ഇൻസ്റ്റഗ്രാമിലെ ആരാധകരുടെ ഇൻററാക്ഷൻസ്‌; ഏഷ്യയിൽ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമത്

ഇന്ത്യോനേഷ്യൻ ക്ലബ് രണ്ടാം സ്ഥാനത്തും ഇറാൻ ക്ലബ് മൂന്നാം സ്ഥാനത്തും

Update: 2023-01-31 12:21 GMT

ഇൻസ്റ്റഗ്രാമിലെ ആരാധകരുടെ ഇൻററാക്ഷൻസിൽ 2022ൽ ഏഷ്യയിലെ ക്ലബുകൾക്കിടയിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമത്. കായിക രംഗവുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ നിരീക്ഷകരായ ഡിപോർടിസ് ആൻഡ് ഫിനാൻസാസാണ് ഇക്കാര്യം പുറത്തുവിട്ടത്ത്. ബ്ലാസ്‌റ്റേഴ്‌സ് അവരുടെ ട്വീറ്റ് പങ്കുവെച്ചിട്ടുമുണ്ട്. 206 മില്യൺ ഇൻററാക്ഷനാണ് ആകെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇൻസ്റ്റഗ്രാം പേജിൽ ആകെ നടന്നതെന്നും ഡിപോർടിസ് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്ററിൽ വ്യക്തമാക്കി.

Advertising
Advertising

202 മില്യൺ ഇൻററാക്ഷനുമായി ഇന്ത്യോനേഷ്യൻ ഫുട്‌ബോൾ ക്ലബായ പെർസിബാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇറാൻ ക്ലബായ ഇസ്തിഖ്‌ലാൽ എഫ്.സിയാണ് മൂന്നാമത്. 176 മില്യൺ ഇൻററാക്ഷനാണ് അവർക്കുള്ളത്.

ട്വിറ്ററിലും ഫേസ്ബുക്കിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകർ ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. മഞ്ഞപ്പടയെന്ന പേരിൽ സജീവ ആരാധകക്കൂട്ടവുമുണ്ട്. നിലവിൽ ഐഎസ്എല്ലിൽ രണ്ടു മത്സരങ്ങളിലെ പരാജയത്തിന് ശേഷം വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് കൊമ്പന്മാർ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള നിർണായക മത്സരത്തിൽ രണ്ട് ഗോൾ വിജയയമാണ് കേരളാ ബ്ലാസ്റ്റേഴ്സ് നേടിയത്. ദിമിത്രിയോസ് ഡയമൻറക്കോസ് ഇരുവട്ടം നോർത്ത് ഈസ്റ്റ് വല തുളച്ചതോടെയാണ് നിർണായക വിജയം ലഭിച്ചത്. 42ാം മിനുട്ടിലും 44ാം മിനുട്ടിലുമാണ് താരം വല കുലുക്കിയത്. ആദ്യം കിടിലൻ ഹെഡ്ഡറും രണ്ടാമത്തേത് അതിമനോഹര ഷോട്ടുമായിരുന്നു. ആദ്യത്തെ ഗോളിന് മിരാൻറ അസിസ്റ്റ് നൽകിയപ്പോൾ രണ്ടാമത്തേതിന് ലൂണയാണ് പിന്തുണയേകിയത്.

നേരത്തെ ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായിരുന്നില്ല. 27ാം മിനുട്ടിൽ അഡ്രിയാൻ ലൂണയ്ക്ക് ലഭിച്ച സുവർണാവസരം പുറത്തേക്കാണ് താരമടിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് താരം ഡയമൻറക്കോസിനും 13ാം മിനുട്ടിൽ നോർത്ത് ഈസ്റ്റ് താരം കുലെക്കും ലഭിച്ച ഗോളവസരങ്ങൾ ഇരുവരും തുലച്ചു. ഗോൾപോസ്റ്റിൽ ഗോളി പോലുമില്ലാതിരിക്കെ മാർക്ക് ചെയ്യപ്പെടാതിരിക്കുമ്പോഴാണ് കുലെ ഗോളവസരം നഷ്ടപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ ഹോർമിപാമിന്റെ തകർപ്പൻ ഹെഡ്ഡർ നോർത്ത് ഈസ്റ്റ് ഗോളി അരിന്ദം ഭട്ടാചാര്യ തട്ടിയകറ്റി.

Full View

പ്ലേ ഓഫിലെത്തുക ആറു ടീമുകൾ

ഐ.എസ്.എല്ലിലെ ഒമ്പതാം എഡിഷനായ ഇക്കുറി ആറു ടീമുകളാണ് പ്ലേ ഓഫിലെത്തുക. മുംബൈ സിറ്റി എഫ്.സിയും ഹൈദരാബാദ് എഫ്.സിയും റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. പോയിൻറ് പട്ടികയിൽ 42 പോയിൻറുമായി മുംബൈ ഒന്നാം സ്ഥാനത്തും 35 പോയിൻറുമായി ഹൈദരാബാദ് രണ്ടാം സ്ഥാനത്തുമാണുള്ളത്.

മറ്റു ആറു ടീമുകൾ നാലും സ്‌പോട്ടുകളിലേക്ക് കടുത്ത പോരാട്ടം നടത്തുകയാണ്. എ.ടി.കെ മോഹൻ ബഗാൻ (27 പോയിൻറ്), എഫ്.സി ഗോവ(26 പോയിൻറ്), കേരളാ ബ്ലാസ്റ്റേഴ്‌സ് (28 പോയിൻറ്), ബംഗളൂരു എഫ്.സി (22 പോയിൻറ്), ഒഡിഷ എഫ്.സി (22 പോയിൻറ്), ചെന്നൈയിൻ എഫ്.സി (17 പോയിൻറ്) എന്നീ ടീമുകളാണ് അടുത്ത റൗണ്ടിലെത്താൻ മത്സരിക്കുന്നത്.

12 പോയിൻറുള്ള ഈസ്റ്റ് ബംഗാൾ ഒമ്പതാം സ്ഥാനത്തും 2021-22 സീസൺ ടേബിൾ ടോപ്പർമാരായ ജംഷഡ്പൂർ എഫ്.സി ഒമ്പത് പോയിൻറുമായി 10ാം സ്ഥാനത്തുമാണുള്ളത്. ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് അവസാന സ്ഥാനത്തുള്ളത്. 16 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഒരു കളിയിൽ മാത്രമാണ് ജയിച്ചത്. 14 മത്സരങ്ങളിലും തോറ്റു.

Kerala Blasters tops club in Asia in fan support on Instagram in 2022

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News