സ്പെയിന്‍ പുറത്തായാല്‍ ആര് കപ്പടിക്കും? ലൂയിസ് എന്‍ഡ്രിക്കെയുടെ മറുപടി ഇങ്ങനെ

''സ്പെയിന്‍ ലോകകപ്പ് നേടിയില്ലെങ്കില്‍ ആ രണ്ട് ടീമുകളില്‍ ഒന്ന് കപ്പില്‍ മുത്തമിടട്ടെ''

Update: 2022-11-19 10:41 GMT
Advertising

ദോഹ: കാല്‍പ്പന്തു കളിയുടെ വിശ്വമാമാങ്കത്തിന് പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പിനൊരുങ്ങുന്ന മുഴുവന്‍ ടീമുകളും അവസാന വട്ട തയ്യാറെടുപ്പുകളിലാണ്.  

പന്തനക്കത്തിന്‍റെ തൊട്ടു തലേന്നായ ഇന്ന് ബ്രസീലും പോര്‍ച്ചുഗലുമുള്‍പ്പെടെ നാല് ടീമുകള്‍ കൂടി ദോഹയിലെത്തും. ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകളില്‍ ഒരു ടീമായ സ്പെയിന്‍ കഴിഞ്ഞ ദിവസമാണ് ഖത്തറിലെത്തിയത്. ഇപ്പോള്‍ തങ്ങളുടെ ലോകകപ്പ് പ്രതീക്ഷകള്‍ പങ്കുവക്കുകയാണ് സ്പാനിഷ് കോച്ച് ലൂയിസ് എന്‍ഡ്രിക്കെ. ലോകകപ്പില്‍ തങ്ങള്‍ക്ക് കിരീടം നേടാനായില്ലെങ്കില്‍ അര്‍ജന്‍റീന കിരീടമുയര്‍ത്തണമെന്നാണ് ആഗ്രഹമെന്ന് എന്‍ഡ്രിക്കെ പ്രതികരിച്ചു. 

''സ്പെയിന്‍ ലോകകപ്പ് നേടിയില്ലെങ്കില്‍ അര്‍ജന്‍റീന ലോകകപ്പ് നേടണമെന്നാണ് എന്‍റെ ആഗ്രഹം. മെസിയെ പോലൊരു ലോകോത്തര കളിക്കാരന്‍ ലോകകപ്പില്ലാതെ വിരമിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. ലൂയിസ് സുവാരസ് നയിക്കുന്ന ഉറുഗ്വെയുടെ കാര്യത്തിലും അങ്ങനെ തന്നെ''- എന്‍ഡ്രിക്കെ പറഞ്ഞു.

2014 മുതല്‍ 2017 വരെയുള്ള സീസണുകളില്‍ എന്‍ഡ്രിക്കെ ബാഴ്സലോണയുടെ പരിശീലകനായിരുന്ന കാലത്ത് മെസ്സിയും സുവാരസും കറ്റാലന്മാരുടെ കുന്തമുനകളായിരുന്നു. 

തങ്ങളുടെ എക്കാലത്തേയും മികച്ച ഡിഫന്‍റര്‍മാരില്‍ ഒരാളായ സെർജിയോ റാമോസില്ലാതെയാണ് ഇക്കുറി സ്പെയിന്‍  ലോകകപ്പിനിറങ്ങുന്നത്. പെഡ്രി, ഗാവി, ആദ്യ പ്രധാന ടൂർണമെൻറിനിറങ്ങുന്ന ഫോർവേഡ് അൻസു ഫാത്തി തുടങ്ങി വലിയൊരു യുവനിരയെയാണ് എന്‍ഡ്രിക്വെ ഇക്കുറി പോരിനിറക്കുന്നത്.

ഉനയ് സിമോൺ, റോബർട്ട് സാഞ്ചസ്, ഡേവിഡ് റയ എന്നിവരാണ് ഗോൾകീപ്പർമാർ. ഇക്കൂട്ടത്തിൽ സിമോണാണ് പ്രധാനി. ഡാനി കാർവഹാൽ, സീസർ അസ്പിലിക്കേറ്റ, എറിക് ഗാർഷ്യ, ടോറസ്, ഹ്യഗോ ഗലിമൻ, ലപോർട്ട, ജോർദി ആൽബ, ജോസ് ഗയ എന്നിവരാണ് പ്രതിരോധ നിരയില്‍. 

ബാഴ്‌സലോണയുടെ 'എൻജിനായ' സെർജിയോ ബുസ്‌ക്വറ്റ്‌സ്, റോഡ്രി, ഗാവി, കാർലോസ് സോളെർ, മാർക്കോസ് ലോറന്‍റെ, പെഡ്രി, കൊകെ എന്നിവർ മധ്യനിരയിലുണ്ടാവും. യെറേമി പിനോ, ഫെറാൻ ടോറസ്, നികോ വില്യംസ്, അൽവാരോ മൊറാട്ട, മാർകോ അസൻസ്യോ, പാബ്ലോ സെറാബിയ, ഡാനി ഒൽമോ, അൻസു ഫാറ്റി എന്നിവരാണ് മുന്നേറ്റനിരയിൽ അണിനിരക്കുക.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News