യു.എസ്സിന് മുമ്പിൽ ഇംഗ്ലണ്ടിന് മുട്ടുവിറയ്ക്കുന്നത് മൂന്നാം തവണ

ഇന്ന് ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ അവസരമാണ്‌ അമേരിക്കൻസ് തടഞ്ഞത്

Update: 2022-11-25 22:13 GMT

ഇറാനെതിരെ ആറു ഗോളുകൾ അടിച്ചുകയറ്റിയ ഇംഗ്ലണ്ടായിരുന്നോയിതെന്ന് യു.എസ്.എക്കെതിരെയുള്ള മത്സരം കണ്ടവരൊന്ന് സംശയിക്കും. എന്നാൽ അതേ ഇലവനെ ഇറക്കിയിട്ടും ഗോൾ കണ്ടെത്തിയില്ലെന്ന് മാത്രമല്ല. ആർത്തലച്ചുവന്ന യു.എസ് മുന്നേറ്റങ്ങൾക്ക് തങ്ങളുടെ ഗോൾമുഖം വിട്ടുകൊടുക്കേണ്ടിയും വന്നു. 1950 ലെ പരാജയത്തിനും 2010ലെ 1-1 സമനിലക്കും ശേഷം വീണ്ടുമൊരിക്കൽ കൂടി യു.എസ് ഇംഗ്ലണ്ടിനെ മെരുക്കി നിർത്തിയിരിക്കുന്നു ഇക്കുറി. ഇന്ന് ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ അവസരമാണ്‌ അമേരിക്കൻസ് തടഞ്ഞത്. ഇനി നവംബർ 29ന് വെയിൽസിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനിലയെങ്കിലും നേടണം. വിജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. എന്നാൽ ഇറാനെതിരെയും ഇംഗ്ലണ്ടിനെതിരെയും സമനിലയിൽ പിരിഞ്ഞ യു.എസ്സിന് നവംബർ 29ന് ഇറാനെതിരെ ജയിക്കണം.

Advertising
Advertising

മാലപ്പടക്കം പോലെയുള്ള മുന്നേറ്റങ്ങളും തട്ടിത്തെറിപ്പിക്കും വിധത്തിലുള്ള പ്രതിരോധവും കൊണ്ട് ഖത്തർ ലോകകപ്പ് കണ്ട മികച്ച പോരാട്ടങ്ങളിലൊന്നായിരുന്നു ഇന്ന് നടന്ന ഇംഗ്ലണ്ട്- യു.എസ്.എ മത്സരം. ഗ്രൂപ്പ് ബിയിൽ ഇന്ന് രാത്രി അൽബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഗോളൊന്നും നേടിയില്ല. മത്സരത്തിന്റെ ആദ്യ പകുതി മുതൽ ഇരുടീമുകളും നിരവധി അവസരങ്ങളുണ്ടാക്കിയെടുത്തുവെങ്കിലും ഗോളിലെത്തിക്കാനായില്ല. ഇറാനെ തകർത്തുവിട്ട ടീമുമായിറങ്ങിയ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് യു.എസ് താരങ്ങൾ പുറത്തെടുത്തത്. രണ്ടാം പകുതിയൽ തുടർ ആക്രമണങ്ങൾ തന്നെ നടത്തി. ഇംഗ്ലീഷ് താരങ്ങളും ഗോൾദാഹം തീർക്കാൻ കിണഞ്ഞുശ്രമിച്ചു. പക്ഷേ ഗോൾ വല കുലുക്കാൻ ആർക്കുമായില്ല. 58, 59, 60 മിനുട്ടുകളിലായി യു.എസ്സിന് തുടർ പെനാൽട്ടികൾ ലഭിച്ചെങ്കിലും ഇംഗ്ലീഷ് പ്രതിരോധ നിര നിറയൊഴിക്കാൻ സമ്മതിച്ചില്ല.

