ഗോകുലത്തിന് ഇഞ്ചുറി; അവസാന മിനിറ്റ് ഗോളിൽ മുഹമ്മദൻസിന് ജയം

സീസണിലെ നാലാം തോൽവിയാണ് ടീം വഴങ്ങിയത്

Update: 2024-03-03 16:24 GMT
Editor : Sharafudheen TK | By : Web Desk

കോഴിക്കോട്: ഇഞ്ചുറി സമയത്തെ അവസാന മിനിറ്റിൽ കളി കൈവിട്ട് ഗോകുലം. മുഹമ്മദൻസ് എസ്.സിയാണ് മലബാറിയൻസിനെ (3-2) കീഴടക്കിയത്. 90+7ാം മിനിറ്റിൽ ഡേവിഡ് ലാൽഹാൽസൻഗയാണ് സന്ദർശകർക്ക് ആവേശ വിജയമൊരുക്കിയത്. സ്വന്തം തട്ടകമായ കോർപറേഷൻ സ്റ്റേഡിയത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ മലബാറിയൻസ് അവസാന മിനിറ്റിൽ വരുത്തിയ പിഴവിലാണ് സീസണിലെ നാലാം തോൽവി വഴങ്ങിയത്.ജയത്തോടെ കിരീടപ്രതീക്ഷ നിലനിർത്തി മുഹമ്മദൻസ് 17 മാച്ചിൽ 38 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 32 പോയന്റുമായി ഗോകുലം മൂന്നാമതാണ്.

Advertising
Advertising

16ാം മിനിറ്റിൽ സ്‌ട്രൈക്കർ എഡി ഹെർണാണ്ടസിലൂടെയാണ് കൊൽക്കത്തൻ ക്ലബ് മുന്നിലെത്തിയത്. 23ാം മിനിറ്റിൽ ലീഡ് ഉയർത്തി. ലാൽഹാൽസൻഗയുടെ അസിസ്റ്റിൽ അലക്‌സിസ് ഗോമസാണ് വലകുലുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ആതിഥേയരുടെ മറുപടി ഗോളെത്തി. സലാം രഞ്ജൻ സിങിന്റെ പാസിൽ മലയാളി താരം പിഎൻ നൗഫൽ(45+1) ലക്ഷ്യം കണ്ടു. മികച്ച പാസിംഗ് ഗെയിമിനൊടുവിൽ മലബാറിയൻസ് സമനില പിടിച്ചു.

65ാം മിനിറ്റിൽ മധ്യനിര താരം അഭിജിത്തിന്റെ പാസിൽ നിധിൻ കൃഷ്ണയാണ് മുഹമ്മദൻസ് വലചലിപ്പിച്ചത്. അവസാന മിനിറ്റുകളിൽ ഗോൾനേടാനായി ഇരുടീമുകളും ശ്രമംനടത്തിയെങ്കിലും ഗോൾ അകന്നുനിന്നു. കളിസമനിലയിലേക്കെന്ന് തോന്നിപ്പിച്ചയിടത്താണ് ഇഞ്ചുറി സമയത്തിന്റെ അവസാന മിനിറ്റിൽ കൊൽക്കത്തൻ ക്ലബ് വിജയഗോൾനേടി മത്സരം സീൽചെയ്തത്. ഗോകുലം ബോക്‌സിലേക്കെത്തിയ ലോങ്‌ബോൾ രക്ഷപ്പെടുത്തുന്നതിൽ പ്രതിരോധതാരങ്ങൾക്ക് പിഴച്ചു. സ്ഥാനംതെറ്റിനിന്നിരുന്ന ഗോൾകീപ്പർ അവിലാഷ് പോളിന്റെ മുകളിലൂടെ ക്ലിനിക്കൽ ഫിനിഷ്. മാർച്ച് 10ന് റിയൽ കാശ്മീരിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത ഹോം മത്സരം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News