മിന്നലായി ബെൻസേമ: ചെൽസിക്കെതിരെ ആദ്യപാദം സ്വന്തമാക്കി റയൽമാഡ്രിഡ്‌

കരീം ബെൻസേമയുടെ ഹാട്രിക്ക് മികവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ ജയിച്ചത്.

Update: 2022-04-07 01:21 GMT
Editor : rishad | By : Web Desk
Advertising

ലണ്ടന്‍: ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടറിൽ ചെൽസിയെ തകർത്ത് റയൽമാഡ്രിഡ്. കരീം ബെൻസേമയുടെ ഹാട്രിക്ക് മികവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ ജയിച്ചത്. മറ്റൊരു മത്സരത്തിൽ വിയ്യാറയൽ ബയേൺ മ്യൂണിക്കിനെ ഒരു ഗോളിന് തോൽപ്പിച്ചു.

21, 24, 46 മിനുറ്റുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. ചെൽസിയുടെ സ്റ്റംഫോഡ് ബ്രിഡ്ജിൽ ഉയർന്നത് റയൽമാഡ്രിഡിന്റെ തൂവെള്ളക്കൊടി. റയലിന്റെ വിശ്വസ്ഥനായ ബെൻസേമ തന്നെ ചെൽസിക്ക് മേൽ മിന്നലായി പതിച്ചു. ആദ്യം വിനീഷ്യസ് ജ്യൂനിയറിന്റെ പാസിൽ തലകൊണ്ട് ചെത്തിവിട്ട സൂപ്പർ ഗോൾ.

രണ്ട് മിനുറ്റിനപ്പുറം പാസ് നൽകിയ ആളും പോസ്റ്റിന്റെ മൂലയും മാറിയെന്ന് മാത്രം. ബെൻസേമ ലീഡുയർത്തി. നാൽപതാം മിനുറ്റില്‍ ഹാവേർട്ട്സ് ഒരു ഗോൾ മടക്കിയെങ്കിലും ചെല്‍സിക്ക് അതുപോരായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാട്രിക്ക് നേടി ബെൻസേമ റയലിന്റെ വിജയം ഉറപ്പിച്ചു. തുടർച്ചയായ രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലാണ് ബെൻസേമയുടെ ഹാട്രിക്ക്. അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പി എസ് ജിക്ക് എതിരെയും ബെൻസേമ ഹാട്രിക് നേടിയിരുന്നു. ഇനി അടുത്ത ആഴ്ച മാഡ്രിഡിൽ ചെന്ന് അത്ഭുതങ്ങൾ കാണിച്ചാൽ മാത്രമെ നിലവിലെ ചാമ്പ്യന്മാരായ ചെൽസിക്ക് ഇനി സെമി ഫൈനൽ കാണാൻ ആകു. 

അതേസമയം കരുത്തരായ ബയേൺ മ്യൂണിക്ക് കനത്ത പ്രഹരമാണ് വിയ്യാറയൽ നൽകിയത്. എട്ടാം മിനിട്ടിലെ ഡാൻഷൂമയുടെ ഗോളിൽ വിയ്യാറയൽ ബയേണിനെ പൂട്ടുകയായിരുന്നു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News