ്രസിഡന്റാകുന്നത്. 2019ൽ അദ്ദേഹം വീണ്ടും സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യു.എസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പ് വരെ ജിയാനി സ്ഥാനത്ത് തുടരും.

ഫിഫയുടെ വരുമാനത്തിൽ റെക്കോർഡ് കുറിക്കുമെന്നാണ് സ്ഥാനമേറ്റെടുത്ത് നടത്തിയ പ്രസംഗത്തിൽ ജിയാനി നടത്തിയ പ്രഖ്യാപനം. 'ഇതു വലിയ അംഗീകാരവും ബഹുമതിയുമാണ്. വലിയ ഉത്തരവാദിത്തം കൂടിയാണത്. എന്നെ വെറുക്കുന്ന ഒരുപാടുപേരുണ്ടെന്ന് അറിയാം. അവർക്കും എന്നെ സ്‌നേഹിക്കുന്നവർക്കുമെല്ലാം എന്റെ സ്‌നേഹം.'-ജിയാനി ഇൻഫാന്റിനോ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

താൻ ചുമതലയേൽക്കുമ്പോൾ ഒരു ബില്യൻ ഡോളറായിരുന്നു ഫിഫയുടെ കരുതൽശേഖരം. ഇപ്പോഴത് നാല് ബില്യൻ ഡോളറാണ്. ഇതോടൊപ്പം വരുമാനം 7.5 ബില്യൻ ഡോളറായും ഉയർന്നതായി ജിയാനി ഇൻഫാന്റിനോ ചൂണ്ടിക്കാട്ടി.

Summary: Gianni Infantino re-elected as FIFA president unopposed

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News