സ്വന്തം തട്ടകത്തിൽ വിജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു; കളി കാണാൻ ലൂണയും

മുന്നേറ്റത്തിൽ ക്യാപ്റ്റൻ ദിമിത്രി ദയമന്റകോസിലാണ് മലയാളി ക്ലബിന്റെ പ്രതീക്ഷ.

Update: 2024-02-12 08:19 GMT
Editor : Sharafudheen TK | By : Web Desk
Advertising

കൊച്ചി: വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നു. ഐഎസ്എല്ലിലെ തുടക്കകാരായ പഞ്ചാബ് എഫ്.സിയാണ് എതിരാളികൾ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. കഴിഞ്ഞ എവേ മത്സരത്തിൽ ഒഡീഷ എഫ്.സിയോട് 2-1 പരാജയപ്പെട്ട മഞ്ഞപ്പട നിലവിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്. പഞ്ചാബിനെ കീഴടക്കിയാൽ രണ്ടാം സ്ഥാനത്തേക്കെത്താനാകും. നീണ്ട അവധിക്ക് ശേഷം സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യ അങ്കത്തിനാണ് ടീം ഇറങ്ങുന്നത്. സൂപ്പർ കപ്പിൽ ജംഷഡ്പൂർ എഫ്.സിയോടും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും കീഴടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് അവസാനം കളിച്ച നാലിൽ മൂന്നിലും തോറ്റിരുന്നു.

അതേസമയം, ഒഡീഷക്കെതിരെ ഇറങ്ങിയ ടീമിൽ വലിയ പരീക്ഷണങ്ങൾക്ക് പരിശീലകൻ ഇവാൻ വുകമനോവിച് ശ്രമിച്ചേക്കില്ല. മുന്നേറ്റത്തിൽ ക്യാപ്റ്റൻ ദിമിത്രി ദയമന്റകോസിലാണ് മലയാളി ക്ലബിന്റെ പ്രതീക്ഷ. സസ്പെൻഷൻ കഴിഞ്ഞെത്തുന്ന മലയാളി സ്ട്രൈക്കർ കെ പി രാഹുൽ പഞ്ചാബിനെതിരെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചെക്കും. ലൂണയ്ക്ക് പകരക്കാരനായി ടീമിലെത്തിയ ലിത്വാനിയ ദേശീയ ടീം നായകനും സ്ട്രൈക്കറുമായ ഫെഡോർ സെർനിച്ചിനെ സ്റ്റാർട്ടിങ് ഇലവനിൽ ഇറക്കിയേക്കും. ഒഡീഷക്കെതിരെ പകരക്കാരനായി താരം കളത്തിലെത്തിയിരുന്നു.

ഇനി ഒൻപത് മത്സരങ്ങളാണ് സീസണിൽ ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നത്. ഇതിൽ നാല് ഹോം മാച്ചും അഞ്ച് എവേ മാച്ചുകളുമാണ്. ഐഎസ്എലിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്ന് മത്സരം കാണാൻ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലുണ്ടാകുമെന്ന് പരിശീലകൻ അറിയിച്ചു. ടീമിലേക്ക് പുതുതായെത്തിയ ഫെഡോർ സെർനിച്ചിനെ ആരാധകർക്ക് മുന്നിൽ ഇന്ന് അവതരിപ്പിക്കും.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News