രക്ഷകനായി ഗുർപ്രീത്; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം, 2-1
പരിശീലകനായി ഖാലിദ് ജമീൽ ചുമലയേറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്
ഹിസോർ (തജികിസ്താൻ): കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആതിഥേയരായ തജികിസ്താനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. 5ാം മിനിറ്റിൽ അൻവർ അലിയിലും 13ാം മിനിറ്റിൽ സന്ദേശ് ജിങ്കനും ഇന്ത്യക്കായി ഗോൾനേടി. 23ാം മിനിറ്റിൽ ഷഹ്‌റോം സമെയ്‌വിലൂടെ(23) തജികിസ്താൻ ഗോൾ മടക്കി. പെനാൽറ്റിയടക്കം തടുത്തിട്ട് മികച്ച സേവുകളുമായി ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു ഇന്ത്യയുടെ രക്ഷകനായി. മലയാളി താരം ഉവൈസ് ഇന്ത്യൻ ജഴ്‌സിയിൽ അരങ്ങേറി. പരിശീലകനായി ഖാലിദ് ജമീൽ ചുമലയേറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരം ജയത്തോടെ തുടങ്ങാനായത് ബ്ലൂ ടൈഗേഴ്‌സിന് വലിയ ആത്മവിശ്വാസമായി.
A 𝗪𝗜𝗡𝗡𝗜𝗡𝗚 𝗦𝗧𝗔𝗥𝗧 to #KhalidJamil’s tenure at the helm of @IndianFootball! 💪 #CAFANationsCup #IndianFootball #BlueTigers #BackTheBlue | @FanCode pic.twitter.com/RtDXCNJWbL
— Indian Super League (@IndSuperLeague) August 29, 2025
ആദ്യ 13 മിനിറ്റിൽ തന്നെ എതിർവലയിൽ രണ്ട് ഗോളുകൾ അടിച്ചുകയറ്റിയ സന്ദർശകർക്ക് സ്വപ്‌നതുടക്കമാണ് ലഭിച്ചത്. ആദ്യ പകുതിയിൽ മികച്ച അറ്റാക്കുകൾ നടത്തിയ ഇന്ത്യ രണ്ടാം പകുതിയിൽ ഗോൾവഴങ്ങാതിരിക്കാനാണ് ശ്രമിച്ചത്. പ്രതിരോധകോട്ട കെട്ടി ആതിഥേയരുടെ നീക്കങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു. ഇതിനിടെ തജികിസ്താൻ താരത്തെ ബോക്‌സിൽ വീഴ്ത്തിയതിന് നിർണായക പെനാൽറ്റി വിധിച്ചു. എന്നാൽ കൃത്യമായ സേവുമായി ഗോൾകീപ്പർ സന്ധു ഇന്ത്യയുടെ രക്ഷകനായി. കാഫ നേഷൻസ് കപ്പിൽ ഇറാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം