കാഫ നേഷൻസ് കപ്പ്; ഇന്ത്യയ്ക്ക് പ്ലേഓഫ് യോഗ്യത, ഇറാൻ-തജികിസ്താൻ മത്സരം സമനിലയിൽ
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ തജികിസ്താനെ തോൽപ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്.
ഫിസോർ (തജികിസ്താൻ): കാഫ നേഷൻസ് കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ മൂന്നാം സ്ഥാനക്കാർക്കായുള്ള പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ച് ഇന്ത്യ. ഇന്ന് നടന്ന ഇറാനും തജ്കിസ്താനും തമ്മിലുള്ള അവസാന ലീഗ് മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് ഇന്ത്യയ്ക്ക് പ്ലേ ഓഫ് യോഗ്യത ലഭ്യമായത്. ഗ്രൂപ്പ് ബിയിൽ മൂന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യയ്ക്കും തജ്കിസ്താനും നാല് പോയിന്റ് വീതം നേടാനായി. ഒരു വിജയവും ഒരു തോൽവിയും സമനിലയുമാണ് ഇരുടീമുകളുടേയും നേട്ടം. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ തജ്കിസ്താനെ പരാജയപ്പെടുത്തിയതിനാൽ നീലപ്പടക്ക് പ്ലേ ഓഫ് കളിക്കാൻ അവസരമൊരുങ്ങി. നേരത്തെ അഫ്ഗാനെതിരെ സമനില നേടാനായതും ഇന്ത്യക്ക് ആശ്വാസമായി. മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.
ഇതോടെ ഇന്ത്യയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇറാനും തജ്കിസ്താൻ മത്സരം ആശ്രയിച്ചായി. തജ്കിസ്താൻ ഇറാനോട് പരാജയപ്പെടുകയോ സമനിലയിൽ പിരിയുകയോ ചെയ്താൽ ഇന്ത്യയ്ക്ക് യോഗ്യത നേടാൻ കഴിയുമായിരുന്നു. മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയും ചെയ്തു.
സെപ്തംബർ എട്ടിന് നടക്കുന്ന മൂന്നാം സ്ഥാനക്കാർക്കായുള്ള പ്ലേ ഓഫിൽ ഇന്ത്യയുടെ എതിരാളികളെ നാളെ അറിയാനാകും. നാളെ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരങ്ങളിൽ തുർക്ക്‌മെനിസ്താൻ ഒമാനേയും ഉസ്‌ബെകിസ്താൻ കിർഗിസ്താനെയും നേരിടും. ഖാലിദ് ജമീൽ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂർണമെന്റാണിത്. ഗ്രൂപ്പ് ബിയിൽ ആതിഥേയരായ തജ്കിസ്താനോട് ജയിച്ച് തുടങ്ങിയ ബ്ലൂസ് രണ്ടാംമാച്ചിൽ കരുത്തരായ ഇറാനോട് തോറ്റിരുന്നു. അവസാന മാച്ചിൽ അഫ്ഗാനോട് സമനിലവഴങ്ങിയതോടെ നാല് പോയന്റായി നേട്ടം.