'ഡബ്ൾ ഡയമന്റക്കോസ്' നോർത്ത് ഈസ്റ്റിനെതിരെ രണ്ടുഗോൾ വിജയം; ബ്ലാസ്റ്റേഴ്സ് മൂന്നാമത്

രണ്ട് മിനുട്ട് ഇടവേളയിൽ ഇരട്ട ഗോൾ നേടി ഡയമൻറക്കോസ്‌

Update: 2023-01-29 16:07 GMT
Advertising

ഐഎസ്എല്ലിൽ രണ്ടു മത്സരങ്ങളിലെ പരാജയത്തിന് ശേഷം വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി കൊമ്പന്മാർ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള നിർണായക മത്സരത്തിൽ രണ്ട് ഗോൾ വിജയയമാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. ദിമിത്രിയോസ് ഡയമൻറക്കോസ് ഇരുവട്ടം നോർത്ത് ഈസ്റ്റ് വല തുളച്ചതോടെയാണ് നിർണായക വിജയം ലഭിച്ചത്. 42ാം മിനുട്ടിലും 44ാം മിനുട്ടിലുമാണ് താരം വല കുലുക്കിയത്. ആദ്യം കിടിലൻ ഹെഡ്ഡറും രണ്ടാമത്തേത് അതിമനോഹര ഷോട്ടുമായിരുന്നു. ആദ്യത്തെ ഗോളിന് മിരാൻറ അസിസ്റ്റ് നൽകിയപ്പോൾ രണ്ടാമത്തേതിന് ലൂണയാണ് പിന്തുണയേകിയത്.

നേരത്തെ ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായിരുന്നില്ല. 27ാം മിനുട്ടിൽ അഡ്രിയാൻ ലൂണയ്ക്ക് ലഭിച്ച സുവർണാവസരം പുറത്തേക്കാണ് താരമടിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ബ്ലാസ്‌റ്റേഴ്‌സ് താരം ഡയമൻറക്കോസിനും 13ാം മിനുട്ടിൽ നോർത്ത് ഈസ്റ്റ് താരം കുലെക്കും ലഭിച്ച ഗോളവസരങ്ങൾ ഇരുവരും തുലച്ചു. ഗോൾപോസ്റ്റിൽ ഗോളി പോലുമില്ലാതിരിക്കെ മാർക്ക് ചെയ്യപ്പെടാതിരിക്കുമ്പോഴാണ് കുലെ ഗോളവസരം നഷ്ടപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ ഹോർമിപാമിന്റെ തകർപ്പൻ ഹെഡ്ഡർ നോർത്ത് ഈസ്റ്റ് ഗോളി അരിന്ദം ഭട്ടാചാര്യ തട്ടിയകറ്റി.

അതിനിടെ, ഡയമൻറക്കോസ്, ആരോൺ ഇവാൻസ്, അലക്‌സ് സാജി, ഗുർജീന്ദർ കുമാർ എന്നിവർ മഞ്ഞക്കാർഡ് കണ്ടു. മലയാളി താരം സഹൽ അബ്ദുസ്സമദ്, ഗോൾകീപ്പർ പ്രഭ്സുഖൻ സിംഗ് ഗിൽ എന്നിവർ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ ഇടംപിടിച്ചിട്ടില്ല. ഗില്ലിന് പകരം വെറ്ററൻ ഗോൾകീപ്പർ കരൺജിത്താണ് മഞ്ഞപ്പടയുടെ ഗോൾവല കാക്കുന്നത്. ഐ.എസ്.എല്ലിൽ താരത്തിന്റെ 50ാം മത്സരമാണിത്.

ആദ്യ ഇലവൻ: കരൺജിത്ത്, ഖബ്ര, ഹോർമിപാം, വിക്ടർ മോംഗിൽ, ജെസ്സൽ (ക്യാപ്റ്റൻ), ജീക്സൺ, ലൂണ, രാഹുൽ കെ.പി, ബ്രയ്സി, ജിയാന്നൗ, ദിമിത്രിയോസ് ഡയമൻറക്കോസ്.

ഐ.എസ്.എല്ലിലെ ഒമ്പതാം എഡിഷനായ ഇക്കുറി ആറു ടീമുകളാണ് പ്ലേ ഓഫിലെത്തുക. മുംബൈ സിറ്റി എഫ്.സിയും ഹൈദരാബാദ് എഫ്.സിയും റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. പോയിൻറ് പട്ടികയിൽ 42 പോയിൻറുമായി മുംബൈ ഒന്നാം സ്ഥാനത്തും 35 പോയിൻറുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തുമാണുള്ളത്.

മറ്റു ആറു ടീമുകൾ നാലും സ്പോട്ടുകളിലേക്ക് കടുത്ത പോരാട്ടം നടത്തുകയാണ്. എ.ടി.കെ മോഹൻ ബഗാൻ (27 പോയിൻറ്), എഫ്.സി ഗോവ(26 പോയിൻറ്), കേരളാ ബ്ലാസ്റ്റേഴ്സ് (28 പോയിൻറ്), ബംഗളൂരു എഫ്.സി (22 പോയിൻറ്), ഒഡിഷ എഫ്.സി (22 പോയിൻറ്), ചെന്നൈയിൻ എഫ്.സി (17 പോയിൻറ്) എന്നീ ടീമുകളാണ് അടുത്ത റൗണ്ടിലെത്താൻ മത്സരിക്കുന്നത്.

12 പോയിൻറുള്ള ഈസ്റ്റ് ബംഗാൾ ഒമ്പതാം സ്ഥാനത്തും 2021-22 സീസൺ ടേബിൾ ടോപ്പർമാരായ ജംഷഡ്പൂർ എഫ്.സി ഒമ്പത് പോയിൻറുമായി 10ാം സ്ഥാനത്തുമാണുള്ളത്. ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് അവസാന സ്ഥാനത്തുള്ളത്. 16 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഒരു കളിയിൽ മാത്രമാണ് ജയിച്ചത്. 14 മത്സരങ്ങളിലും തോറ്റു. 

Kerala Blasters lead by two goals against North East In Isl

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News