യു.എസ് പത്തും ഇംഗ്ലണ്ട് എട്ടും ഷോട്ടുതിർത്തപ്പോൾ അമേരിക്കക്കാർക്ക് ഒന്നും ഇംഗ്ലീഷുകാർക്ക് മൂന്നെണ്ണവുമാണ് ടാർഗറ്റിലെത്തിക്കാനായത്. ആദ്യ പകുതിയിൽ 62 ശതമാനം സമയവും പന്ത് കൈവശം വെച്ചത് ഇംഗ്ലീഷുകാരാണ്. 86 ശതമാനം പാസിംഗ് കൃത്യതയും ടീമിനുണ്ടായിരുന്നു. പക്ഷേ ഗോൾ നേടാൻ മാത്രം കഴിഞ്ഞില്ല. 38 ശതമാനം സമയമാണ് യു.എസ് കളി നിയന്ത്രിച്ചത്. രണ്ടു കോർണറുകൾ ഇരുടീമിനും ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 86ാം മിനുട്ടിൽ റാഷ്ഫോഡിന് അനായാസം ഷോട്ടുതിർക്കാൻ അവസരം ലഭിച്ചെങ്കിലും യു.എസ് ഗോളി പന്ത് കൈപ്പിടിയിലാക്കി. രണ്ടാം പകുതിയിലെ അധിക സമയത്തിലെ ആദ്യ മിനുട്ടിൽ ലഭിച്ച കോർണറും ഫലപ്രദമാക്കാൻ ഇംഗ്ലണ്ടുകാർക്ക് കഴിഞ്ഞില്ല. 92ാം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിൽ ഗോൾപോസ്റ്റിന് മുമ്പിൽ വെച്ച് ക്യാപ്റ്റൻ ഹാരികെയ്ൻ ഹെഡ്ഡ് ചെയ്തെങ്കിലും പുറത്തേക്കാണ് പന്ത് പോയത്.

കളി അവസാനിക്കുമ്പോൾ പന്തടക്കത്തിന്റെ 56 ശതമാനം ഇംഗ്ലണ്ടിന്റെ കയ്യിലും 44 ശതമാനം യുഎസ്സിന്റെ കൈവശവുമായിരുന്നു. യു.എസ് 15 ഫൗളുകളും ഇംഗ്ലണ്ട് ഒമ്പത് ഫൗളുകളുമാണ് ചെയ്തത്. യു.എസ്സിന് ഏഴു കോർണറുകൾ കിട്ടിയെങ്കിലും ഗോളടിക്കാനായില്ല. മൂന്നു കോർണറുകളാണ് ഹാരി കെയ്നിന്റെ സംഘത്തിന് കിട്ടിയത്. യു.എസ്.എ കഴിഞ്ഞ അവസാന നാല് ലോകകപ്പ് മത്സരങ്ങളിലും ആദ്യ പകുതിയിൽ ഗോൾ വഴങ്ങിയിട്ടില്ല. അവസാന എട്ടു ലോകകപ്പ് മത്സരങ്ങിൽ ആദ്യ പകുതിക്ക് മുമ്പ് രണ്ടു ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.

ഇംഗ്ലണ്ട്: (4-3-3)

ജോർദാൻ പിക്ഫോർഡ്, ലൂക് ഷാ, ജോൺ സ്റ്റോൺസ്, ഹാരി മഗൈ്വർ, കീരൺ ട്രിപ്പിയർ, ഡെക്ലാൻ റൈസ്, മാസൺ മൗണ്ട്, ജൂഡ് ബെല്ലിങ്ഹാം, ഹാരി കെയ്ൻ(ക്യാപ്റ്റൻ), റഹീം സ്റ്റർലിങ്, ബുകായോ സാകാ. കോച്ച്: ഗാരേത് സൗത്ഗേറ്റ്.

യു.എസ്.എ: (4-3-3)

മാറ്റ് ടർണർ, സെർജിനോ ഡെസ്റ്റ്, വാൾക്കർ സിമ്മെർമാൻ, ആൻറണീ റോബിൻസൺ, ടിം റീം, ടൈലർ ആദംസ്(ക്യാപ്റ്റൻ), യൂനുസ് മൂസ, വെസ്റ്റൺ മകന്നീ, ക്രിസ്റ്റിയൻ പുലിസിച്, ഹാജി റൈറ്റ്, ടിം വീഹ്. കോച്ച്: ഗ്രേഗ് ബെർഹാൽട്ടർ. ഇരു ടീമുകളും മുഖാമുഖം നിന്ന 11 തവണയിൽ എട്ടും ജയിച്ചത് ഇംഗ്ലണ്ടാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News